ADVERTISEMENT

'ദക്ഷിണ ചൈന കടലിലെ ചൈനയുടെ പ്രത്യേക താത്പര്യത്തിനെതിരെ അമേരിക്ക' എന്നായിരുന്നു തായ്‌വാന്‍ ടൈംസില്‍ അടുത്തിടെ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട്. ചൈനയുടെ നിഗൂഢ താത്പര്യങ്ങള്‍ ലോകരാജ്യങ്ങള്‍ തിരിച്ചറിയപ്പെടുന്നു എന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കപ്പെടുന്നത്. 'ചൈനയുടെ സമാധാനപരമായ വളര്‍ച്ച' എന്ന മുഖം മൂടി അഴിഞ്ഞു വീഴുകയാണെന്നാണ് ഡിഫെന്‍സ്‌ന്യൂസില്‍ നിര്‍മ്മ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പുനിറ്റ് സൗരഭ് എഴുതിയ ലേഖനം അവകാശപ്പെടുന്നത്. പാക്കിസ്ഥാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം രാജ്യങ്ങളെയും കടം കൊടുത്ത്സ തങ്ങളുടെ കീഴിൽ കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കമാണ് ഇപ്പോൾ ചൈന നടത്തുന്നത്.

 

ചൈനീസ് ചിന്തകനായ സെങ് ബിജിയാനാണ് 'ചൈനയുടെ സമാധാനപരമായ വളര്‍ച്ച' എന്ന ആശയത്തിന്റെ പ്രധാന പ്രചാരകന്‍. ഉത്തരവാദിത്വമുള്ള, സമാധാന പ്രേമിയായ, ആഗോള ശക്തിയെന്ന മുഖം മൂടിയാണ് ഈ വാദം ചൈനയ്ക്ക് നല്‍കിയത്. കോവിഡിന്റെ പുതിയ സാഹചര്യവും ഇന്ത്യ- ചൈന അതിര്‍ത്തിയിലെ അടക്കം പ്രശ്‌നങ്ങളും ചൈനയുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.

 

കടംകൊടുത്ത് രാജ്യങ്ങളെ വരുതിയിലാക്കുന്ന തന്ത്രം തിരിച്ചറിയാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശവും ഉയരുന്നുണ്ട്. കഴിഞ്ഞ ജനുവരി 26ന് ഹാര്‍വാഡ് ബിസിനസ് റിവ്യു പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ചൈന ഏതാണ്ട് 1.5 ട്രില്യണ്‍ ഡോളറാണ് (1,12,46,249 കോടി രൂപ) പാക്കിസ്ഥാൻ ഉള്‍പ്പടെയുള്ള 150ലേറെ രാജ്യങ്ങള്‍ക്ക് പല വ്യവസ്ഥകളില്‍ കടം നല്‍കിയിട്ടുള്ളത്. അതേസമയം, ഈ ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലായിരിക്കും യഥാര്‍ഥ കടമെന്നതാണ് മറ്റൊരു വസ്തുത.

 

1949 മുതല്‍ 2017 വരെയുള്ള കാലത്ത് ഏതാണ്ട് 3000 ഗ്രാന്റുകളും 2000 വായ്പകളുമാണ് പല രാജ്യങ്ങള്‍ക്കായി നല്‍കിയിരിക്കുന്നതെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ റിപ്പോര്‍ട്ടിലുള്ളത്. അവസാനത്തെ പത്തുവര്‍ഷത്തില്‍ 50 വികസ്വര രാജ്യങ്ങള്‍ക്ക് ചൈന നല്‍കുന്ന കടം ഒരു ശതമാനത്തില്‍ നിന്നും 15 ശതമാനമായി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. 

 

ജിബൂട്ടി, ടോങ്ക, മാലിദ്വീപ്, കോംഗോ റിപ്പബ്ലിക്ക്, കിര്‍ഗിസ്ഥാന്‍, കംബോഡിയ, നൈജര്‍, ലാവോസ്, സാംബിയ, സമോവ, വനൗട്ടു, മംഗോളിയ തുടങ്ങിയ ലോകരാജ്യങ്ങളുടെ ജിഡിപിയുടെ 20ശതമാനത്തിലേറെയാണ് ചൈനയുടെ കടം. നിരവധി രാജ്യങ്ങള്‍ക്ക് ചൈനീസ് കടത്തില്‍ പടുത്തുയര്‍ത്തിയ പല തന്ത്രപ്രധാന മേഖലകളുടേയും നിയന്ത്രണാധികാരം ചൈനക്ക് കൈമാറേണ്ട ഗതികേടും വന്നിട്ടുണ്ട്. ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖമാണ് ഇതിന്റെ ഉദാഹരണങ്ങളിലൊന്ന്. 

 

ചൈന നല്‍കിയ വന്‍തുക വായ്പയുടെ അടിസ്ഥാനത്തിലാണ് ഹംബന്‍തോട്ടയില്‍ തുറമുഖം ഉയര്‍ന്നത്. 99 വര്‍ഷത്തെ പാട്ടക്കരാറാണ് ചൈനയുമായി ശ്രീലങ്കയ്ക്ക് ഹംബന്‍തോട്ടക്കുള്ളത്. ഏതാണ്ട് 1.1 ബില്യണ്‍ ഡോളര്‍ ഇതിനകം തന്നെ ചൈന ഈ തുറമുഖത്തിനായി ചെലവാക്കിയിട്ടുണ്ട്. അതിവേഗത്തില്‍ ഉയരുന്ന കടബാധ്യത ഹംബന്‍തോട്ട തുറമുഖത്തിലേയും അനുബന്ധമായുള്ള 15,000 ഏക്കര്‍ ഭൂമിയിലേയും ചൈനീസ് അധിനിവേശം കൂടുതല്‍ ഉറപ്പിക്കുകയാണ്. അമേരിക്കന്‍ സൈനിക താവളമായ ഡിഗോഗാര്‍ഷ്യയേയും ഇന്ത്യയുടെ നാവികസേനയുടെ നീക്കങ്ങളേയും നിരീക്ഷിക്കാനാണ് ചൈന ഇപ്പോള്‍ ഈ ലങ്കന്‍ തുറമുഖത്തെ ഉപയോഗിക്കുന്നത്. 

 

ലോകത്തെ പലയിടങ്ങളിലും വിവിധ മാര്‍ഗങ്ങളിലൂടെ സ്വാധീനമുറപ്പിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. സെന്‍കകു ദ്വീപിനെ ചൊല്ലി ജപ്പാനുമായി ചൈനയ്ക്കു പ്രശ്‌നങ്ങളുണ്ട്. ഹോങ്കോങില്‍ നടക്കുന്ന ചൈനക്കെതിരായ ജനകീയ പ്രതിഷേധങ്ങള്‍ പലതവണ ലോക ശ്രദ്ധ നേടിയിട്ടുള്ളതാണ്. തായ്‌വാനെതിരായ ചൈനയുടെ ഭീഷണികളും തിബറ്റ് അധിനിവേശവും നടത്തിയ ചൈന തന്നെയാണ് നേപാളിലെ ഒരു ഗ്രാമം തന്നെ സ്വന്തം അധീനതയിലേക്ക് മാറ്റിയത്. 

 

പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും രാജ്യങ്ങള്‍ ചൈനീസ് കടക്കെണിയെക്കുറിച്ച് കൂടുതല്‍ ജാഗ്രതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ചൈനക്കെതിരെ ഉയര്‍ന്ന അസംതൃപ്തി ഇന്ത്യ ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ മൂലം വര്‍ധിച്ചിട്ടേയുള്ളൂ. ഇതിന്റെ തെളിവാണ് യുഎന്‍ രക്ഷാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ലഭിച്ച സ്വീകാര്യതയെന്നും വിലയിരുത്തപ്പെടുന്നു. 193 അംഗ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ 184 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. സമാധാനപ്രേമിയായ വന്‍ ശക്തി എന്ന ചൈനയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്നാണ് ഡോ. പുനിറ്റ് സൗരഭ് സൂചിപ്പിക്കുന്നത്.

 

English Summary: Unmasking The Peaceful Rise of China’s ‘Mask’ One Thread At A Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com