ADVERTISEMENT

അമേരിക്കന്‍ നാവിക സേനയുടെ ഏറ്റവും പ്രധാനപ്പെട്ട കപ്പലുകളിലൊന്നായ യുഎസ്എസ് ടെഡി റൂസവെല്‍റ്റില്‍ കൊറോണാവൈറസ് ബാധ പിടിപെട്ടതോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അപകടകാരികളായ ആയുധങ്ങളുള്ള കപ്പലില്‍ നിന്ന് മുഴുവന്‍ സേനാംഗങ്ങളെയും ഒഴിപ്പിക്കാനാവില്ല എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ന്യൂക്ലിയര്‍ എയര്‍ക്രാഫ്റ്റ് റിയാക്ടര്‍ അടക്കമുള്ള സന്നാഹമുള്ളതാണ് ഈ കപ്പല്‍. ഇത് ഇടയ്ക്ക് പ്രവര്‍ത്തിപ്പിക്കേണ്ടതായുണ്ട് എന്നതാണ് മുഴുവന്‍ ക്രൂവിനെയും പുറത്തിറക്കാനാകാതെ അമേരിക്ക വിഷമിക്കാന്‍ കാരണം.

കപ്പലിലുള്ള 4,800 സേനാംഗങ്ങളില്‍ ഏകദേശം 100 പേര്‍ക്ക് കൊറോണാവൈറസ് ബാധിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തൽ. സ്ഥിതി അനുനിമിഷം വഷളാകുകയാണ്. ഇതേ തുടര്‍ന്ന് കപ്പലിലെ കമാന്‍ഡിങ് ഓഫിസര്‍ അമേരിക്കന്‍ നാവികസേനയുടെ തലവന്മാരോട് അതിവേഗം സഹായമെത്തിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ്. കപ്പലിലെ 93 പേര്‍ക്ക് കൊറോണാവൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞതായി നാവികസേനയുടെ ആക്ടിങ് സെക്രട്ടറി തോമസ് മൊഡ്‌ലി അറിയിച്ചു. അമേരിക്കയുടെ മൊത്തം സൈനികരെ ബാധിച്ചിരിക്കുന്നതിന്റെ 10 ശതമാനത്തോളം വരുമത്രെ ഈ സംഖ്യ.

കൂടുതല്‍ പരിശോധന ഫലങ്ങൾ വരാനിരിക്കുകയാണ്. ഇവ എത്തുമ്പോള്‍ രോഗബാധിതരുടെ സംഖ്യ വര്‍ധിക്കുമെന്നു കരുതുന്നു. കപ്പലിൽ ലക്ഷണങ്ങള്‍ കാണിച്ച 1,273 സൈനികര്‍ക്ക് ടെസ്റ്റ് നടത്തിയിരിക്കുകയാണ്. ഇതിന്റെ ഫലമാണ് പ്രതീക്ഷിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന ആയിരത്തോളം സൈനികരെ ഒഴിപ്പിച്ചു കഴിഞ്ഞു. ഗുവാം കടല്‍ത്തീരത്താണ് കപ്പലിപ്പോള്‍ നങ്കൂരമിട്ടിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ 2,700 പേരെക്കൂടെ ഒഴിപ്പിക്കാനാണ് സേന ആഗ്രഹിക്കുന്നത്.

എന്നാല്‍, കപ്പലില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുക എന്നത് പ്രായോഗികമല്ല എന്നതാണ് അമേരിക്ക ഇപ്പോള്‍ ഇക്കാര്യത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കപ്പിലിന് നല്‍കിയിരിക്കുന്ന ചുമതലകള്‍ നിറവേറ്റാതിരിക്കാന്‍ വയ്യ. ഇതിലൊന്ന് കപ്പിലിലെ ന്യൂക്ലിയര്‍ റിയക്ടര്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ്. മൊത്തം ചുമതലകള്‍ നിര്‍വ്വഹിക്കണമെങ്കില്‍ ആയിരത്തോളം സേനാംഗങ്ങളെങ്കിലും കപ്പലില്‍ തുടരണമെന്ന് അമേരിക്കയുടെ ചീഫ് ഓഫ് നേവല്‍ ഓപറേഷന്‍സ് അഡ്മിറല്‍ മൈക് ഗില്‍ഡെ പറഞ്ഞു. കപ്പിലിന്റെ കമാന്‍ഡിങ് ഓഫിസറായ ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയര്‍ പറഞ്ഞത് കപ്പലില്‍ 500 പേര്‍ മതിയെന്നാണ്. എന്നാല്‍ ഇതു പോരെന്നാണ് ഗില്‍ഡെ പറയുന്നത്.

വിലപിടിപ്പുള്ള കപ്പലാണിത്. കപ്പലില്‍ ആയുധങ്ങളുണ്ട്. പടക്കോപ്പുകളുണ്ട്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് പോലുമുണ്ട്. അതിന്റെ പ്രവര്‍ത്തനവും സുരക്ഷയും ഉറപ്പാക്കാന്‍ നിശ്ചിത ആളുകളില്ലാതെ പറ്റില്ലെന്നാണ് ഗില്‍ഡെയുടെ വാദം. കപ്പിലിലെ കൊറോണാവൈറസ് വ്യാപനം അതിവേഗമാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് ഈ കപ്പലിലെ സൈനികര്‍ക്ക് വൈറസ് ബാധയേറ്റു എന്ന് പെന്റഗണ്‍ സമ്മതിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണം 25 ആയി. ബുധനാഴ്ച അത് 100 എങ്കിലുമായി എന്നാണ് പറയുന്നത്. ബുധനാഴ്ച വരെ 814 അമേരിക്കന്‍ സൈനികര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പെന്റഗണ്‍ അറിയിച്ചു.

എന്നാല്‍, മൊത്തം സൈനികരെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് മൊഡ്‌ലി അറിയിച്ചു. ഷിപ്പിന്റെ കമാന്‍ഡറോ, മെഡിക്കല്‍ ഓഫിസറോ അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സൈനികരെ കൊറോണാവൈറസ് ബാധിച്ചാല്‍ എന്തു സംഭവിക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇപ്പോള്‍ കാണാനാകുന്നതെന്ന് വദഗ്ധര്‍ പറഞ്ഞു.

തങ്ങള്‍ യുദ്ധത്തിലൊന്നുമല്ല. സൈനികര്‍ മരിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നമ്മുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായ സൈനികര്‍ക്ക് ആഘാതം ഏല്‍പ്പിക്കുകയായിരിക്കും ചെയ്യുക എന്നും ക്രോസിയര്‍ പറയുന്നു. എന്നാല്‍ സൈനികര്‍ക്കായി തങ്ങള്‍ക്കു ചെയ്യാവുന്നതെല്ലാം ചെയ്യുകയാണെന്ന് സേന അറിയിച്ചു.

അടുത്തത് യുഎസ്എസ് റോണള്‍ഡ് റീഗന്റെ ഉഴമോ?

അമേരിക്കന്‍ പ്രതിരോധവകുപ്പ് തിങ്കളാഴ്ച പറഞ്ഞത് തങ്ങളുടെ മറ്റൊരു കപ്പലായ യുഎസ്എസ് റോണള്‍ഡ് റീഗനില്‍ ഏതാനും പോസിറ്റീവ് കേസുകള്‍ ഉണ്ടെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com