ADVERTISEMENT

അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലുള്ള ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നിൽ എപ്പോഴും ആറു മുതല്‍ എട്ടു വരെ ആള്‍ക്കാരുടെ ക്യൂ കാണാം. ലോസ് ആഞ്ചൽസിലുള്ള തോക്കു കടയില്‍ അതിനേക്കാൾ നീണ്ട ക്യൂ ആണ്. ഐഡഹോയിലെ മറ്റൊരു തോക്കു കടക്കാര്‍ വില്‍ക്കുന്ന തോക്കുകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. അവരുടെ സ്‌റ്റോക്ക് മുഴുവൻ തീര്‍ന്നു. ഇതെന്താണെന്ന് അന്വേഷിക്കമ്പോഴാണ് കൊറോണാവൈറസ് പോലെയൊരു വ്യാധി സമൂഹത്തിനേല്‍പ്പിക്കാവുന്ന അപ്രതീക്ഷിത ആഘാതത്തെക്കുറിച്ച് ആളുകള്‍ ബോധമുള്ളവരാകുന്നത്.

 

പരിഭ്രാന്തരായ ജനങ്ങൾ പലചരക്കു കടകളിലെയും മറ്റും സാധനങ്ങള്‍ തൂത്തുവാരി കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. കടകളില്‍ സാധനങ്ങള്‍ തീര്‍ന്നു തുടങ്ങിയ സമയത്താണ് തോക്കുവാങ്ങല്‍ പ്രവണത വര്‍ധിച്ചത്. തങ്ങളുടെ ദൈനംദിന ജീവിതമെന്ന സ്വാസ്ഥ്യ മേഖലയില്‍ നിന്ന് തൂത്തെറിയപ്പെട്ട പൊതുജനത്തിന്റെ പ്രവൃത്തികള്‍ അപ്രവചനീയവും നൈരാശ്യം നിറഞ്ഞതുമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തോക്കുകള്‍ വാങ്ങാതെ മറ്റുള്ളവരില്‍ നിന്ന് സംരക്ഷിക്കാനാവില്ല എന്നു കരുതുന്നവരാണ് അവ വാങ്ങിക്കൂട്ടുന്നതെന്നാണ് പറയുന്നത്.

 

ഇതു ഭ്രാന്താണ് എന്നാണ് ഒരു തോക്കു കടയുടമയായ ജേ വാലസ് പറഞ്ഞത്. അദ്ദേഹത്തിന്റെ കടയില്‍ തോക്കുകള്‍ക്ക് അഞ്ചുമടങ്ങ് ആവശ്യക്കാരാണ് എത്തുന്നതത്രെ. വൈറസ് ബാധ തുടങ്ങി ഏതാനും ദിവസത്തിനുള്ളല്‍ തോക്കു വില്‍പ്പനയും വര്‍ധിച്ചു എന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ചിലരെല്ലാം തങ്ങളുടെ ആദ്യ തോക്കു വാങ്ങുന്നവരാണ്. മറ്റു ചിലര്‍ തങ്ങളുടെ ശേഖരത്തിലേക്ക് പുതിയവ ചേര്‍ക്കുന്നു. കടകളില്‍ സാധന ലഭ്യത കുറഞ്ഞതും സ്‌കൂളുകള്‍ അടച്ചതും പല പൊതുപരിപാടികളും വേണ്ടന്നു വച്ചതും ആളുകളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടോ എന്നാണിപ്പോള്‍ സംശയിക്കുന്നത്.

 

തോക്കു വാങ്ങാനുള്ള മറ്റൊരു കാര്യം തെരഞ്ഞെടുപ്പാണ്. ഈ വര്‍ഷം അമേരിക്കന്‍ തെരഞ്ഞെടുപ്പു നടക്കുന്നു. അത്തരം വര്‍ഷങ്ങളില്‍ പൊതുവെ തോക്കു വില്‍പ്പന കൂടുമത്രെ. അടുത്ത ഭരണാധികാരി വന്നാൽ തോക്കുവാങ്ങല്‍ കൂടുതല്‍ വിഷമകരമാക്കുമോ എന്ന പേടി മൂലമാണ് ആളുകള്‍ ഇതു ചെയ്യുന്നത്. ഇലിനോയിസിലെ ഒരു മേയര്‍ അടുത്തിടെ ഒപ്പു വച്ച ഒരു ഓര്‍ഡര്‍ പ്രകാരം വെടിക്കോപ്പു വില്‍പ്പന നിയന്ത്രിക്കാം. ന്യൂ ഓര്‍ലിയന്‍സിലെ മേയറും ഇത്തരത്തിലൊരു നീക്കം നടത്തി. മുന്‍പ് 2016ലും ഈ പ്രവണത കണ്ടിരുന്നു. എന്നാല്‍, അന്നത്തേതിനെക്കാള്‍ 350,000 എണ്ണം കൂടുതലാണ് 2020 ജനുവരിയിലും ഫെബ്രുവരിയിലും നടന്നിരിക്കുന്നതെന്ന് പറയുന്നു.

 

തോക്കുവില്‍പ്പന തകൃതിയായി നടക്കുന്നു എന്നല്ലാതെ അത് സാധാരണഗതിയില്‍ നിന്ന് എത്ര മടങ്ങ് വര്‍ധിച്ചു എന്നതിനെപ്പറ്റി കൃത്യമായ കണക്ക് അടുത്ത മാസമേ ലഭ്യമാകൂവെന്ന് അധികാരികള്‍ പറഞ്ഞു. തോക്കും മറ്റും വാങ്ങാനുള്ള ബാക്ഗ്രൗണ്ട് ചെക്ക് ഈ വര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ കര്‍ശനമാക്കി. ജനുവരിയിലും ഫെബ്രുവരിയിലുമായി 55 ലക്ഷത്തിലേറെ പേരുടെ ബാക്ഗ്രൗണ്ട് ചെക്ക് നടത്തിയിട്ടുണ്ടെന്ന് എഫ്ബിഐ രേഖകള്‍ പറയുന്നു.

 

ജോര്‍ജിയക്കാരിയായ ബെറ്റ്‌സി ടെറെല്‍ (61) പറയുന്നത് താന്‍ മുന്‍ വര്‍ഷങ്ങളിലും ഒരു തോക്കു വാങ്ങി സൂക്ഷിക്കുന്ന കാര്യം പരിഗണിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തനിക്കു ചുറ്റും നടക്കുന്ന നിയന്ത്രണമില്ലാത്ത പ്രവൃത്തികള്‍ കണ്ടപ്പോള്‍ ഒരു കൈത്തോക്ക് വാങ്ങിവച്ചേക്കാമെന്നു കരുതുകയായിരുന്നുവെന്നു പറഞ്ഞു. ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നു. അവ ലഭ്യമല്ലാതെ വന്നാലുള്ള അവസ്ഥ ബെറ്റ്‌സിയെ ഭയപ്പെടുത്തുന്നു. അല്ലെങ്കില്‍ത്തന്നെ മെട്രോ അറ്റ്ലാന്റ ഭാഗത്ത് കുറ്റകൃത്യങ്ങള്‍ ആവശ്യത്തിനുണ്ട്. സമ്പദ്‌വ്യവസ്ഥയെങ്ങാനും തകര്‍ന്നാല്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായിരിക്കുമെന്നും അവര്‍ ഭയക്കുന്നു.

 

ആളുകള്‍ സമചിത്തത വിട്ട് പെരുമാറി തുടങ്ങുന്നത് താന്‍ കാണുന്നുണ്ട്. രാഷ്ട്രായപരമായ വന്‍ പ്രതിസന്ധിയും താന്‍ പ്രതീക്ഷിക്കുന്നു. അതെല്ലാം പേടിപ്പിക്കുന്നുവെന്നും ബെറ്റ്‌സി പറഞ്ഞു. അത്തരം തോന്നലുകള്‍ അതിരുവിട്ടപ്പോഴാണ് സ്വയരക്ഷയ്ക്ക് തോക്കൊരെണ്ണം ഇരിക്കട്ടെ എന്ന് താന്‍ കരുതിയതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച മുഴുവന്‍ അവരും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഭക്ഷണം, കോഫി, മരുന്ന്, പൂച്ചയ്ക്കുള്ള മരുന്ന് ഇങ്ങനെയുള്ള സാധനങ്ങളെല്ലാം വാങ്ങിയ ശേഷമാണ് തോക്കു വാങ്ങാനുള്ള സമയമായെന്ന തോന്നല്‍ ബെറ്റ്‌സിക്കു വന്നത്. അങ്ങനെ തീരുമാനമെടുത്ത് കബെലയിലെത്തിയ അവര്‍ തോക്കുവാങ്ങാന്‍ നില്‍ക്കുന്നവരുടെ ക്യൂ കണ്ട് ഞെട്ടിപ്പോയി. പല തോക്കുകളും ഔട്ട് ഓഫ്‌ സ്റ്റോക്ക് ആയിക്കഴിഞ്ഞിരുന്നു. പല വെടിക്കോപ്പുകളുടെയും സ്റ്റോക് തീര്‍ന്നിരുന്നു. അവസാനം തനിക്കൊരു ഗ്ലോക് 42 കൈത്തോക്കു മതിയെന്നു കരുതി അതുവാങ്ങി തിരികെ പോന്നു. അതു തന്റെ നൈറ്റ് സ്റ്റാന്‍ഡില്‍ ഇരിക്കും. അതില്‍ ഒരിക്കലും സ്പര്‍ശിക്കാതിരിക്കാന്‍ സാധിച്ചാല്‍ താന്‍ സന്തോഷതിയായിരിക്കുമെന്നും അവര്‍ പറഞ്ഞു.

 

അമോഡോട്‌കോം (Ammo.com) എന്ന വില്‍പ്പനശാലയുടെ കണക്കു പ്രകാരം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 4 വരെയുള്ള സമയത്ത് അതിനു മുമ്പുള്ള 11 ദിവസത്തെ അപേക്ഷിച്ച് 70 ശതമാനം വെടിക്കോപ്പു വില്‍പ്പനയാണ് നടന്നിരിക്കുന്നത്. ഐഡഹോയിലെ സ്‌പോര്‍ട്‌സ്‌മെന്‍സ് വെയര്‍ഹൗസില്‍ കൈത്തോക്കും മറ്റും പൂര്‍ണ്ണമായും തൂത്തുവാരി കൊണ്ടുപോയിരിക്കുകയാണ്. കടയില്‍ തൂക്കിയിരിക്കുന്ന ബോര്‍ഡ് പ്രകാരം രണ്ടു തോക്കില്‍ കൂടുതല്‍ ഒരാള്‍ക്ക് വാങ്ങാനാവില്ല. എആര്‍, എകെ പ്ലാറ്റ്‌ഫോമിലുള്ള റൈഫിളുകള്‍ ഒരു ദിവസം ഒരെണ്ണമെ വാങ്ങാനാകൂ എന്നും പറഞ്ഞിരിക്കുന്നു.

 

ഓരാഴ്ച മുൻപ് കലിഫോര്‍ണിയയിലെ റെറ്റിങ് ഗണ്‍സ് പറഞ്ഞത് തങ്ങള്‍ക്ക് ധാരാളം ഹാന്‍ഡ്ഗണ്‍സ് വില്‍ക്കാനുണ്ട് എന്നാണ്. പക്ഷേ, ഏഴു ദിവസത്തിനു ശേഷം ഒഴിഞ്ഞ ഷെല്‍ഫുകളുടെ പടമാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, 27 വര്‍ഷമായി തോക്കുവില്‍പ്പനയുമായി ഇരിക്കുന്ന ഒരു കടക്കാരന്‍ പറഞ്ഞത് ഇതുപോലൊരു തിരക്ക് മൻപെങ്ങും കണ്ടിട്ടില്ല എന്നാണ്. സയരക്ഷ, പരിഭ്രാന്തി തുടങ്ങിയ വികാരങ്ങളാണ് ആളുകളെ തോക്ക് വാങ്ങാൻ നയിക്കുന്നത്. തനിക്ക് തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കാനാവില്ല എന്ന തോന്നലാണ് ആളുകളെക്കൊണ്ട് ഇതു ചെയ്യിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com