sections
MORE

യുദ്ധ തന്ത്രങ്ങള്‍ പാടേ മാറുന്നു! പ്രത്യേക സൈബര്‍ സേനാ വിഭാഗവുമായി ബ്രിട്ടിഷ് പട്ടാളം

cyber-war
SHARE

ഈ കാലത്ത് ഡിജിറ്റല്‍ ആക്രമണങ്ങള്‍ നേരിട്ടുള്ള യുദ്ധങ്ങളെ പോലെ തന്നെ ഭീകരമാണെന്നു വിലയിരുത്തിയ ബ്രിട്ടിഷ് സൈന്യവും സൈബര്‍ നീക്കങ്ങള്‍ക്കു മാത്രമായി പുതിയ റെജിമെന്റ് അല്ലെങ്കില്‍ പ്രത്യേക സൈനിക വിഭാഗം തന്നെ തുടങ്ങിയിരിക്കുകയാണ്. തങ്ങളുടെ സൈനിക നീക്കങ്ങള്‍ ഡിജിറ്റല്‍ ആക്രമണങ്ങളിലൂടെ തകരാതിരിക്കുക എന്നതായിരിക്കും പുതിയ സേനയുടെ ദൗത്യങ്ങളിലൊന്ന്. ബ്രിട്ടന്റെ പ്രതിരോധ വകുപ്പാണ് 13-ാം സിഗ്നല്‍ റെജിമെന്റ് (13th Signal Regiment) എന്നു പേരിട്ടിരിക്കുന്ന വിഭാഗം തുടങ്ങിയ കാര്യം വെളിപ്പെടുത്തിയത്. സ്വന്തം ഭൂപ്രദേശത്തും വിദേശത്തുമുള്ള സൈനിക നീക്കങ്ങള്‍ക്ക് ഡിഫന്‍സ് നെറ്റ്‌വര്‍ക്കുകള്‍ ഒരുക്കുകയായിരിക്കും പുതിയ റെജിമെന്റിന്റെ ചുമതല.

സൈന്യത്തിന് ഡിജിറ്റല്‍ പടച്ചട്ട (digital armour) ഒരുക്കുക വഴി തങ്ങളുടെ പട്ടാളക്കാര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും ഓണ്‍ലൈനില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടന്‍ പറയുന്നു. ഈ പ്രത്യേക സൈനിക വിഭാഗത്തിന്റെ തലസ്ഥാനം ഡോര്‍സെറ്റിലെ ബ്ലന്‍ഡ്‌ഫെഡ് ആണ്. ജൂണ്‍ 1 മുതല്‍ ഇതു നിലവില്‍ വന്നു. ഇതോടെ തങ്ങളുടെ സൈന്യത്തിന് പുതിയൊരു ശക്തി കൈവരിക്കാനായതായി അവര്‍ അവകാശപ്പെട്ടു. സൈബര്‍ ഇടങ്ങളിലും പരമ്പരാഗത മേഖലകളായ കര, വായു, കടല്‍ എന്നിവയ്‌ക്കൊപ്പം പ്രാധാന്യം കൊണ്ടുവരാനാണ് ശ്രമം.

പുതിയ വിഭാഗം ബ്രിട്ടന്റെ റോയല്‍ നേവി, റോയല്‍ എയര്‍ഫോഴ്‌സ് തുടങ്ങിയവയ്ക്ക് സുരക്ഷിതമായ നെറ്റ്‌വര്‍ക്കുകള്‍ ഒരുക്കും. വിവരയുദ്ധത്തിലും കരുത്തു കാണിക്കാനുള്ള തരത്തിലുള്ള ഒരു ആധുനികവല്‍ക്കരണമാണ് തങ്ങള്‍ നടത്തിയിരിക്കുന്നത് എന്ന് സേനയുടെ പ്രതിനിധി വ്യക്തമാക്കി. ഇക്കാലത്ത് നേരിട്ടുളള യുദ്ധത്തിന്റെ അത്ര അപകടകാരി തന്നെയാണ് സൈബര്‍ ആക്രമണങ്ങളും. ഇതിനാല്‍ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നു. ഇപ്പോള്‍ നിലവില്‍വന്നിരിക്കുന്ന 13-ാം സിഗ്നല്‍ റെജിമെന്റ് അത്തരത്തിലൊരു തുടക്കമാണെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വോലസ് പറഞ്ഞു.

യുദ്ധ തന്ത്രങ്ങല്‍ പാടേ മാറുന്നു

ബ്രിട്ടിഷ് സർക്കാരും സൈബര്‍ ആക്രമണങ്ങളെ കടല്‍ വഴിയും, കരവഴിയും, വായുമാര്‍ഗവും നടക്കുന്ന ആക്രമണങ്ങള്‍ക്കു തുല്യമാണെന്നാണ് വിശേഷിപ്പിച്ചത്. യുദ്ധത്തിന്റെ സ്വഭാവം തന്നെ മാറുന്നു. പുതിയ യുദ്ധ തന്ത്രങ്ങളാണ് ഉരുത്തിരിഞ്ഞു വരുന്നത്. വ്യവസായ കാലഘട്ടത്തില്‍ നിന്ന് വിവരസാങ്കേതികവിദ്യാ യുഗത്തിലേക്കു വരുമ്പോള്‍ ഡിജിറ്റല്‍, സൈബര്‍ ശേഷികളെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ടതായി വരുന്നു. രാജ്യത്തിന്റെ സുരക്ഷയും മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടിഷ് സൈനികരുടെ സുരക്ഷയും ഉറപ്പാക്കണമെങ്കില്‍ പുതിയ സൈനിക വിഭാഗം ഇപ്പോള്‍ ആവശ്യമാണെന്നാണ് സർക്കാർ പറയുന്നത്.

തങ്ങളുടെ എതിരാളികളും വിധ്വംസക ശക്തികളും ഇപ്പോള്‍ സൈബറിടങ്ങളില്‍ കൂടെയുള്ള പ്രവര്‍ത്തനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു പുതിയ യുദ്ധ മേഖല തന്നെ തുറന്നിരിക്കുകയാണ്. പരമ്പരാഗത ആക്രമണങ്ങളെ കൂടാതെയാണ് സൈബര്‍ ആക്രമണങ്ങള്‍. ഇവയ്ക്കാകട്ടെ രാജ്യങ്ങള്‍ക്കുള്ളതു പോലെയുള്ള അതിര്‍ത്തികളും ഇല്ല. ഇത്തരം ആക്രമണങ്ങള്‍ക്കും പ്രതിരോധം ഒരുക്കാത്ത പക്ഷം ഇനി രാജ്യങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാകില്ല. തുടക്കമെന്ന നിലയില്‍ 13-ാം സിഗ്നല്‍ റെജിമെന്റില്‍ 250 സ്‌പെഷ്യലിസ്റ്റുകളാണ് ജോലിയെടുത്തു തുടങ്ങുക. ഇവര്‍ക്ക് ഈ മേഖലയില്‍ വേണ്ട ഏറ്റവും പുതിയ സാങ്കേതികവിദ്യാ പരമായ അറിവുള്ളവരായിരിക്കും. ബ്രിട്ടിഷ് സേനയുടെ ആധുനികവല്‍ക്കരണത്തിന്റെ സുപ്രധാന ഏടാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ സേനയുടെ നിലവിലുള്ള ശേഷിയെ പുനര്‍ക്രമീകരിക്കാനായേക്കുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ.

ഔദ്യോഗികമായി കരസേനയുടെ കീഴിലാണ് 13-ാം സിഗ്നല്‍ റെജിമെന്റും പ്രവര്‍ത്തിക്കുക എങ്കിലും പുതിയ വിഭാഗം നാവിക സേനയ്ക്കും വ്യോമസേനയ്ക്കുമൊപ്പവും പ്രവര്‍ത്തിക്കും. ബ്രിട്ടനിലെ മറ്റ് സൈബര്‍ ഏജന്‍സികളായ ജിസിഎച്ക്യു, എന്‍സിഎസ്‌സി എന്നിവയ്‌ക്കൊപ്പവും പുതിയ വിഭാഗം പ്രവര്‍ത്തിക്കും. ഇവരുടെ ചുമതലയില്‍ പ്രധാനം പ്രതിരോധം ചമയ്ക്കലായിരിക്കും. എതിരാളികള്‍ക്കു നേരെ സൈബര്‍ ആക്രമണങ്ങളുതിര്‍ക്കുക എന്നത് ഇപ്പോള്‍ ഇവരുടെ ചുമതല അല്ല.

British-Army-

ഈ വിഭാഗത്തില്‍ പല സൈബര്‍ പ്രതിരോധ ടീമുകള്‍ ഉണ്ടായിരിക്കും. ഇവരെ സഹായിക്കുന്ന ടെക്‌നിക്കല്‍ ടീമും പ്രവര്‍ത്തിക്കും. സേനയുടെ സൈബറിടങ്ങളുടെ സുരക്ഷ പരിരക്ഷിക്കുകയായിരിക്കും ഇവരുടെ ആദ്യ ചുമതല. മുൻപ് ബ്രിട്ടന് 13-ാം സിഗ്നല്‍ റെജിമെന്റ് നിലവിലുണ്ടായിരുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു. ഇവരായിരുന്നു ഫസ്റ്റ് സ്‌പെഷ്യല്‍ വയര്‍ലെസ് ഗ്രൂപ്പ് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. വയര്‍ലെസ് ടെക്‌നോളജി, ഹൈ ഫ്രീക്വന്‍സി വയര്‍ലെസ് റേഡിയോസ് എന്നിവയുടെ ചുമതലയായിരുന്നു അന്ന് ഈ വിഭാഗത്തിന്.

English Summary: 13th Signal Regiment: UK army launches first dedicated cyber warfare division

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA