ADVERTISEMENT

ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനയുമായുള്ള കടുത്ത ഏറ്റുമുട്ടലിനുശേഷം, ഇന്ത്യൻ നാവികസേന നിരീക്ഷണ ദൗത്യങ്ങൾ ശക്തമാക്കുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിന്യാസങ്ങൾ വർധിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ നാവികസേന യുഎസ് നേവി, ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് തുടങ്ങി സൗഹൃദ നാവിക സേനകളുമായുള്ള പ്രവർത്തന സഹകരണം വർധിപ്പിക്കുകയാണ്. ലോകശക്തികളായ മൂന്നു രാജ്യങ്ങൾ ചേർന്നുള്ള നീക്കങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ തുടങ്ങി. 

 

ഇന്ത്യയുടെയും ജപ്പാന്റെയും അമേരിക്കയുടെയും മുഖ്യ ശത്രുക്കളായ ചൈനയെ പൂട്ടാൻ ലക്ഷ്യമിട്ട് തന്നെയാണ് ഈ നീക്കം. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിട്ടുള്ള മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം അതിവിദഗ്ധമായി കണ്ടെത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. ഈ മേഖലയിൽ നിരവധി മുങ്ങിക്കപ്പലുകൾ ചൈന വിന്യസിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ ഇന്ത്യ കണ്ടെത്തിയതാണ്. ശ്രീലങ്ക, പാക്കിസ്ഥാൻ തീരങ്ങളിലും ചൈനയുടെ മുങ്ങിക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഇത്തരം മുങ്ങിക്കപ്പലുകളെ പെട്ടെന്ന് കണ്ടെത്തി ആക്രമിക്കാനുള്ള പരിശീലനം 21–ാം മലബാർ നാവികാഭ്യാസത്തിൽ നടന്നിരുന്നു.

 

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ജാപ്പനീസ് നാവികസേനയുമായി ഇന്ത്യൻ നാവികസേന ശനിയാഴ്ച സൈനികാഭ്യാസം നടത്തിയിരുന്നു. ചൈനീസ് നാവിക കപ്പലുകളും അന്തർവാഹിനികളും പതിവായി വരുന്ന പ്രദേശത്താണ് ഈ അഭ്യാസം നടത്തിയതെന്നും ശ്രദ്ധേയമാണ്.

 

ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐ‌എൻ‌എസ് റാണ, ഐ‌എൻ‌എസ് കുലിഷ് എന്നിവ അഭ്യാസത്തിന്റെ ഭാഗമാണെന്നും ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സ് തങ്ങളുടെ രണ്ട് കപ്പലുകളായ ജെ എസ് കാശിമ, ജെ എസ് ഷിമായുകി എന്നി വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 

രണ്ട് നാവികസേനകളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിഭവ സമൃദ്ധമായ ഇന്തോ-പസഫിക് മേഖലയിൽ സൈനിക സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള ചൈനയുടെ ആവർത്തിച്ചുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാവികസേന പരസ്പര സഹകരണം വർധിപ്പിക്കുകയാണ്.

 

ദക്ഷിണ ചൈനാ കടലിലും ഇന്തോ-പസിഫിക് മേഖലയിലും ചൈനീസ് നാവികസേനയുടെ ആക്രമണാത്മക നിലപാടിന്റെയും ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിന്റെയും പശ്ചാത്തലത്തിൽ, ഈ സൈനികാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്.

 

ഇന്ത്യന്‍ മഹാ സമുദ്രത്തിനോട് ചേര്‍ന്ന് ചൈനീസ് സൈന്യം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ചൈന വര്‍ധിപ്പിക്കുന്നത് 2013-14 കാലത്താണ്. ഏദന്‍ കടലിടുക്കിലെ സമുദ്ര കൊള്ളക്കാരെ തുരത്തുകയെന്നതാണ് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്ത്യക്കുള്ള മുന്നറിയിപ്പു കൂടിയായിട്ടാണ് ഈ നീക്കത്തെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

 

2013 ഡിസംബറിലാണ് ചൈന ആദ്യമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇത് ചൈന തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പിന്നീട് 2014 ഓഗസ്റ്റ്– ഡിസംബര്‍ കാലത്ത് സോങ് ക്ലാസ് ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെത്തി. ഇതിന് പിന്നാലെ വീണ്ടും ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിച്ചു.  

 

നിലവില്‍ മൂന്നര വർഷത്തോളമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യമുണ്ട്. മേഖലയിലെ സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ച് കൂടുതല്‍ വിവരശേഖരണം നടത്തുകയാണ് ഈ മുങ്ങിക്കപ്പലുകളുടെ ലക്ഷ്യമെന്നും കരുതുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ ഭാവിയില്‍ മുങ്ങിക്കപ്പലുകളുടെ നീക്കത്തെ കൂടുതല്‍ അനായാസമാക്കും. മുങ്ങിക്കപ്പലുകള്‍ക്കൊപ്പം ചൈനീസ് ചാര കപ്പലായ ഹെയ്‌വിങ്‌സിങ് ഇന്ത്യന്‍ സമുദ്രത്തിൽ പതിവായി സന്ദർശനം നടത്താറുണ്ട്.

English Summary: Indian Navy intensifies surveillance in Indian Ocean region to track Chinese activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT