ADVERTISEMENT

സ്‌പെഷ്യൽ എക്‌സ്ട്രാ സെക്ഷൻ ഫ്ലൈറ്റ് (എസ്ഇഎസ്എഫ്) ദൗത്യങ്ങൾക്കായി രണ്ട് പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ നടത്തിയ ബജറ്റ് പ്രസംഗത്തിൽ 810.23 കോടി രൂപ അനുവദിച്ചു. 2018/19, 2019/20 എന്നീ രണ്ട് വർഷങ്ങളിൽ സർക്കാർ അനുവദിച്ച 4,741.85 കോടി രൂപയ്ക്ക് പുറമെയാണ് ഈ വിഹിതം. പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ യാത്രയ്ക്ക് എയർ ഇന്ത്യ ഉപയോഗിക്കുന്ന 25 വർഷം പഴക്കമുള്ള ബോയിങ് 747 വിമാനത്തെ മാറ്റിസ്ഥാപിക്കുന്നതിനു രണ്ട് വിമാനങ്ങൾ (ബോയിംഗ് 777-300 ഇആർ) വാങ്ങാനാണ് ഈ തുക ഉപയോഗിക്കുക.

 

എയർ ഇന്ത്യ വൺ ലോഗോയിലായിരിക്കും ഈ വിമാനങ്ങൾ പുറത്തിറങ്ങുക. എയർ ഇന്ത്യ വൺ (AI-1 അല്ലെങ്കിൽ AIC001 എന്നും അറിയപ്പെടും) എന്നാണ് വിമാനങ്ങളെ വിളിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ ബോയിങ് ആണ് വിമാനം നിർമിച്ചു നൽകുന്നത്. 

 

എന്നാൽ, ബോയിങ് ഈ വിമാനങ്ങളുടെ വില സംബന്ധിച്ച കാര്യങ്ങൾ നിഷേധിച്ചുവെങ്കിലും കണക്കുകൂട്ടൽ പ്രകാരം 1.18 ബില്യൺ ഡോളർ (ഏകദേശം 8,458 കോടിയിലധികം രൂപ) ഖജനാവിന് ചെലവാകുമെന്നാണ് കരുതുന്നത്. ഈ വിമാനങ്ങൾക്കായി ഇതുവരെ 5,552.08 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്, അതിനർഥം വരും വർഷങ്ങളിൽ 2,900 കോടി രൂപ കൂടുതൽ നീക്കിവയ്ക്കേണ്ടിവരും. 

 

പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും പുറമെ ഉപരാഷ്ട്രപതിയും വിദേശ യാത്രകൾക്കായി പുതിയ വിമാനം ഉപയോഗിക്കും. യുഎസ് കമ്പനിയായ ബോയിങ്ങിന്റെ 777 - 300 ഇആർ മോഡൽ വിമാനങ്ങളാണു വാങ്ങുന്നത്. 2020 മുതൽ ഇന്ത്യയുടെ ഭരണത്തലവൻമാർക്കും സ്വന്തം വിമാനത്തിന്റെ ഗമയിൽ വിദേശത്തു ചെന്നിറങ്ങാനാകുമെന്നാണ് കരുതുന്നത്. മിസൈലുകൾക്ക് പോലും തകർക്കാനാകാത്ത ടെക്നോളജിയിലാണ് ഈ വിമാനം നിര്‍മിക്കുന്നത്.

 

നിലവിൽ ഇവർ ഉപയോഗിക്കുന്ന ബോയിങ് 747- 400 മോഡൽ വിമാനത്തിനു (എയർ ഇന്ത്യ വൺ) കാലപ്പഴക്കമേറെയുള്ള സാഹചര്യത്തിലാണ് പുതിയവ വാങ്ങുന്നത്. നൂതന സുരക്ഷാ കവചം, ഉയർന്ന എൻജിൻ കരുത്ത് എന്നിവയുള്ള വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനമുൾപ്പെടെയുള്ളവ സജ്ജമാക്കും. വിവിഐപികൾക്കുള്ള അത്യാധുനിക ബോയിങ് വിമാനങ്ങൾ ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com