ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനിത്തിനിടെ ഇന്ത്യ 21,629 കോടിയുടെ പ്രതിരോധ കരാറിലാണ് ഒപ്പുവയ്ക്കാൻ പോകുന്നത്. ഇതിൽ പ്രധാനപ്പെട്ടത് എംക്യു–9 റീപ്പർ ഡ്രോൺ തന്നെയാണ്. ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) കമാൻഡർ ഖാസിം സുലൈമാനിയെ കൊല്ലപ്പെടുത്താന്‍ യുഎസിനെ സഹായിച്ചത് എംക്യു–9 റീപ്പർ ഡ്രോൺ ഇന്ത്യയ്ക്കും ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. 

യുഎസ് ആസ്ഥാനമായുള്ള ജനറൽ ആറ്റമിക്സിൽ നിന്ന് 300 കോടി ഡോളർ വിലമതിക്കുന്ന 30 ഡ്രോണുകൾ വാങ്ങുന്നതിനുള്ള കരാർ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് ഉറപ്പുവരുത്താനുള്ള ഒരുക്കങ്ങൾ ഇപ്പോൾ നടക്കുന്നത്. മൂന്ന് സേനാവിഭാഗത്തിനുമായി 10 + 10 + 10 എംക്യൂ-9 റീപ്പർ അല്ലെങ്കിൽ പ്രിഡേറ്റർ-ബി ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻ‌ഡുറൻസ് (HALE) ഡ്രോണുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ഇതിനകം തന്നെ ഡോണൾഡ് ട്രംപിന്റെ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്.

ഈ ഡ്രോൺ നേരത്തെ തന്നെ ഇന്ത്യ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. റീപ്പറും ഹെൽഫയറും ചേർന്നതാണ് ജനുവരി 3ന് ഇറാനിയൻ ജനറൽ കാസിം സുലൈമാനിയെ വധിച്ചത്. അർദ്ധരാത്രിക്ക് ശേഷം നടന്ന ഓപ്പറേഷനിൽ ആളില്ലാ വിമാനമായ എംക്യു -9 അദ്ദേഹത്തിന്റെ കാറിലേക്കും കോൺ‌വോയിയിലും രണ്ട് ഹെൽഫയർ മിസൈലുകളാണ് വിക്ഷേപിച്ചത്.

ടാർഗെറ്റുചെയ്‌ത കൊലപാതക ദൗത്യങ്ങൾക്ക് റീപ്പർ പേരുകേട്ട ഡ്രോണാണ്. 2015 നവംബറിൽ സിറിയയിലെ റാക്കയിൽ ഒരു വാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇസ്‌ലാമിക് സ്റ്റേറ്റ് അംഗം മുഹമ്മദ് ഇംവാസി എന്ന ‘ജിഹാദി ജോൺ’ കൊല്ലപ്പെട്ടത് എംക്യു–9 റീപ്പർ ആക്രമണത്തിലായിരുന്നു.

യുദ്ധ രംഗത്തെ കഴിവുകൾ കണക്കിലെടുത്ത് ഇന്ത്യ ഇത് സ്വന്തമാക്കുന്നതിനായി വർഷങ്ങളായി യുഎസുമായി ചർച്ച നടത്തുന്നുണ്ട്. ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും എംക്യു–9 റീപ്പർ ഡ്രോൺ ഉപയോഗപ്പെടുത്താൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി ഓഗസ്റ്റിൽ റിപ്പോർട്ട് വന്നിരുന്നു. അതേസമയം, എ‌എച്ച് -64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വന്നതിനു ശേഷം എംക്യു–9 റീപ്പറിൽ ഉപയോഗിക്കുന്ന ഹെൽ‌ഫയർ മിസൈലുകൾ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ മിസൈലാണ് എംക്യു–9 റീപ്പറിന്റെ പ്രാഥമിക ആയുധം.

ഏകദേശം 52,000 കോടി രൂപയുടെ എംക്യു–9 റീപ്പർ ഡ്രോണുകൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകുന്ന കാര്യം ഇന്ത്യയും അമേരിക്കയും ൈവകാതെ തന്നെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് കരുതുന്നത്. നാറ്റോ രാജ്യങ്ങൾക്ക് പുറത്തുള്ളവർക്ക് ഇത് ആദ്യമായാണ് എംക്യു–9 റീപ്പർ ഡ്രോൺ അമേരിക്ക നൽകാൻ തയാറാകുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് എംക്യു–9 റീപ്പർ ഇന്ത്യയ്ക്ക് നൽകുന്നത് സംബന്ധിച്ചുള്ള ആദ്യ ചർച്ചകൾ നടന്നത്. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്നതാണ് എംക്യു–9 റീപ്പർ ‍ഡ്രോൺ. നിലവിൽ ഇസ്രായേൽ ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ജനറൽ അറ്റോമിക്സാണ് എംക്യു–9 റീപ്പർ ഡ്രോണുകൾ നിർമിക്കുന്നത്.

ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് എംക്യു–9 റീപ്പർ എന്ന പേരിലുള്ള പ്രെഡേറ്റർ ഡ്രോണുകൾ. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് അതിർത്തി രാജ്യങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബിടാൻ സാധിക്കും. ന്യൂഡൽഹിയിൽ ഇരുന്ന് പാക്കിസ്ഥാൻ നഗരങ്ങളിൽ എവിടെ ആക്രമിക്കണമെന്ന് വരെ നിയന്ത്രിക്കാൻ കഴിയുന്നതാണ് എംക്യു–9 റീപ്പർ ഡ്രോണുകൾ. താലിബാനെതിരെയും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലും ആക്രമണം നടത്താൻ അമേരിക്ക ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

പാക്കിസ്ഥാനു പുറമേ ചൈനീസ് അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കാനും ഈ ആളില്ലാ വിമാനത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാകും. അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

എംക്യു–9 റീപ്പർ ഡ്രോണുകൾക്ക് ഏകദേശം 27 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും. 50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന എംക്യു–9 റീപ്പർ ഡ്രോണുകളിൽ 1,746 കിലോഗ്രാം യുദ്ധസാമഗ്രികൾ വരെ വഹിക്കാനാകും. അമേരിക്കൻ സേനയ്ക്ക് വേണ്ടി ജനറൽ ആറ്റോമിക്സ് ഏറോനോട്ടിക്കൽ സിസ്റ്റംസാണ് ഇത് നിർമിച്ചത്. ഇറ്റലി, ഫ്രഞ്ച്, സ്പാനിഷ് എയർഫോഴ്സുകൾ എംക്യു–9 റീപ്പർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറെ യുഎസ് എയർഫോഴ്സും നാസയും ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നു.

2019 ജൂൺ ആറിന് യെമനിലെ ഹൂതി പോരാളികൾ അമേരിക്കയുടെ എംക്യു–9 റീപ്പർ ഡ്രോൺ തകർത്തത് വാർത്തയായിരുന്നു. കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കാവുന്ന എസ്എ–6 ഇറാനിയൻ മിസൈലാണ് അന്ന് ഡ്രോണിനെ തകർത്തതെന്ന് പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

എംക്യു 9 എന്നതിലെ ‘എം’ വിവിധോദ്ദേശം (മൾട്ടി റോൾ) എന്നതും ‘ക്യു’ എന്നത് വിദൂരനിയന്ത്രിതമെന്നതും 9 എന്നത് വിദൂരനിയന്ത്രിത വിമാനങ്ങളിലെ ഒൻപതാം പതിപ്പെന്നതുമാണ്. ക്യാമറകളും മിസൈലുകളും ഉൾപ്പെടുന്ന സംവിധാനമാണ് ഇത്തരം ഡ്രോണുകളിലേത്. 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം യുഎസ് വ്യോമസേനയ്ക്കു കീഴിൽ 93 എംക്യു–9 റീപ്പർ ഡ്രോണുകളാണുള്ളത്.

mq-9-reaper-guided-weapons

ആകാശത്തു നിന്ന് കരയിലേക്ക് തൊടുക്കാവുന്ന നാലു ലേസർ നിയന്ത്രിത എജിഎം–114 ഹെൽഫയർ മിസൈലുകളാണ് ഇവയിൽ ഘടിപ്പിക്കുക. കൃത്യതയാർന്ന ആക്രമണങ്ങൾക്ക് ഇത് പര്യാപ്തമാണ്. ഒരു പൈലറ്റും സെൻസർ ഓപറേറ്ററും അടങ്ങുന്ന രണ്ടംഗ സംഘമാണ് ഡ്രോൺ നിയന്ത്രിക്കാനുണ്ടാകുക. നാലു ഡ്രോണുകളും സെൻസറുകളും ഉൾപ്പെടുന്ന ഒരു എംക്യു–9 യൂണിറ്റിന്റെ വില 64.2 ദശലക്ഷം ഡോളറാണ് (ഏകദേശം 460.70 കോടി രൂപ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT