ADVERTISEMENT

ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണാവുന്നത് 1980കളുടെ മധ്യേ വരെ ഇന്ത്യന്‍ വ്യോമസേന കരുത്താര്‍ജ്ജിച്ചത് പാക്കിസ്ഥാനെ മനസില്‍ വച്ചാണെന്ന കാര്യമാണ്. എന്തോ വിചിത്ര കാരണത്താല്‍ ചൈന എന്ന എതിരാളെയെക്കുറിച്ച് വളരെ കാലത്തേക്ക് ചിന്തിച്ചിരുന്നില്ല. അവരുമായി ഒരു യുദ്ധം ചെയ്തിരുന്നെങ്കില്‍ പോലും, ചൈന ഉയര്‍ത്തുന്ന ഭീഷണി വീണ്ടും പരിഗണിച്ചു തുടങ്ങുന്നതുതന്നെ അടുത്ത കാലത്താണ്. അതിനര്‍ഥം ചൈന അതുവരെ ഒരു ഭീഷണിയായിരുന്നില്ല എന്നല്ല. മറിച്ച് ഇന്ത്യയ്ക്ക് അവരെ എതിരിടാനുള്ള ശേഷിയില്ല എന്ന കാരണവുമാകാമെന്നു വാദിക്കുന്നവരുണ്ട്. വളരെ അടുത്ത കാലം വരെ ചൈനയുമായുള്ള അതിര്‍ത്തിക്കടുത്ത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്‌പെഷ്യല്‍ എയര്‍ മിഷന്‍ (SAM) താവളങ്ങളോ, റഡാര്‍ യൂണിറ്റുകളോ പോലും ഉണ്ടായിരുന്നില്ല. വ്യോമസേന ആദ്യം ശരിക്കു ചിറകുവിരിക്കട്ടെ എന്നതായിരുന്നു സർക്കാരിന്റെ ചിന്ത എന്നു പറയുന്നവരും ഉണ്ട്. എന്നാല്‍, അതെല്ലാം പഴങ്കഥകളായി.

 

ഇക്കാലത്ത് ചൈനയെ മുന്നില്‍ക്കണ്ടു കൊണ്ടു തന്നെയാണ് പല യുദ്ധ തന്ത്രങ്ങളും ഇന്ത്യ മെനയുന്നതു തന്നെ. നേരത്തെ ഉണ്ടായിരുന്ന എയര്‍ഫോഴ്‌സിന്റെ മിഗ്-21 എഫ്എല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ സുഖോയ് എസ്‌യു-30 എംകെഐക്കു വഴിമാറി. കിഴക്കന്‍ പ്രദേശത്തെയും വ്യോമ സേനയുടെ താവളങ്ങളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങി. കിഴക്കന്‍ സേനാ വിഭാഗത്തിനിപ്പോള്‍, ആശ്രയിക്കാവുന്ന ചില സ്‌പെഷ്യല്‍ എയര്‍ മിഷനുകള്‍ ലഭിച്ചു. അപ്പാഷെകളടെ പ്രതിരോധവും ഇപ്പോഴുണ്ട്. പകുതിയോളം റഫാല്‍ വിമാനങ്ങളും സമീപ ഭാവിയില്‍ തന്നെ ഇവിടെ തമ്പടിച്ചേക്കുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

 

ഇന്ത്യന്‍ വ്യോമസേനയുടെ വീക്ഷണഗതിയില്‍ അടങ്ങിയരിക്കുന്നത് വികേന്ദ്രീകരണമെന്ന മന്ത്രമാണ്. ഓരോ കമാന്‍ഡുകളും അവര്‍ക്ക് ഉത്തരവാദിത്വപ്പെട്ട മേഖലയില്‍ ( Area of Responsibility) പോരാട്ടം നയിക്കും. ഇതിനവര്‍ അസ്ഥാനത്തു നിന്നുള്ള ആജ്ഞകള്‍ സ്വീകരിക്കും. ചില തന്ത്രപ്രധാനമായ കാര്യങ്ങള്‍ക്കു മാത്രം ഡൽഹിയിലെ ആസ്ഥാനത്തുനിന്നുള്ള അനുമതി വാങ്ങും. ഇതൊഴിച്ചാല്‍ ഒരോ കമാന്‍ഡിന്റെയും നിയന്ത്രണം അതിന്റെ എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫിന്റേതായിരിക്കും. യുദ്ധത്തിലെ നീക്കങ്ങളുടെ ഉത്തരവാദിത്വവും ഇദ്ദേഹത്തിന്റെ ചുമലിലായിരിക്കും. അടുത്തടുത്തുള്ള കമാന്‍ഡുകള്‍ തമ്മില്‍ ചില കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിലൂടെ യുദ്ധം കെട്ടുപാടുകളില്ലാതെ നടക്കും. തന്ത്രപ്രധാനമായ ചില ഉപാധികള്‍ എയര്‍ ഹെഡ്ക്വാട്ടേഴ്‌സിലായിരിക്കും ഇരിക്കുക. ഓരോ സ്ഥലത്തെയും ആവശ്യത്തിന് അനുസരിച്ചായിരിക്കും അത് എത്തിച്ചു കൊടുക്കുക. ഈ ഘടന ഇന്ത്യയുടെ യുദ്ധ നീക്കങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ്, ഉറപ്പുള്ളതാണ്. ഇതിന്റെ മികവ് പരീക്ഷിച്ചറിഞ്ഞും കഴിഞ്ഞതാണ്.

 

ഈ ഘട്ടത്തില്‍ മറു തലയ്ക്കല്‍ എന്തു നടക്കുന്നുവെന്നു കൂടി പരിശോധിക്കേണ്ട കാര്യമുണ്ട്. ഭൂമിശാസ്ത്രപരമായി ചില സ്വാഭാവിക പ്രതിരോധങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയ്ക്ക് ഉപകാരപ്രദമാണ്. ചൈനയുടെ ആക്രമണത്തിന് ഇവ ഇക്കാലത്തും വിങ്ങുതടിയാണ്. സ്വാഭാവിക പ്രതിബന്ധം എന്ന ആശയമൊക്കെ നേഴ്‌സറി സ്‌കൂള്‍ പുസ്തകത്തില്‍ നിന്നെടുത്തതല്ലെ? ആധുനിക കാലത്ത് അതിനൊക്കെ എന്തു പ്രാധാന്യം എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വിദഗ്ധര്‍ പറയുന്നത് വ്യോമാക്രമണങ്ങള്‍ സുഗമമാകാന്‍ പ്രകൃത്യാ ഉള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലെതെന്നാണ്. ഈ പ്രദേശത്തിന്റെ കിടപ്പായിരിക്കാം വ്യോമ സേനയുടെ സഹായത്തോടെ ഇടയ്ക്കടിയ്ക്ക് പ്രശനമുണ്ടാക്കിക്കൊണ്ടിരിക്കുന്നതില്‍ നിന്ന് ചൈനയെ പിന്തിരിപ്പിച്ചു നിർത്തിയതെന്നു പറയുന്നവരുമുണ്ട്. എന്നാല്‍, ആരും ചൈനയുടേ വ്യോമസേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ ഫോഴ്‌സ്, അഥവാ പിഎല്‍എഎഎഫിന്റെ (People's Liberation Army Air Force (PLAAF) വില കുറച്ചു കാണേണ്ടതില്ല. മറ്റു ലോക വന്‍ ശക്തികള്‍ക്കു പോലും അസൂയയോടെയല്ലാതെ നോക്കാന്‍ സാധിക്കാത്ത ഒരു വിഭാഗമാണിത്. അന്തര്‍ ദേശീയ നിലവാര മികവ് അവരുടെ ഓരോ നീക്കത്തിലും പ്രതീക്ഷിക്കാം.

 

ലോകത്തെ ഏറ്റവും മികച്ച നിലവാരമുള്ള സാങ്കേതികവിദ്യകള്‍ ഒളിഞ്ഞും തെളിഞ്ഞും തങ്ങള്‍ക്കായി പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്. അവരുടെ ചെങ്ഡു ജെ-10എസ് (Chengdu J-10s), ഷെന്യാങ് ജെ-11എസ് ( Shenyang J-11s) എന്നിവ അധികം താമസിയാതെ പിഎല്‍എഎഎഫിന്റെ ഇന്റര്‍സെപ്റ്റര്‍ ഫോഴ്‌സിന്റെ നട്ടെല്ലാകും. ഇവ രണ്ടും സുഖോയ് എസ്‌യു-27, സുഖോയ് എസ്‌യു-30 എന്നിവയുടെ ചൈനീസ് പതിപ്പുകളാണ്. അണിയറയില്‍ പണി പൂര്‍ത്തിയായി വരുന്നത് പരിഷ്‌കരിച്ച പതിപ്പുകളുമാണ്- ചെങ്ഡു ജെ-20, ഷെന്യാങ് എഫ്‌സി-31 അല്ലെങ്കില്‍ ജെ-31. ഇവയില്‍ ചെങ്ഡു ജെ-20 ലോക്ഹീഡ് മാര്‍ട്ടിന്‍ എഫ്- 22 റാപ്റ്ററിനെ അനുകരിച്ചു നിര്‍മിക്കുന്നതാണ്. ഇതിനാല്‍ ഇതായിരിക്കും ഇന്ത്യന്‍ വ്യോമസേനയുടെ താവളങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കുക എന്നാണ് കരുതുന്നത്. ഇവയ്‌ക്കൊപ്പം റഷ്യയില്‍ നിന്നു വാങ്ങിയ എസ്‌യു-35 കളെയും കൂടെ കൂട്ടാം. ഇത്തരത്തിലുള്ള 20 പോര്‍ വിമാനങ്ങളാണ് ചൈന വാങ്ങിയിരിക്കുന്നത്.

 

ചൈനീസ് വ്യോമ താവളങ്ങള്‍ ഇന്ത്യന്‍ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമാണോ?

 

ഓരോ ടെക്‌നോളജിയുടെയും വിജയത്തിനു പിന്നില്‍ മറ്റു ഘടകങ്ങളും ഉണ്ട്. ഇവ എവിടെയാണിരിക്കുന്നത് എന്നതും, ഏതു സമയത്താണ് പ്രയോഗിക്കുന്നത് എന്നതുമൊക്കെ പരിഗണിക്കേണ്ടാ കാര്യങ്ങളാണ്. ഇന്ത്യയ്ക്കെതിരെ ഉപയോഗപ്രദമായേക്കാവുന്ന ആറ് വ്യോമ താവളങ്ങളാണ് ചൈനയ്ക്കുള്ളത്. ഇവയെല്ലാം 3000 മീറ്ററലേറെ ഉയരത്തില്‍ (elevation) സ്ഥിതിചെയ്യുന്നവയാണ്. ഇത് ആക്രമണത്തിന് ഉപകരിച്ചേക്കാമെങ്കിലും ഈ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടന്നാല്‍ പ്രതിരോധിക്കുന്നതിന് ഗുണകരമല്ലെന്നും വാദമുണ്ട്. മലകള്‍ നിറഞ്ഞ ഈ പ്രദേശത്ത് ശത്രുവിന്റെ ആക്രമണം നേരത്തെ തിരിച്ചറിയല്‍ എളുപ്പമാവില്ല. സമയത്തിന് അറിയാന്‍ സാധിച്ചില്ലെങ്കില്‍ അത് പ്രശ്‌നമാകുമെന്നു പറയേണ്ട കാര്യമില്ലല്ലോ. ഇതിനാല്‍ ചൈനീസ് ഡ്രാഗണ് റിലാക്‌സു ചെയ്തു കിടക്കാന്‍ ഒക്കില്ല. ഇന്ത്യന്‍ ആക്രമണങ്ങള്‍ കാലേക്കൂട്ടി പ്ലാന്‍ ചെയ്ത് കൃത്യതയോടെ നടപ്പാക്കിയാല്‍ എതിരാളി പകച്ചു പോയേക്കും. ഈ താവളങ്ങളെല്ലാം ഇന്ത്യന്‍ എയര്‍ ഫീല്‍ഡുകളില്‍ നിന്ന് വളരെ അകലെയാണെന്നതും മറ്റൊരു പ്രശ്‌നമാണ്. ആക്രമിക്കാനിറങ്ങുന്ന വിമാനങ്ങള്‍ക്ക് വീണ്ടും ഇന്ധനം നിറയ്‌ക്കേണ്ടി വന്നാലെ ലക്ഷ്യ സ്ഥാനത്ത് എത്താനാകൂ എന്നത് ഇരു വഭാഗവും പരിഗണിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍, വായുവില്‍ വച്ചു തന്നെ ഇന്ധനം നിറയ്ക്കാന്‍ കഴിവുള്ള എയര്‍-ടു-എയര്‍ റീഫ്യൂവലിങ് ഉള്ള വിമാനങ്ങള്‍ ഉപയോഗിച്ചായിരിക്കാം ആക്രമണം.

 

ഇന്ത്യയ്ക്കാണ് അല്‍പം സാധ്യത കൂടുതലെന്ന് പറയാന്‍ കാരണമെന്ത്?

 

ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ചൈനയെ മുന്നില്‍ കണ്ട് ഉരുത്തിരിഞ്ഞു വന്നതല്ല. അതുപോലെ ചൈനീസ് വ്യോമസേനയും ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധത്തിനായി ഉണ്ടാക്കിയതല്ല. ചൈനയുടെ വിഖ്യാതമായ പല എയര്‍ ബെയ്‌സുകളും ഇന്ത്യയില്‍ നിന്ന് ബഹുദൂരം അകലെയാണ്. അവ നിര്‍മിച്ചപ്പോള്‍ ഇന്ത്യയെ ആക്രമിക്കുക എന്ന ലക്ഷ്യം പോയിട്ട് തങ്ങളുടെ ഇന്ത്യയുമായുള്ള അതിര്‍ത്തി സംരക്ഷിക്കണമെന്ന ലക്ഷ്യം പോലുമില്ലായിരുന്നു. എന്നാൽ, ഇന്ത്യയ്ക്കു പേടിക്കേണ്ട ഏതാനും എയര്‍ ബെയ്‌സുകള്‍ ചൈനയുടെ ഭാഗത്തുണ്ട്. ഇവിടെയുള്ള പ്രശ്‌നമെന്താണെന്നു ചോദിച്ചാല്‍ ഇവ തമ്മില്‍ പരസ്പരസഹായം കുറവാണ്. ഒരെണ്ണത്തിനു നേരെ ആക്രമണം നടന്നാല്‍, അടുത്തു കിടക്കുന്ന താവളത്തിന് സഹായമെത്തിക്കാനുള്ള സമയമില്ല. ഇത് ഇന്ത്യയ്ക്കുമുന്നില്‍ തുറന്നിടുന്നത് ഒരു വന്‍ സാധ്യതയാണെന്നു പറയുന്നു. അടുത്തടുത്ത രണ്ടു താവളങ്ങള്‍ തമ്മില്‍ ഏകദേശം 400-500 കിലോമീറ്റര്‍ അകലമുണ്ട്. ഇക്കാലത്തെ ടെക്‌നോളജി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഇത്രയധികം അകലെ കിട്ടുന്ന സ്ഥലങ്ങള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുക എളുപ്പമല്ലെന്നു ചില വിദഗ്ധര്‍ പറയുന്നു.

 

ശക്തി ദൗര്‍ബല്യങ്ങള്‍

 

കരസേനയ്ക്ക് ശക്തി പകരുക എന്നതായിരിക്കാം വ്യോമസേനയുടെ ദൗത്യം. ചൈനയിലേക്ക് അതിക്രമിച്ചു പറന്നേക്കുമെങ്കിലും അത് പാക്കിസ്ഥാനില്‍ നടത്തുന്ന തരത്തിലുള്ള ഒന്നായിരിക്കില്ല. ഇന്ത്യയുടെ എയര്‍ ബെയ്‌സുകള്‍ സംരക്ഷിച്ചു നിർത്തുക എന്നു പറയുന്നതും അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. ചൈന അയച്ചേക്കാവുന്ന സര്‍ഫസ്-ടു-സര്‍ഫസ് ബാലിസ്റ്റിക് മിസൈലുകള്‍, പരമ്പരാഗത പോര്‍മുനയും പേറിയാണ് വരുന്നതെങ്കില്‍ അവ പ്രധാന ഭീഷണികളിലൊന്നാണെങ്കിലും, അതോടെ എല്ലാം തീര്‍ന്നു എന്നു വരില്ല. എന്നാല്‍, അവയ്ക്ക് ആണവ പോര്‍മുനകളാണ് ഉള്ളതെങ്കില്‍ കാര്യങ്ങള്‍ മുഴുവന്‍ തകിടം മറിഞ്ഞേക്കും. ഇത്തരമൊരു സാഹചര്യം ഉരുത്തിരിയാതിരിക്കാന്‍ ഇരു പക്ഷവും ശ്രമിക്കുമെന്നു കരുതാനെ നമുക്കു സാധിക്കൂ.

English Summary: Is Indian Air Force’s Current Capability Enough to ‘Fight’ China?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT