ADVERTISEMENT

അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ചൈനയെ നേരിടാൻ ഇന്ത്യൻ നാവികസേനയും സജ്ജമായി കഴിഞ്ഞു. ജപ്പാനും അമേരിക്കയും ചൈനയ്ക്കെതിരെ ഒരു ഭാഗത്ത് നീങ്ങുമ്പോൾ തന്നെ രാജ്യത്തെ നാവികസേനയും ഏതു സാഹചര്യവും നേരിടാൻ സജ്ജമായി.

 

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ മുങ്ങിക്കപ്പലുകളുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ നാവികസേന പ്രധാനമായും ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണവശക്തിയോടെയുള്ള മുങ്ങിക്കപ്പലുകളാണ് ഒരുക്കുന്നത് എന്നതാണ്. ഇതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ടു നീങ്ങാനാണ് നാവികസേന ഉദ്ദേശിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്കടുത്ത് തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും സേന ശ്രമിക്കുന്നുണ്ട്. തന്ത്രപ്രാധാന്യമുള്ള മലാക കടലിടുക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

പുതിയ നീക്കങ്ങള്‍ക്ക് ചൈനയുമായി വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാധാന്യം വര്‍ധിക്കുന്നത്. ഏതു നിമിഷത്തിലും ഇന്ത്യ-ചൈന ബന്ധം വഷളാകാനുള്ള സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അടുത്തിടെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്. സംഘര്‍ഷം വഷളാകുകയാണെങ്കില്‍ ഇന്ത്യന്‍ നാവികസേനയും സജീവമായേക്കുമെന്നാണ് കരുതുന്നത്. സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത് കടലില്‍ നിന്ന് വളരെ ഉള്ളിലാണെങ്കിലും നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലും മലാക്കാ കടലിടുക്കിലും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കും.

 

ഇത് നിര്‍ണായകമായ ഒരു നീക്കമാണ് എന്നാണ് കരുതുന്നത്. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈനീസ് നാവിക സേനയുടെ ശക്തി അതിവേഗം വളര്‍ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പീപ്പിൾസ് ലിബറേഷന്‍ ആര്‍മി നേവി, അഥവാ പ്ലാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൈനീസ് നാവിക സേന വരും വര്‍ഷങ്ങളില്‍ വന്‍തോതില്‍ മുന്നേറ്റം നടത്തുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. സണ്‍ഡേ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്ലാനിന് 110 മുങ്ങിക്കപ്പലുകള്‍ ഉണ്ടായിരിക്കുമെന്നാണ്. എന്നാല്‍, മലാക്ക കടലിടുക്കായിരിക്കും ചൈനീസ് ആക്രമണങ്ങള്‍ക്കും ഇന്ത്യയ്ക്കുമടയ്ക്കുള്ള പ്രതിബന്ധം.

 

ചൈനയുടെ അടുത്ത തലമുറയിലെ മുങ്ങിക്കപ്പലുകള്‍ അറിയപ്പെടുന്നത് ടൈപ്-095 എന്നായിരിക്കും. ഇവയില്‍ ആദ്യത്തേത് അധികം താമസിയാതെ പുറത്തിറക്കിയേക്കും. ഇവ അത്യാധുനികവും ഒളിയാക്രമണ സജ്ജവും ആയിരിക്കുമെന്നാണ് കരുതുന്നത്. ഇവയ്ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും. എന്നു പറഞ്ഞാല്‍ ഇവയ്ക്ക് കൂടുതല്‍ സമയം കടലിനടിയിൽ കഴിയാന്‍ സാധിക്കുമെന്നാണര്‍ഥം. ചൈനയുടെ ഇപ്പോഴുള്ള മുങ്ങിക്കപ്പലായ ടൈപ്-093 ഷാങ് ക്ലാസിന് (Type-093 Shang Class) ആണവശക്തിയുണ്ട്. എന്നു പറഞ്ഞാല്‍ അതിന്റെ വിഹാരശേഷിക്ക് പരിമിതികളില്ല. എന്നാല്‍, ലോകത്തെ ഏറ്റവും പുതിയ പല മുങ്ങിക്കപ്പലുകളോടും താരതമ്യം ചെയ്യുമ്പോള്‍ അവയ്ക്ക് വലുപ്പക്കുറവുണ്ടെന്നു കാണാം. ഇതിനാല്‍ അതില്‍ ഉള്‍ക്കൊള്ളിക്കാവുന്ന സൈനികരുടെ എണ്ണത്തിനും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും പരിമിതിയുണ്ടെന്നു കാണാം. ഇവ ചൈനയ്ക്ക് കുറച്ചിലുണ്ടാക്കുന്ന കാര്യങ്ങളായതിനാലാണ് അവര്‍ അതിനൂതന ആണവശക്തിയുള്ള മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നത്.

 

തങ്ങളുടെ മുങ്ങിക്കപ്പലുകളെ ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയയ്ക്കാന്‍ ചൈനയ്ക്ക് ഉദ്ദേശമുണ്ടെങ്കില്‍, ടൈപ്-095 പോലെയുളളവ വന്‍ മാറ്റമായിരിക്കും കൊണ്ടുവരിക. ഒളിപ്പോരില്‍ ഇവയുടെ പ്രഹരശേഷി മാരകമായിരിക്കാം. ഡിജിബൗട്ടി (Djibouti) എന്ന സ്ഥലത്ത് ചൈനയ്ക്ക് ഇപ്പോള്‍ത്തന്നെ ഒരു നാവികേന്ദ്രമുണ്ടെന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇതു കൂടാതെ പാക്കിസ്ഥാനിലെ ഗ്വാദര്‍ (Gwadar) തുറമുഖത്തും പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടം ചൈനീസ് നാവികസേനയുടെ വിദേശ താവളങ്ങളിലൊന്നായിരിക്കുമെന്നും അഭ്യൂഹമുണ്ട്.

 

നാവികസേന വിപുലീകരിച്ച് പാക്കിസ്ഥാനും

 

കുറച്ചു കൂടെ അടുത്ത്, ഇന്ത്യയുടെ ശത്രുക്കളായ പാക്കിസ്ഥാനും തങ്ങളുടെ നാവിക ശക്തി വര്‍ധിപ്പിക്കാനായി ആധുനികവല്‍ക്കരണം നടപ്പില്‍ വരുത്തുകയാണ്. തങ്ങളുടെ മുങ്ങിക്കപ്പലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാനും തീരുമാനിച്ചിട്ടുണ്ട്. ഇവയില്‍ ചൈനയില്‍ നിന്നു വാങ്ങിയ റോന്തുചുറ്റാനുള്ള മുങ്ങിക്കപ്പലുകളും അടങ്ങും. എക്‌സ്-ക്രാഫ്റ്റ് (X-Craft) എന്നറിയപ്പെടുന്ന ചെറിയ മുങ്ങിക്കപ്പലുകളും നീറ്റിലിറക്കും. ഇവ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുകയത്രെ.

 

അതിവേഗം വളരുന്ന ഈ ഭീഷണികള്‍ക്കെതിരെ ഇന്ത്യയും വളരെ പെട്ടെന്നു നീങ്ങേണ്ടതായിട്ടുണ്ടെന്ന ചിന്തയാണ് മുങ്ങിക്കപ്പലുകളുടെ ആധുനികവല്‍ക്കരണം ഗൗരവത്തിലെടുക്കാന്‍ നാവികസേനയെ പ്രേരിപ്പിച്ചത്. ബംഗാള്‍ ഉള്‍ക്കടിലിലുള്ള നാവിക കേന്ദ്രം ഇന്ത്യയ്ക്ക് കടലിലുള്ള സ്വാഭാവിക പ്രതിരോധം വര്‍ധിപ്പിക്കും. ഇന്ത്യ നിര്‍മിച്ചുവരുന്ന പുതിയ മുങ്ങിക്കപ്പലുകളിലൊന്ന് ഐഎന്‍എസ് വര്‍ഷയാണ്. കിഴക്കെ പ്രതിരോധ മേഖല മലാക്ക കടലിടുക്കില്‍ നിന്ന് കുറച്ചു ദൂരെയാണെന്നുള്ളതിനാല്‍ അവിടം ശക്തിപ്പെടുത്തേണ്ടത് ഇന്ത്യയുടെ തന്ത്രങ്ങളില്‍ പ്രധാനമായിരിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകളാണ് ഈ മേഖലയ്ക്ക് ഇപ്പോള്‍ പ്രതിരോധം തീർക്കുന്നത്. അധികം താഴ്ചയില്ലാത്ത ഈ മേഖലയ്ക്ക് ഉചിതം ഇന്ത്യയുടെ ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലുകളാണു താനും. ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ആണവ ശക്തിയുള്ള മുങ്ങിക്കപ്പലുകള്‍ക്കും ശത്രുവിനുമിടയിലായിക്കും ഇവ പ്രവര്‍ത്തിക്കുക.

English Summary: India’s Submarines Make Strategic Move To Dominate Indian Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com