ADVERTISEMENT

ലഡാക്കിൽ വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിന്യസിച്ച് ചൈനയ്ക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കി. ശത്രുവിന്റെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും അതിവേഗത്തിൽ തകർക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം. 'ആകാശ്' മിസൈലുകളുടെ സഹായത്തോടെയാണ് അതിർത്തിയിൽ വ്യോമപ്രതിരോധം തീർത്തിരിക്കുന്നത്.

 

ചൈനീസ് ഭാഗത്തു നിന്നു ഏതെങ്കിലും തരത്തിലുള്ള വ്യോമ ഭീഷണിയുണ്ടായാൽ നേരിടാൻ ലക്ഷ്യമിട്ടാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്. ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്താനുളള റഡാർ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

 

അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളും ഡ്രോണുകളും ഏതാനും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുളളതാണ് ആകാശ് മിസൈലുകൾ. ഉയർന്ന പർവതപ്രദേശങ്ങളിൽ വിന്യസിക്കുന്നതിന് അനുയോജ്യമായ രീതിയിൽ ഇത് പരിഷ്‌ക്കരിച്ചതാണ്. സുഖോയ് പോർവിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ അതിര്‍ത്തിയില്‍ ഇന്ത്യ വ്യോമ നിരീക്ഷണം നടത്തുന്നത്.

 

ലെഹ് വ്യോമതാവളത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പാക്ക് അധീന കശ്മീരിലെ സ്കാർഡു എയർബേസിൽ കഴിഞ്ഞയാഴ്ച ഇന്ധനം നിറയ്ക്കുന്ന ഒരു ചൈനീസ് വിമാനം കണ്ടതായി റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടലുണ്ടായാൽ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ ചൈനയ്ക്ക് പാക്കിസ്ഥാൻ വ്യോമ താവളങ്ങൾ നൽകുമെന്നതിന്റെ സൂചനയാണിത്.

 

ചൈനീസ് വ്യോമസേന സിൻജിയാങ്ങിലെ ഹോതാൻ വ്യോമതാവളത്തിൽ അത്യാധുനിക പോർവിമാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. ഇന്ത്യൻ പ്രദേശത്തിനടുത്ത് ചൈനയുടെ സുഖോയ് -30 പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈന കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിലാണ് സുഖോയ് 30 ഉൾപ്പെടെയുള്ള പോർവിമാനങ്ങൾ വിന്യസിച്ചത്. ചൈനീസ് ഹെലികോപ്റ്ററുകളും അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. 

 

ഇതോടൊപ്പം തന്നെ ഇന്ത്യൻ വ്യോമസേന സുഖോയ് -30 എം‌കെ‌ഐ, മിറാഷ് 2000, ജാഗ്വാർ യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വിവിധ വ്യോമതാവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വ്യോമസേനാ മേധാവി ആർ‌കെ‌എസ് ഭദൗരിയ ലെഹ്, ശ്രീനഗർ വ്യോമ താവളങ്ങൾ സന്ദർശിച്ചിരുന്നു.

English Summary: Air defence missile systems deployed in Eastern Ladakh to counter Chinese build-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com