sections
MORE

ചൈനയുടെ ‘വജ്രായുധം’ ഭയപ്പെടുത്തുന്നത്, നിഗൂഢ നീക്കം ഇന്ത്യയ്ക്ക് ഭീഷണിയാകും

china-space-weapon
SHARE

പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം ചൈന വിജയകരമായി പരീക്ഷിച്ചു. ഒരേസമയം ബഹിരാകാശ വാഹനമായും സാറ്റ്‌ലൈറ്റുകളേയും ബഹിരാകാശ നിലയങ്ങളേയും തകര്‍ക്കാനുള്ള ശേഷിയുണ്ട് ഈ വജ്രായുധത്തിന്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വിക്ഷേപണത്തെക്കുറിച്ചും ശൂന്യാകാശ പേടകത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ് ചൈന. ചൈനയുടെ പുതിയ നീക്കം ഇന്ത്യയ്ക്കും ഭീഷണിയാണ്.

ചൈനയിലെ മംഗോളിയന്‍ പ്രദേശത്തെ ജിയുക്വാന്‍ സാറ്റ്‌ലൈറ്റ് സെന്ററില്‍ നിന്നാണ് ലോങ് മാര്‍ച്ച് 2എഫ് റോക്കറ്റില്‍ വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. നിശ്ചിത സമയം ഭൂമിയെ വലം വെച്ചതിന് ശേഷം ഈ പേടകം തിരിച്ചിറങ്ങും. വിക്ഷേപണത്തിന് സാക്ഷിയായവരും സാറ്റ്‌ലൈറ്റ് സെന്ററിലെ ജീവനക്കാരും ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ഓണ്‍ലൈനില്‍ പങ്കുവെക്കുകയോ വിവരങ്ങള്‍ പരസ്യമാക്കുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നിര്‍ദേശത്തിന്റെ പകര്‍പ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ചൈനീസ് വിക്ഷേപണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. നേരിട്ടല്ലെങ്കിലും ഇത്തരമൊരു ഔദ്യോഗിക നിര്‍ദേശം നല്‍കിയ വിവരം ചൈനീസ് സൈനിക വക്താക്കള്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ പേടകം, വിക്ഷേപണ രീതി തുടങ്ങി പല കാര്യങ്ങളിലും ഈ വിക്ഷേപണം ആദ്യത്തേതാണെന്നും അതുകൊണ്ടുതന്നെ അധിക സുരക്ഷ എടുക്കേണ്ടതുണ്ടെന്നുമായിരുന്നു ചൈനീസ് സൈനിക വക്താക്കള്‍ അറിയിച്ചത്. 

ചൈനീസ് ബഹിരാകാശ വാഹനത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അമേരിക്കയുടെ എക്‌സ് 37ബിയോടാണ് പ്രതിരോധ വിദഗ്ധര്‍ ഈ ചൈനീസ് വിക്ഷേപണത്തെ താരതമ്യം ചെയ്യുന്നത്. ചെറിയൊരു സ്‌പേസ് ഷട്ടില്‍ പോലെ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ ബഹിരാകാശ വാഹനമാണ് എക്‌സ് 37ബി. റോക്കറ്റില്‍ വിക്ഷേപിക്കുന്ന എക്‌സ് 37 ബി പിന്നീട് റണ്‍വേയില്‍ ഇറങ്ങുകയാണ് ചെയ്യുക. 

ഇതുവരെ അമേരിക്കയുടെ എക്‌സ് 37ബി നാല് നിര്‍ണായക ദൗത്യങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ബഹിരാകാശത്ത് നടക്കുന്ന പരീക്ഷണങ്ങളുടെ വിവരങ്ങളും ഫലങ്ങളും ഭൂമിയിലെത്തിക്കുന്നത് അടക്കമുള്ള ദൗത്യമാണ് എക്‌സ് 37ബിക്കുള്ളതെന്നാണ് അമേരിക്കയുടെ ബഹിരാകാശ സേനയുടെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നത്. 2010ലായിരുന്നു എക്‌സ് 37 ബിയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം. പിന്നീട് 2017ല്‍ തുടര്‍ച്ചയായി 730 ദിവസങ്ങള്‍ ഭൂമിക്ക് ചുറ്റും വലംവെച്ച് എക്‌സ് 37 ബി പുതിയൊരു റെക്കോഡിടുകയും ചെയ്തിരുന്നു. 2019ലാണ് ഈ ദൗത്യം അവസാനിച്ചത്. 

ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന (ഹൈപ്പര്‍സോണിക്) എക്‌സ് 37ബിയെ സാറ്റ്‌ലൈറ്റുകളേയും ബഹിരാകാശ നിലയങ്ങളേയും തകര്‍ക്കാനുള്ള മിസൈലായും ഉപയോഗിക്കാനാകും. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മിസൈല്‍ വേധ- റോക്കറ്റ് സംവിധാനങ്ങള്‍ കൊണ്ട് ഇത്തരം ബഹിരാകാശ ആയുധങ്ങളെ പ്രതിരോധിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് ചൈന തങ്ങളുടെ വീണ്ടും ഉപയോഗിക്കാനാവുന്ന ബഹിരാകാശ വാഹനത്തെ അതീവ രഹസ്യമായി അവതരിപ്പിക്കുകയും അമേരിക്കയുടെ എക്‌സ് 37 ബിയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നതിനെ ലോകരാജ്യങ്ങള്‍ ആശങ്കയോടെ കാണുന്നത്. 

ഇത്തരം പുനരുപയോഗിക്കാവുന്ന ബഹിരാകാശ യാനങ്ങള്‍ ബഹിരാകാശ പേടകങ്ങളിലെയും സാറ്റ്‌ലൈറ്റുകളിലേയും തകരാറുകള്‍ പരിഹരിക്കുന്നതിനും ബഹിരാകാശ യാത്രികരെയും ചരക്കുകള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കാനാകുമെന്ന് ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ വിദഗ്ധനായ സോങ് സോങ്പിങ് പറയുന്നു. ഹൈപര്‍ സോണിക് പ്രി കൂള്‍ എയറോസ്‌പേസ് എൻജിന്‍ കണ്ടെത്തിയതിന് കഴിഞ്ഞ മെയ് മാസത്തില്‍ ഒരു ഗവേഷക സംഘത്തെ ചൈന ആദരിച്ചിരുന്നു. ഈ എൻജിന്‍ പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകത്തിന് യോജിച്ചതാണ്. കഴിഞ്ഞ ജൂലൈയിലാണ് ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യമായ ടിയാന്‍വെന്‍ 1 വിക്ഷേപിച്ചത്. ബഹിരാകാശ മത്സരത്തില്‍ ചൈന കൂടുതല്‍ സജീവമാകുന്നതിന്റെ സൂചനകളാണ് പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണത്തോടെ വ്യക്തമാകുന്നത്.

English Summary: Mystery surrounds China’s launch of reusable experimental spacecraft

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA