ADVERTISEMENT

ഇറാന്റെ ഏറ്റവും വലിയ ശത്രുക്കൾ അറബ് സഖ്യസേനയും അവർക്ക് പിന്തുണകൊടുക്കുന്ന അമേരിക്കയുമാണ്. ഇതിനാൽ തന്നെ ഇറാന്റെ ലക്ഷ്യം അമേരിക്കൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും തകർക്കുക എന്നത് തന്നെയാണ്. ഇതിനായുള്ള പരിശീലനമാണ് ഇറാനിൽ നടക്കുന്നതും നടന്നിട്ടുള്ളതും. ഇറാൻ സൈനികാഭ്യാസങ്ങൾ പോലും യുഎസിനെ തകർക്കൽ ലക്ഷ്യമിട്ടുള്ളതാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് യുഎസ് വിമാനവാഹിനി കപ്പലുകള്‍ മുക്കുകയും മിസൈലിട്ട് കത്തിക്കുകയും ചെയ്യുക എന്നത്. ഇതിനുള്ള പരിശീലനവും ഇറാൻ നടത്തുന്നുണ്ട്, നടത്തിയിട്ടുണ്ട്. നേരത്തെ നടത്തിയിട്ടുള്ള, വിമാനവാഹിനി കപ്പൽ മുക്കൽ ദൗത്യം വീണ്ടും നടത്താൻ പോകുകയാണ് ഇറാൻ. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു.

 

അമേരിക്കയുടെയും അറബ് സഖ്യ സേനകളുടെയും വെല്ലുവിളികൾ ശക്തമായതോടെ ഇറാൻ പുതിയ ആയുധങ്ങൾ നിർമിക്കുന്നതിന്റെയും സൈനികാഭ്യാസങ്ങൾ നടത്തുന്നതിന്റെയും തിരക്കിലാണ്. ശത്രുക്കളുടെ കപ്പലുകളും പോർവിമാനങ്ങളും എങ്ങനെ നേരിടാമെന്നത് കേന്ദ്രീകരിച്ചാണ് ഇറാന്റെ പ്രധാന പരിശീലനങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വിഡിയോയും ന്യൂസ് ഏജൻസികൾ തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ അമേരിക്കയുടെ വിമാനവാഹിനി കപ്പൽ തകർക്കുന്നതിന്റെ പരിശീലനം 2015 ൽ തന്നെ ഇറാൻ നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്.

iran-ship-

 

പേർഷ്യൻ ഉൾക്കടലിനെ ഒമാൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് അമേരിക്കയുടെ വിമാനവാഹിനി കപ്പലുമായി സാമ്യമുള്ള വൻ കപ്പലിന്റെ മാതൃക കണ്ടെത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ഇമേജറികളിൽ ഇത് കാണിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച സിറിയയിൽ ഒരു ഇറാനിയൻ വിമാനം യുഎസ് വ്യോമസേന തടഞ്ഞതിന് തൊട്ടുമുൻപാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇറാനിൽ വൻ സ്ഫോടനങ്ങളും മറ്റു സംഭവികാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അമേരിക്കയും സഖ്യസേനകളും നിരീക്ഷിക്കുന്നുണ്ട്.

 

2020 ജൂലൈ 25 ന് ലഭ്യമായ സാറ്റലൈറ്റ് ചിത്രത്തിൽ യു‌എസ് നേവി നിമിറ്റ്സ് ക്ലാസ് കാരിയറിനോട് സമാനമായ ബാഹ്യരൂപമാണ് കണ്ടെത്തിയത്. ഇതിൽ 16 യുദ്ധവിമാനങ്ങളും ഡെക്കിലുണ്ട്. അവയിൽ ചിലത് എഫ് / എ -18 ഹോർനെറ്റ്സ് അല്ലെങ്കിൽ സൂപ്പർ ഹോർനെറ്റ്സ് എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ്.

 

iran-ship

അടുത്ത ദിവസം മുതൽ മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു. മോക്ക് കാരിയറിന്റെ മുകളിലത്തെ ഡെക്കിൽ ഒരു വലിയ ക്രോസ് ഷെയർ വരച്ചിട്ടുണ്ട്. നിശ്ചലമായ മോക്ക് കരിയറിന്റെ അടുത്തേക്ക് ചെറിയ സ്പീഡ് ബോട്ട് വേഗത്തിൽ അടുക്കുന്നതും ചിത്രത്തിൽ കാണാം.

 

2015 ഫെബ്രുവരിയിൽ നടന്ന സൈനികാഭ്യാസത്തിൽ അമേരിക്കയുടെ നിമിറ്റ്സ് ക്ലാസ് വിമാനവാഹിനി കപ്പലിന്റെ രൂപം സൃഷ്ടിച്ച് മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ പരിശീലനം നടത്തിയിരുന്നു. മിസൈലുകളും ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയത്. കടലിലൂടെ പോകുന്ന ഏതൊരു കപ്പലിനെയും നിമിഷ നേരത്തിനുള്ളിൽ തകർക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഇറാന്റെ അന്നത്തെ സൈനികാഭ്യാസം.

 

ഹെലികോപ്ടറിൽ നിന്നും കരയിൽ നിന്നും മിസൈൽ തൊടുത്താണ് കപ്പലിനെ നേരിട്ടത്. മരം കൊണ്ട് നിർമിച്ച വൻ കപ്പലിന്റെ ചുറ്റും സ്പീഡ് ബോട്ടുകൾ കുതിച്ചെത്തുന്നതും വിഡിയോയിൽ കാണാം. ഗ്രേറ്റ് പ്രോഫറ്റ് 9 എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് യുഎസ് കപ്പലിന്റെ മാതൃക മിസൈലിട്ട് തകർത്തത്. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഈ സൈനികാഭ്യാസമെന്നത് വ്യക്തമാണ്.

 

ആദ്യഘട്ടത്തിൽ സ്പീഡ് ബോട്ടുകളിൽ നിന്നും എം–08 മൈൻ ആക്രമണമാണ് നടത്തിയത്. പിന്നാലെ 107 എംഎം റോക്കറ്റുകൾ ഉപയോഗിച്ചും ആക്രമിച്ചു. ഇത്തരം ചെറിയ റോക്കറ്റുകൾ ഉപയോഗിച്ച് വൻ കപ്പലുകൾ വരെ മുക്കാൻ സാധിക്കും. ക്രൂസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ള സ്പീഡ് ബോട്ടുകൾ വരെ ഇറാനു കൈവശമുണ്ടെന്നും അന്നത്തെ സൈനികാഭ്യാസത്തിൽ തെളിയിച്ചു. ബോട്ടുകളിൽ നിന്ന് പ്രയോഗിക്കാവുന്ന 12 ക്രൂസ് മിസൈലുകളാണ് അന്നത്തെ അഭ്യാസത്തിനു ഉപയോഗിച്ചത്.

 

മൂന്നാം ഘട്ടത്തിൽ ആന്റി–ഷിപ്പ് മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇറാന്റെ യുദ്ധകപ്പലിൽ നിന്ന് രണ്ടു ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് അന്ന് വിജയകരമായി പരീക്ഷിച്ചത്. ചൈനയുടെ സി–802 മിസൈലിന്റെ പരിഷ്കരിച്ച ആന്റി–ഷിപ്പ് ക്രൂസ് മിസൈലിന്റെ ഇറാനിയൻ പതിപ്പാണ് ‘നൂർ’. വിമാനവാഹിനി കപ്പൽ തകർക്കുന്നതിന്റെ അവസാന ഘട്ടത്തിൽ 1000 കിലോഗ്രാം സ്ഫോടക വസ്തുക്കൾ നിറച്ച സ്പീഡ് ബോട്ട് ഇടിക്കുന്നതിന്റെയും പരിശീലനം നടത്തിയിരുന്നു.

 

English Summary: Iran Looks Set To Blow Up Its Fake Aircraft Carrier Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT