ADVERTISEMENT

കൊറോണവൈറസ് രോഗികളുടെ എണ്ണം കുത്തനെ കൂടാൻ തുടങ്ങിയതോടെ അമേരിക്കയിൽ ഓരോ ദിവസവും വിവിധ പ്രതിരോധ സംവിധാനങ്ങളാണ് പരീക്ഷിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ രോഗബാധിതമെന്നു സംശയിക്കപ്പെടുന്ന പ്രദേശങ്ങള്‍ ശുദ്ധിചെയ്യുക എന്നത് പരമപ്രധാനമായ കാര്യമാണ്. അമേരിക്കന്‍ സേന ഇതിനായി അള്‍ട്രാവൈലറ്റ് രശ്മികള്‍ (യുവി) പ്രയോഗിക്കാന്‍ ശേഷിയുള്ള റോബോട്ടുകളെ രംഗത്തിറക്കുകയാണ്. ഇതിനായി മനുഷ്യര്‍  ഇറങ്ങേണ്ട എന്നതു കൂടാതെ, ഈ നാലുചക്ര റോബോട്ടുകള്‍ ആളുകള്‍ ദിവസങ്ങളെടുത്തു ചെയ്യുന്ന പണി മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ക്കുകയും ചെയ്യും. ഇതിന്റെ ലംബമായി പിടിപ്പിച്ച യുവി മൗണ്ടിലൂടെ ഏകദേശം 110 വാട്‌സ് പുറംതള്ളാന്‍ ശക്തിയുള്ളതാണ് വാദം. രണ്ടടി അകലെയുള്ള പ്രദേശം വൃത്തിയാക്കാന്‍ ഇതിനൊരു മിനിറ്റ് മതി. അഞ്ചടിയകലെയുള്ള പ്രദേശം അണുമുക്തമാക്കാന്‍ ആറര മിനിറ്റ് വേണ്ടവരും.

യുവി വൈറസിനെ കൊല്ലുമോ?

യുവി കൊറോണാവൈറസിനെ കൊല്ലുമോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ ഉറപ്പുപറയുന്നില്ല. എന്നാല്‍, സാധാരണ ഉപയോഗിക്കുന്നതിന്റെ ഇരട്ടി വാട്ട് യുവി ഉപയോഗിക്കുക വഴി കൊറോണാവൈറസിന്റെ എല്ലാ വേരിയന്റിനെയും കൊല്ലുമെന്ന് സേന അവകാശപ്പെടുന്നു. വൈറസ് ആളുകളില്‍ നിന്ന് ആളുകളിലേക്കാണ് പകരുന്നത്. ഇതിനാല്‍ ആളുകള്‍ വന്നുപോകുകയും തൊടുകയും ചെയ്യുന്ന പ്രദേശങ്ങള്‍ അണുമക്തമാക്കേണ്ടത് വ്യാപനം തടയാന്‍ അത്യാവശ്യകാര്യമാണ്. അമേരിക്കയിലുടനീളത്തില്‍ 150 സൈനിക താവളങ്ങള്‍ക്ക് ഇതുവരെ കൊറോണാവൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇത് 3,000 ലേറെ സൈനികരെ ബാധിച്ചുവെന്നും പറയുന്നു.

വടക്കന്‍ അമേരിക്കയിലെ മാരത്തണ്‍ ടാര്‍ഗറ്റ്‌സ് എന്ന കമ്പനിയാണ് ചലിക്കാവുന്ന റോബോട്ടുകളെ 'കൊറോണ കില്ലർ' യന്ത്രങ്ങളായി രൂപമാറ്റം വരുത്തുന്നത്. ഈ മാസമാദ്യമാണ് അണുമുക്തമാക്കാനുള്ള യുവി പാനലുകള്‍ കമ്പനി വാങ്ങുന്നതും അവയെ റോബോട്ടുകളില്‍ പിടിപ്പിക്കുന്നതും. ഇവ പിടിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളു എന്ന് കമ്പനി പറയുന്നു. ഇവ ഇപ്പോള്‍ സൈന്യം ടെസ്റ്റു ചെയ്തുകൊണ്ടിരിക്കുകയാണ്.

സാധാരണ, സൈനിക താവളങ്ങളില്‍ പ്രതിരോധ വസ്ത്രമണിഞ്ഞ മനുഷ്യരാണ് അണുമുക്തമാക്കല്‍ നടത്തുന്നത്. ഇതിനൊരു ദിവസമോ അതില്‍ കൂടുതലോ എടുക്കുന്നു. എന്നാല്‍, പുതിയ മെഷീന്‍ വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി എന്നാണ് സൈന്യം പറയുന്നത്. യുവി പാനലുകള്‍ കിട്ടാന്‍ എളുപ്പമായിരുന്നു. എന്നാല്‍, എല്ലാത്തരം തറകളിലൂടെയും പോകുന്ന ഒരു റോബോട്ടിനെ സംഘടിപ്പിക്കാന്‍ കുറച്ചു പാടുപെട്ടു എന്നാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരാള്‍ പറഞ്ഞത്. എന്നാല്‍, നേരത്തെ തന്നെ ഇത്തരം ഒരെണ്ണം സൃഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പുതിയ യുവി

അള്‍ട്രാ വൈലറ്റ് രശ്മികള്‍ അണു നശീകരണത്തിന് ഫലപ്രദമാണോ എന്ന കാര്യത്തില്‍ ടെസ്റ്റ് നടക്കുകയാണെങ്കിലും പല മെഡിക്കല്‍ സെന്ററുകളിലും റൂമുകളും ഉപകരണങ്ങളും യുവി ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നുണ്ട്. എന്നാല്‍, യുവി മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നു. രശ്മികള്‍ നേരിട്ട് അടിച്ചാല്‍ അത് ത്വക് ക്യാന്‍സറിനിടയാക്കുകയും കണ്ണുകള്‍ക്ക് പ്രശ്‌നം വരുത്തുകയും ചെയ്യുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു പ്രത്യേകതരം യുവി രശ്മികള്‍ പുറത്തിറക്കിയിട്ടുണ്ട്. ഫാര്‍-യുവിസി (far-UVC) എന്നാണ് അതിന്റെ പേര്. ഇത് സൂക്ഷ്മജിവികളെ കൊല്ലുമെന്നതു കൂടാതെ അപകടകാരിയല്ലാ താനും. പരമ്പരാഗത അണുനശീകരണ യുവി, സൂക്ഷ്മ ജീവികളെ കൊല്ലുമെന്നു ചില പഠനങ്ങള്‍ പറയുന്നു. പക്ഷേ, ഇത് ആരോഗ്യത്തിനു ഹാനികരമാണ്. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തില്‍ ഡോ. ഡേവിഡ് ബ്രെന്നര്‍ പറയുന്നത് യുവിക്ക് കൊറോണാവൈറസ് പോലെയുള്ള സൂക്ഷ്മ ജിവികളെ 95 ശതമാനം നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ്. വൈറസിനെ പൊതിഞ്ഞു നില്‍ക്കുന്ന നേര്‍ത്ത പടലത്തെ യുവി രശ്മികള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാനാകുമെന്നാണ് ഈ ലേഖനം വാദിക്കുന്നത്.

ഇത് ഗുണകരമാണ് എന്നു തങ്ങള്‍ കണ്ടെത്തിയതായി ബ്രെന്നര്‍ പറയുന്നു. ഫാര്‍-യുവിസി ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും 99 ശതമാനം വൈറസുകളെയും നശിപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കൊറോണാവൈറസിനെതരെ ഇതു ഫലപ്രദമാകാതിരിക്കാനുള്ള ഒരു കാരണവുമില്ലെന്നും പറയുന്നു. എന്നാല്‍, ഈ രീതിയിലുള്ള അണുമുക്തമാക്കല്‍ അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡമിനിസ്‌ട്രേഷന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരുടെ അംഗീകാരം ലഭിച്ചാല്‍ പൊതു സ്ഥലങ്ങളിലും ഇതുപയോഗിച്ച് കൊവിഡ്-19 അണുക്കളെ തുരത്താനാണ് പരിപാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com