sections
MORE

ദ്വീപിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈനയുടെ പടയൊരുക്കം, ‌തെളിവുകൾ പുറത്ത്

china-island
SHARE

ദക്ഷിണ ചൈനാ കടലിലെ കൃത്രിമ ദ്വീപുകളിൽ രഹസ്യ സൈനിക നീക്കം നടക്കുന്നതിന് തെളിവുമായി സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഫോബ്സ് വെബ്സൈറ്റാണ് പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പ്ലീയേഡ്സ് സാറ്റലൈറ്റ് ഇമേജറിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. വുഡി ദ്വീപിൽ ഫ്ലാങ്കർ പോർവിമാനങ്ങൾ (സുഖോയ്–27) വിന്യസിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

യു‌എസ്‌എസ് വിമാനവാഹിനി കപ്പലുകൾ ദക്ഷിണ ചൈനാക്കടലിന് സമീപം വിന്യസിച്ചതോടെയാണ് തർക്കമുള്ള ദ്വീപിൽ ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചിരിക്കുന്നത്. ജൂലൈ 15 മുതലുള്ള സാറ്റലൈറ്റ് ഇമേജറിയിൽ കുറഞ്ഞത് നാല് വിമാനങ്ങളെങ്കിലും കാണിക്കുന്നുണ്ട്. ദക്ഷിണ ചൈനാക്കടലിലെ മിക്കയിടത്തും കടൽത്തീര വിഭവങ്ങൾക്കുള്ള ബെയ്ജിങിന്റെ അവകാശവാദങ്ങൾ പൂർണമായും നിയമവിരുദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ പ്രഖ്യാപിച്ചതിന് രണ്ട് ദിവസത്തിനു ശേഷമാണ് ചൈനീസ് നീക്കം. യു‌എസിന്റെ നേതൃത്വത്തിലുള്ള ഒരു വലിയ നാവിക അഭ്യാസവും മേഖലയിലുടനീളം വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഫ്ലാങ്കർ ചൈനീസ് നിർമിത ജെ -11 ബി വേരിയന്റാണ് എന്നും റിപ്പോർട്ടുകളുണ്ട്. യു‌എസ് വ്യോമസേന ഉപയോഗിക്കുന്ന എഫ് -15 ഈഗിളിന് തുല്യമാണ് ഇവ. റഷ്യൻ യുദ്ധവിമാനങ്ങളുടെ ഒരു ശ്രേണി തന്നെ ചൈന നിർമിക്കുന്നുണ്ട്. ഇത് യഥാർഥത്തിൽ സുഖോയ്-27 എന്നും അറിയപ്പെടുന്നുണ്ട്. ഉപഗ്രഹ ഇമേജറിയിൽ നിന്ന് കൃത്യമായ വേരിയന്റ് തിരിച്ചറിയാൻ പ്രയാസമാണെങ്കിലും ഇവ ഫ്ലാങ്കറുകളാണെന്നതിൽ സംശയമില്ല.

പാരസെൽ ദ്വീപുകളിലെ വുഡിയിലെ എയർസ്ട്രിപ്പിലാണ് ഫ്ലാങ്കേഴ്സ് വിന്യസിച്ചിരിക്കുന്നത്. ഈ ദ്വീപ് ചൈന കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും തായ്‌വാനും വിയറ്റ്നാമും അവകാശപ്പെടുന്നുണ്ട്. മാത്രമല്ല തർക്കത്തിൽ ഏർപ്പെടുന്ന നിരവധി ദ്വീപുകളിൽ ഒന്നാണിത്. അടുത്ത കാലത്തായി ചൈന ഈ ദ്വീപിലെ സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. നേരത്തെയും ഇവിടെപോര്‍വിമാനങ്ങളും ബോംബറുകളും വിന്യസിച്ചിട്ടുണ്ട്.

വാണിജ്യ സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് അനലിസ്റ്റുകളാണ് ദ്വീപിലെ വിമാനം ആദ്യം കണ്ടെത്തിയത്. പിന്നീട് ഇതിലൊരു ചിത്രം ട്വിറ്റർ ഉപയോക്താവ് ഡുവാൻ ഡെംഗ് വ്യാഴാഴ്ച പോസ്റ്റ് ചെയ്തു. മറ്റു സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോഴും ഇക്കാര്യം കൃത്യമായി മനസിലാക്കാൻ സാധിച്ചു.

കൃത്രിമ ദ്വീപുകളിൽ വ്യാപകമായി സൈനിക മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ടെന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ചൈനയുടെ അത്യാധുനിക പോർവിമാനമായ ജെ–10 നേരത്തെ ഈ ദ്വീപുകളിൽ വിന്യസിച്ചിരുന്നു. ചൈനയുടെ ഏഴോളം കൃത്രിമ ദ്വീപുകളിൽ വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള തോക്കുകൾ, മിസൈലുകൾ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെയുള്ള ചിത്രങ്ങളും പുതിയ ചിത്രങ്ങളും വിലയിരുത്തിയാണ് കൃത്രിമ ദ്വീപുകളിലെ മാറ്റങ്ങൾ കണ്ടെത്തുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഈ ദ്വീപുകൾ വൻ ആയുധ വിന്യാസം നടന്നിട്ടുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഈ ദ്വീപ് സംബന്ധിച്ച് 2016 ജൂലൈ 12 നു രാജ്യാന്തര ട്രൈബ്യൂണൽ സുപ്രധാനവിധി പുറപ്പെടുവിച്ചിരുന്നു. ആ കടലി‍െൻറ 90 ശതമാനവും തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ട്രൈബ്യൂണൽ തള്ളിക്കളഞ്ഞായിരുന്നു വിധി. കടലി‌െൻറ ചില ഭാഗങ്ങളിൽ ചൈന നടത്തിവരുന്ന നിർമാണ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണൽ വിധിയെഴുതി.

കൃത്രിമ ദ്വീപിൽ യുദ്ധവിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനുമുള്ള, കപ്പലുകൾ അടുപ്പിക്കാനുള്ള സംവിധാനങ്ങളും നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. സൈനിക വിമാനങ്ങളും ടാങ്കുകളും ലാൻഡ് ചെയ്യാൻ പ്രത്യേകം ഷെഡുകൾ നിർമ്മിക്കുന്നതായും നേരത്തെ പുറത്തുവന്ന ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ചൈനയുടെ അത്യാധുനിക സൈനിക വിമാനങ്ങളെല്ലാം ഇവിടെ ഇറങ്ങാൻ കഴിയുന്ന സംവിധാനങ്ങളാണ് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്.

English Summary: China Sends Flanker Fighter Jets To South China Sea Amid Tensions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA