ADVERTISEMENT

അമേരിക്കയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ആനുകൂല്യങ്ങളിലൊന്ന് അവര്‍ക്ക് ശത്രുരാജ്യവുമായി അതിര്‍ത്തി പങ്കിടേണ്ടതില്ലെന്നതാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ കാര്യം ബഹുകഷ്ടമാണ്. കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തി രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ യുദ്ധം ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങാൻ ചൈന രണ്ടാമതൊന്നു ആലോചിക്കും. ഇതിന് കാരണങ്ങൾ നിരവധിയാണ്. ചൈനയുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ പ്രകോപിപ്പിച്ചാൽ അത് അവര്‍ക്ക് തന്നെ വലിയ തിരിച്ചടിയാകും.

∙ അതിർത്തിയും ഇന്ത്യയുടെ പ്രതിരോധവും

സ്വാതന്ത്ര്യം ലഭിച്ച അന്നുമുതല്‍ ആരംഭിച്ചതാണ് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള കിടമത്സരം. ഇത് പലപ്പോഴും യുദ്ധത്തിലാണ് അവസാനിച്ചതും. ചൈനയുമായി 1962ല്‍ ഇന്ത്യക്ക് യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളയാനും വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഈ അതിര്‍ത്തി രാജ്യങ്ങള്‍ പരസ്യമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന് ഒപ്പം തന്നെ ചൈനക്കും താത്പര്യങ്ങളുണ്ട്. കശ്മീരിന്റെ ഒരുഭാഗം പാക്കിസ്ഥാന്റെ അധീനതയിലാണെങ്കില്‍ അക്‌സി ചിന്‍ എന്ന് വിളിക്കുന്ന മറ്റൊരു ഭാഗത്ത് ചൈനയുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ഇന്ത്യന്‍ തീരുമാനത്തെ യുഎൻ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ചൈനയാണ്. ചൈനയുടെ ഈ നീക്കം തന്നെ അവര്‍ കശ്മീരിനെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നുവെന്നതിന് തെളിവാണ്. ഇപ്പോൾ ചൈന ഇന്ത്യക്കെതിരെ വീണ്ടും നീക്കം തുടങ്ങിയിരിക്കുന്നു.

∙ സൈനിക ശക്തി

ഈ സാഹചര്യത്തിലാണ് ചൈനയുടേയും ഇന്ത്യയുടേയും പ്രതിരോധ ശേഷി താരതമ്യം ചെയ്യുന്നത്. ചൈനയിലെ സജീവ സൈനികരുടെ എണ്ണം 20 ലക്ഷമാണെങ്കില്‍ ഇന്ത്യയിലത് 13 ലക്ഷമാണ്. 179 ബില്യണ്‍ ഡോളറാണ് ചൈനീസ് പ്രതിരോധ ബജറ്റ് അതുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യയുടെ (66.9 ബില്യണ്‍ ഡോളര്‍) ബജറ്റ്. ലോകത്ത് യുഎസിനു പിന്നാലെ ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്ക്ക് ചെലവഴിക്കുന്ന രാജ്യമാണ് ചൈന.

∙ ടാങ്കുകൾ

ടാങ്കുകളുടെ എണ്ണമെടുത്താല്‍ ചൈനക്ക് 13000ത്തിലധികമുണ്ട്. ഇന്ത്യക്ക് 4100 ടാങ്കുകള്‍ മാത്രമാണുള്ളത്. സായുധവാഹനങ്ങള്‍ ചൈനക്ക് 40000 ത്തിലേറെ വരുമെങ്കില്‍ ഇന്ത്യക്ക് 2800 മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടര്‍മാരുടെ എണ്ണമെടുത്താല്‍, ചൈനയുടെ 2050ന് ഇന്ത്യന്‍ മറുപടി 266 ആണ്.

∙ മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളും

ഇനി നാവികസേനയുടെ ശക്തി നോക്കിയാല്‍ ചൈനക്ക് 76 മുങ്ങിക്കപ്പലുണ്ടെങ്കില്‍ ഇന്ത്യക്ക് 16 എണ്ണം മാത്രമാണുള്ളത്. 3000 പോര്‍വിമാനങ്ങളാണ് ചൈനക്കുള്ളത്. ഇന്ത്യക്ക് 2000ത്തോളം പോര്‍വിമാനങ്ങളുണ്ട്. ചൈനയിലെ വിമാനത്താവളങ്ങളുടെ എണ്ണം 507 ആണെങ്കില്‍ ഇന്ത്യയിലത് 346 ആണ്. 1990കള്‍ക്കു ശേഷം അതിവേഗത്തിലാണ് പ്രതിരോധ രംഗത്ത് ചൈന കുതിക്കുന്നതെന്നതും ആശങ്കക്കിടയാക്കുന്നതാണ്.

∙ ചൈനയ്ക്ക് ഇന്ത്യയെ ആക്രമിക്കുക അത്ര എളുപ്പമല്ല

സായുധമായി ചൈന ഏറെ മുന്നിലാണെങ്കിലും അത്രയെളുപ്പത്തില്‍ അവര്‍ക്ക് ഇന്ത്യയെ ആക്രമിക്കാനാകില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതില്‍ പ്രധാനം. ഇന്ത്യക്കെതിരെ ഫലപ്രദമായി വ്യോമാക്രമണം നടത്തണമെങ്കില്‍ ചൈനക്ക് അവരുടെ പോര്‍വിമാനങ്ങള്‍ ടിബറ്റിലെത്തിക്കേണ്ടി വരും. ആകെ പോര്‍വിമാനങ്ങള്‍ 2100ലേറെ വരുമെങ്കിലും ഇവയെല്ലാം ഒരിക്കലും ടിബറ്റിലെത്തിക്കാനാകില്ല.

∙ വ്യോമാക്രമണത്തിന് ടിബറ്റിൽ സംവിധാനങ്ങളില്ല

ടിബറ്റില്‍ ആകെയുള്ളത് അഞ്ച് വിമാനത്താവളങ്ങള്‍ മാത്രമാണ്. വ്യോമാക്രമണം കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ 200 കിലോമീറ്ററില്‍ കുറഞ്ഞ ദൂരത്ത് കൂടുതല്‍ വിമാനത്താവളങ്ങളുണ്ടാകണം. അപ്പോള്‍ മാത്രമാണ് പോര്‍വിമാനങ്ങള്‍ക്ക് ദിശമാറ്റേണ്ടി വന്നാല്‍ തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങാനാവുക. 450ഉം 550ഉം 750ഉം കിലോമീറ്ററാണ് ടിബറ്റിലെ വിമാനത്താവളങ്ങള്‍ തമ്മിലെ ദൂരം. ഇനി ഗര്‍ഗുന്‍സ വിമാനത്താവളം ഇന്ത്യക്ക് തകര്‍ക്കാനായാല്‍ ടിബറ്റിലെ വിമാനത്താവളങ്ങള്‍ തമ്മിലുള്ള കുറഞ്ഞ ദൂരം 1500 കിലോമീറ്ററാകും. അതുകൊണ്ട് ആയുധശേഷിയിലേയും പ്രതിരോധരംഗത്തേയും മുന്‍തൂക്കം ചൈനക്ക് ഇന്ത്യക്കുമേല്‍ പ്രയോഗിക്കുക അത്രയെളുപ്പമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT