ADVERTISEMENT

ശീതയുദ്ധക്കാലത്ത് സോവിയറ്റ് പടക്കപ്പലുകളെ പിന്തുടര്‍ന്ന് മിസൈല്‍ പരീക്ഷണങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ വര്‍ഷങ്ങളോളം അമേരിക്കന്‍ മുങ്ങിക്കപ്പലുകള്‍ ചെലവഴിച്ചിട്ടുണ്ട്. ഇപ്പോഴിതാ തികച്ചും അവിചാരിതമായി ഭൂമിക്ക് 488 മൈല്‍ ( 785.36 കിലോമീറ്റർ) മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന സാറ്റലൈറ്റുകളിലൊന്ന് ഇത്തരമൊരു ചിത്രം പകര്‍ത്തിയിരിക്കുന്നു. സാറ്റലൈറ്റ് എടുത്ത പല ചിത്രങ്ങളിലൊന്നായി ആരും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഇത് കണ്ടെത്തിയത് ഫ്രാങ്ക് ബോട്ടെമ എന്ന പ്രതിരോധ വിദഗ്ധനാണ്. 

മുന്‍കൂട്ടി അറിയാൻ കഴിയാത്ത മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ കൃത്രിമോപഗ്രഹങ്ങള്‍ പകര്‍ത്തുന്നത് അപൂര്‍വമാണ്. എന്നാല്‍ അങ്ങനെയൊന്നുണ്ടായാല്‍ തിരഞ്ഞെടുക്കുക അസാധ്യമല്ലെന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. ആര്‍ട്ടിക് നോര്‍ത്ത് പ്രദേശത്തെ ബാരെന്റ്‌സ് കടലില്‍ റഷ്യന്‍ പടക്കപ്പലില്‍ നിന്നും മിസൈലിന്റെ തീഗോളം ഉയരുന്നത് ചിത്രത്തില്‍ വ്യക്തമാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി റഷ്യയുടെ വടക്കന്‍ മേഖലയില്‍ നടക്കുന്ന റഷ്യന്‍ നാവിക സേനയുടെ നീക്കങ്ങള്‍ ബോട്ടെമ അടക്കമുള്ള പ്രതിരോധ വിദഗ്ധര്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

കരയില്‍ നിന്നും ഏതാണ്ട് 27 കിലോമീറ്റര്‍ അകലത്തിലുണ്ടായിരുന്ന റഷ്യന്‍ പോര്‍ കപ്പലില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിത്. മിസൈല്‍ പരീക്ഷണത്തിന് ശേഷം ജൂലൈ 23ന് തന്നെ റഷ്യ ഇക്കാര്യം ഔദ്യോഗിമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായി സമുദ്രത്തില്‍ നിന്നും വിമാനവേധ മിസൈല്‍ പരീക്ഷിച്ചെന്നായിരുന്നു റഷ്യ അറിയിച്ചത്. 7500 ടണ്‍ ഭാരമുള്ള ഉഡലോയ് ക്ലാസ് ഡിസ്‌ട്രോയറില്‍ 3K95 കിന്‍സാല്‍ മിസൈലുകളാണ് ഉള്ളത്. റഷ്യന്‍ സേന കരയില്‍ ഉപയോഗിക്കുന്ന എസ്എ-15 ടോര്‍ മിസൈലുകളുടെ കടലില്‍ നിന്നുള്ള പതിപ്പാണിത്. കഴിഞ്ഞ ജനുവരി എട്ടിന് ഇറാന്‍ യുക്രെയിന്‍ വിമാനം തകര്‍ത്തത് ഇതേ മിസൈല്‍ ഉപയോഗിച്ചായിരുന്നു.

മിസൈല്‍ പരീക്ഷണം നടത്തിയ റഷ്യന്‍ പടക്കപ്പലില്‍ സമാനമായ 64 മിസൈലുകള്‍ വഹിക്കാനാകും. എട്ടെണ്ണം വീതമുള്ള ലംബമായി സജ്ജീകരിച്ചിട്ടുള്ള അറകളില്‍ എട്ട് മിസൈലുകളാണ് സ്ഥാപിക്കുക. എത്ര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. ഒരു ലക്ഷ്യത്തിലേക്ക് രണ്ട് മിസൈലുകള്‍ വീതമാണ് അയക്കുക. ലക്ഷ്യം തകര്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനാണ് രണ്ടെണ്ണം വീതം തൊടുക്കുന്നത്.

സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നു പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും കണ്ടെത്തുന്നത് പോലും എളുപ്പമല്ല. എന്നാല്‍ ബോട്ടെമയെ പോലുള്ള പ്രതിരോധ വിദഗ്ധര്‍ക്ക് ഇവയുടെ സ്ഥാനത്തെക്കുറിച്ച് ധാരണയുള്ളതിനാലാണ് അസാധ്യമെന്ന് കരുതിയ മിസൈല്‍ പരീക്ഷണത്തിന്റെ ചിത്രം തന്നെ ലഭിച്ചത്. ജൂലൈ 25ന് മറ്റൊരു അപൂര്‍വ്വ കണ്ടെത്തലും ബോട്ടെമ നടത്തിയിരുന്നു. റഷ്യന്‍ നാവികസേനയുടെ ചാര മുങ്ങിക്കപ്പലിന്റെ ചിത്രമാണ് സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും അദ്ദേഹം ചികഞ്ഞെടുത്തത്. കയ്യോടെ ഇക്കാര്യം ട്വീറ്റു ചെയ്യുകയും ചെയ്തു.

English Summary: Unusual Satellite Image Shows Russian Missile Launch In Arctic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com