sections
MORE

ഇന്ത്യക്കെതിരായ ‘കലിപ്പ്’ തീർക്കാൻ ചൈന പാക്കിസ്ഥാന് 4 സായുധ ഡ്രോണുകൾ നൽകും

gj-2
SHARE

അതിര്‍ത്തിയില്‍ ഇന്ത്യയുമായി സംഘര്‍ഷം തുടരുന്നതിനിടെ പാക്കിസ്ഥാന് നാല് അത്യാധുനിക സായുധ ഡ്രോണുകള്‍ നല്‍കാനൊരുങ്ങി ചൈന. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നേവല്‍ ബേസ് താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഡമാക്കുന്നതിനുമാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.

ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി, പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ ഗ്വാഡാർ തുറമുഖത്തെ പുതിയ താവളം എന്നിവ സംരക്ഷിക്കുന്നതിനായാണ് ചൈനയുടെ സായുധ ഡ്രോണുകൾ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ബലൂചിസ്ഥാനിലെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ ചൈന 6,000 കോടി ഡോളർ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

പാക്ക് വ്യോമസേനയുടെ ഉപയോഗത്തിനായി ചൈനയിൽ രൂപകൽപ്പന ചെയ്ത വിങ് ലൂംഗ് II ന്റെ സൈനിക പതിപ്പായ ജിജെ -2 ഡ്രോണുകളാണ് കൈമാറുന്നത്. ഇത് ഇരുരാജ്യങ്ങളും സംയുക്തമായി നിർമിച്ചതാണ്. ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി രാജ്യങ്ങൾക്ക് ചൈന ഇതിനകം തന്നെ രഹസ്യാന്വേഷണ, സ്ട്രൈക്ക് ഡ്രോൺ വിങ് ലൂംഗ് II വിൽക്കുകയും സായുധ ഡ്രോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുകയും ചെയ്തിട്ടുണ്ട്. 2008 മുതൽ 2018 വരെ കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, അൾജീരിയ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുൾപ്പെടെ ഒരു ഡസൻ രാജ്യങ്ങളിലേക്ക് ചൈന 163 ഡ്രോണുകൾ കൈമാറിയതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) ആയുധ കൈമാറ്റ ഡേറ്റാബേസ് അറിയിച്ചു.

തങ്ങളുടെ ഉയർന്ന ആയുധങ്ങളുടെ അന്തിമ ഉപയോഗം നിർണയിക്കാനും നിയന്ത്രിക്കാനുമുള്ള വിപുലമായ പ്രക്രിയ പിന്തുടരുന്ന അമേരിക്കയെ പോലെ ചൈനയ്ക്ക് അത്തരം തന്ത്രങ്ങളൊന്നുമില്ല. 12 എയർ-ടു-സർഫേസ് മിസൈലുകളുപയോഗിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള ചൈനീസ് ഡ്രോൺ നിലവിൽ ചില മിഡിൽഈസ്റ്റ് രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് ലിബിയയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലുപേരെ വെടിവച്ചു കൊന്നതായും റിപ്പോർട്ടുകളുണ്ട്.

ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയൽ കമ്പനിയാണ് വിങ് ലൂങ് 2 എന്ന അത്യാധുനിക ആളില്ലാ വിമാനം നിർമിക്കുന്നത്. 2018 ഫെബ്രുവരിയിലാണ് ഈ ആളില്ലാ വിമാനം ആദ്യ പറക്കൽ നടത്തിയത്. ആദ്യമായി പറന്നുയരുന്നതിനു മുൻപ് തന്നെ വിദേശ വിപണിയിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ ലഭിച്ചതായി ചൈനീസ് വാർത്താ ഏജൻസി ഡിസംബറിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

നിരീക്ഷണത്തിനും ആക്രമണത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഈ ആളില്ലാ വിമാനം എയർഗ്രൗണ്ട് മിസൈലുകൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണെന്നാണ് സൂചന. 20 മണിക്കൂറിനുള്ളില്‍ 4,000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങളുടെ ഭാരം 200 കിലോഗ്രാമാണ്.

English Summary : China to supply 4 attack drones to Pak, prompts India to revive Predator-B plan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA