ADVERTISEMENT

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ യുക്രെയ്ൻ വിമാനത്തിൽ രണ്ട് മിസൈലുകൾ പതിച്ച ദുരന്ത നിമിഷങ്ങൾ കാണിക്കുന്ന പുതിയ വിഡിയോ പുറത്തുവന്നു. ഇറാൻ വ്യോമസേനയ്ക്ക് സംഭവിച്ച അബദ്ധത്തിൽ വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു. ന്യൂയോർക്ക് ടൈംസാണ് പുതിയ വിഡിയോ പുറത്തുവിട്ടത്.

 

വിമാനത്തിനു നേരെ 30 സെക്കൻഡിൽ രണ്ട് മിസൈലുകൾ തൊടുക്കുന്നതായി വിഡിയോയിൽ കാണിക്കുന്നു. ആദ്യ മിസൈലിൽ തന്നെ വിമാനത്തിന്റെ റഡാർ സംവിധാനം തകർത്തു. രണ്ടാം മിസൈലിൽ വിമാനത്തിന് തീപിടിച്ചു. തീപിടിച്ച വിമാനം കുറച്ചു നേരം നിയന്ത്രണം വിട്ട് പറന്നതിന് ശേഷമാണ് താഴേക്ക് വീണത്.

 

നിലത്തുവീഴുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിനു മുൻപ് വിമാനം മിനിറ്റുകളോളം തീയുമായി പറക്കുന്നതും വിഡിയോയിൽ കാണാം. ആദ്യ മിസൈലാണ് വിമാനത്തിന്റെ ട്രാൻസ്‌പോണ്ടറിനെ തകർത്തത്. ഇതിനാലാണ് പൈലറ്റിനോ ക്രൂ അംഗങ്ങൾക്കോ സഹായം പോലും തേടാൻ കഴിയാതെ പോയത്. വിമാനവും എയർട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടിരുന്നു.

 

ബോയിങ് 737-800 വിമാനം വെടിവച്ചുവെന്ന റിപ്പോർട്ടുകൾ ദിവസങ്ങളായി ടെഹ്‌റാൻ നിഷേധിച്ചതിന് ശേഷം പുതിയ തെളിവുകൾ പുറത്തുവന്നതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കുറ്റസമ്മതം നടത്തിയത്. ന്യൂയോർക്ക് ടൈംസ് ദിനപത്രവും സിഎൻഎനും ആദ്യം റിപ്പോർട്ട് ചെയ്ത വിഡിയോ കനേഡിയൻ, യുഎസ്, യുകെ ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതായിരുന്നു.

 

രണ്ടാമത്തെ മങ്ങിയ ഫൂട്ടേജിൽ വിമാനം തീപിടിച്ച് ടെഹ്‌റാനിലെ വിമാനത്താവളത്തിലേക്ക് തിരിയുന്നതായാണ് കാണിക്കുന്നത്. പൂർണമായും ഇന്ധനം നിറച്ചതിനാലാണ് മിനിറ്റുകൾക്കുള്ളിൽ വിമാനം പൊട്ടിത്തെറിച്ചത്. ഇറാനിയൻ സൈനിക സൈറ്റിൽ നിന്ന് നാല് മൈൽ അകലെയുള്ള ബിഡ്കാനെ ഗ്രാമത്തിലെ മേൽക്കൂരയിൽ നിന്നാണ് പുതിയ ഫൂട്ടേജ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ടൈംസ് വെളിപ്പെടുത്തി. അതേസമയം, ആദ്യ വിഡിയോ പുറത്തുവിട്ട വ്യക്തിയെ അധികൃതർ അറസ്റ്റ് ചെയ്തതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT