ADVERTISEMENT

ചൈനയുമായുള്ള സംഘർഷത്തിനിടെ ഇന്ത്യൻ വ്യോമസേന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി കഴിഞ്ഞു. അതിർത്തിയിലെ വ്യോമതാവളങ്ങളെല്ലാം ജാഗ്രതയിലാണ്. ഇതിനിടെ ബ്രഹ്മോസ് മിസൈലിനു കോംബാറ്റ് ക്ലിയറൻസ് കൂടി ലഭിച്ചതോടെ വ്യോമസേന കൂടുതൽ കരുത്തു നേടി. ചൈനയ്ക്കെതിരെ അതിർത്തിയിൽ വ്യോമസേനയ്ക്ക് ആവശ്യമെങ്കിൽ ഇനി ബ്രഹ്മോസ് മിസൈൽ വിന്യസിക്കാൻ സാധിക്കും. ഈ വർഷം ജനുവരിയിൽ ബ്രഹ്മോസിന്റെയും സുഖോയ് -30 ന്റെയും ഒന്നിപ്പിക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ബ്രഹ്മോസ് കോർപ്പറേഷനിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മിസൈലിന് ഫ്ലീറ്റ് റിലീസ് ക്ലിയറൻസ് ലഭിച്ചു എന്നാണ്. അതായത് ഇനി മുതൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് ഈ മിസൈൽ ഏത് ദൗത്യത്തിലും ഉപയോഗിക്കാൻ കഴിയും. യഥാർഥത്തിൽ, ഏത് മിസൈലിന്റെയും അവസാന ഘട്ടമാണ് ഫ്ലീറ്റ് റിലീസ് ക്ലിയറൻസ്. ഈ അംഗീകാരത്തിനു ശേഷം മിസൈൽ യുദ്ധത്തിന് പൂർണമായും തയാറാണെന്ന് ചുരുക്കം.

സൂപ്പർസോണിക് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്-എ. 300 കിലോമീറ്റർ വരെയുള്ള ടാർഗെറ്റുകളെ ആക്രമിക്കാൻ ഇതിനു കഴിയും. ഈ വർഷം ആദ്യം, വ്യോമസേനയുടെ യുദ്ധവിമാനമായ സുഖോയ് -30 ഉപയോഗിച്ച് മിസൈൽ പരീക്ഷിച്ചിരുന്നു. ജനുവരിയിൽ ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഘടിപ്പിച്ച സുഖോയ് -30 എം‌കെ‌ഐ യുദ്ധവിമാനം തഞ്ചാവൂർ ഐ‌എ‌എഫ് എയർ ബേസിൽ വിന്യസിച്ചിരുന്നു.

അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യക്ക് വ്യോമതാവളം ഉണ്ട്. അത്യാധുനിക പോർവിമാനം സുഖോയ് ഇവിടെ പറന്നിറങ്ങുകയും ചെയ്തിരുന്നു. അതിർത്തിയിൽ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വിന്യസിച്ചെന്ന് ആരോപിച്ച് ചൈന നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.

നാലു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന അതിർത്തി സുരക്ഷ സംബന്ധിച്ച യോഗത്തിനു ശേഷം അരുണാചൽ പ്രദേശിലെ വ്യോമതാവളത്തിൽ ബ്രഹ്മോസ് മിസൈൽ വിന്യസിക്കാൻ തീരുമാനമായിരുന്നു. പുതിയ ബ്രഹ്മോസ് റെജ്മെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതിതുക 4,300 കോടി രൂപ വകയിരുത്തിയതായും അന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

English Summary: BrahMos missile ready for war, gets combat clearance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com