sections
MORE

പുതിയ ആയുധങ്ങൾ പുറത്തെടുത്ത് ഇറാൻ; സാറ്റലൈറ്റ് ഓർബിറ്റിലെത്തിക്കാൻ കഴിഞ്ഞില്ല

iran-missile
SHARE

രണ്ടു ദിവസം മുൻപ് ഇറാൻ രണ്ടു പരീക്ഷണങ്ങളാണ് നടത്തിയത്. ഏതാനും മണിക്കൂറുകളുടെ ഇടവേളകളിൽ ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈലുകൾ അവതരിപ്പിക്കുകയും ആഭ്യന്തരമായി നിർമ്മിച്ച ഉപഗ്രഹം വിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാൻ ഇറാന് സാധിച്ചില്ല.

ഞായറാഴ്ച പ്രാദേശിക സമയം രാത്രി 7.15 നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. ഇറാനിലെ സെംനാൻ പ്രവിശ്യയിലെ ഇമാം ഖൊമേനി സ്‌പേസ്പോർട്ടിൽ നിന്നാണ് വിക്ഷേപണം നടന്നത്. അതേസമയം, അവസാന നിമിഷം വേഗം കുറവായതിനാൽ സിമോർഗ് റോക്കറ്റിന് സഫർ 1 ആശയവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

റോക്കറ്റിന്റെ സ്റ്റേജ് -1, സ്റ്റേജ് -2 മോട്ടോറുകൾ ശരിയായി പ്രവർത്തിക്കുകയും ഉപഗ്രഹം അതിന്റെ കാരിയറിൽ നിന്ന് വിജയകരമായി വേർപെടുകയും ചെയ്തു. പക്ഷേ, അവസാനത്തിൽ അത് ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് ആവശ്യമായ വേഗം കൈവരിക്കാൻ സാധിച്ചില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അഹ്മദ് ഹൊസൈനി പറഞ്ഞു. ഇറാൻ ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ജവാദ് അസാരി ജഹ്‌റോമി ട്വിറ്ററിലൂടെ പറഞ്ഞത് ‘പരാജയം സംഭവിച്ചു’ എന്നാണ്.

പുതിയ ബാലിസ്റ്റിക് മിസൈൽ

ഇറാന്റെ മിസൈൽ പദ്ധതിയുടെ ചുമതലയുള്ള എലൈറ്റ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഞായറാഴ്ച പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാൻ ഡിസൈൻ ചെയ്ത പുതിയ തലമുറ എൻജിനുകളാണ്.

1979 ലെ വിപ്ലവത്തിന്റെ 41-ാം വാർഷികത്തിന് തൊട്ടുമുൻപാണ് ഈ പ്രഖ്യാപനം വന്നത്. ഇറാൻ തങ്ങളുടെ സായുധ സേനയുടെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നതിന് പതിവായി ഈ ദിവസം ഉപയോഗിക്കാറുണ്ട്. റാഡ് -500 എന്ന് വിളിക്കപ്പെടുന്ന പുതിയ ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ (310 മൈൽ) വരെ സഞ്ചരിക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. 200 കിലോമീറ്റർ പരിധിയുള്ള ഫത്തേ -101 ന്റെ പകുതി ഭാരമാണ് റാ‍ഡ്–500ന്.

മുൻപത്തെ സ്റ്റീൽ മോഡലുകളേക്കാൾ ഭാരം കുറഞ്ഞ സംയോജിത വസ്തുക്കള്‍ കൊണ്ട് നിർമ്മിച്ച പുതിയ സഹീർ എൻജിനുകളും റാഡ് -500 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ മെറ്റീരിയലിൽ നിർമിച്ച പുതിയ മിസൈൽ എൻജിനുകളും ഐ‌ആർ‌ജി‌സി പുറത്തിറക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA