ADVERTISEMENT

ദേശീയ പ്രതിരോധ ദിനത്തിന് തൊട്ടുപിന്നാലെ സെപ്റ്റംബർ 7 നാണ് പാക്കിസ്ഥാൻ വ്യോമസേന ദിനമായി ആചരിച്ചത്. 1965 ൽ നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ 55 വർഷങ്ങളാണ് ഇത് അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ പ്രതിരോധത്തിനായി ജീവൻ ബലിയർപ്പിച്ചതിന് സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിനമായാണ് ആചരിക്കുന്നത്. 55 വർഷത്തിനിടെ വ്യോമ ടെക്നോളജിയും ആയുധങ്ങളും ഏറെ മാറിയിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ വ്യോമസേന ഈ കാലവയളവിൽ എന്തുനേടി? ഇപ്പോഴത്തെ ചൈനീസ് കൂട്ടുകെട്ടിൽ കുറച്ച് പോർവിമാനങ്ങൾ ലഭിച്ചെങ്കിലും പാക്കിസ്ഥാനെ മറ്റൊരു സൈനിക താവളമാക്കാനാണ് അവരുടെ ഇപ്പോഴത്തെ നീക്കം. എന്നാൽ ഭാവിയിൽ പാക്കിസ്ഥാനു ഇത് വൻ ദുരന്തമായിരിക്കും സമ്മാനിക്കുക.

 

യുഎസ്, ചൈന, റഷ്യ എന്നിവയ്ക്ക് പിന്നാലെ 1,70,000 സൈനികരും 1,500 വിമാനങ്ങളുമുള്ള ലോകത്തെ നാലാമത്തെ വലിയ വ്യോമസേനയാണ് ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്). എന്നാൽ, വ്യോമസേനയ്ക്ക് നിലവിൽ ഒരു വിമാനത്തിന് 1.5 പൈലറ്റുമാർ എന്ന അനുപാതമാണ്. ഇന്ത്യയുടെ സ്ക്വാഡ്രൺ സംഖ്യയും കുറഞ്ഞുവരികയാണ്. 1970 കൾക്ക് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്. 42 വേണ്ട സ്ഥാനത്ത് വെറും 28 യുദ്ധ സ്ക്വാഡ്രണുകളാണ് പ്രവർത്തിക്കുന്നത്. മൂന്ന് സ്ക്വാഡ്രണുകളെ ഈ വർഷം ഉൾപ്പെടുത്തുമെങ്കിലും രണ്ട് സ്ക്വാഡ്രണുകൾ മാത്രമേ പ്രവർത്തന സേവനത്തിൽ നിന്ന് പിൻ‌വലിക്കുമെന്നാണ് അറിയുന്നത്. എന്നാൽ പാക്കിസ്ഥാന് പോര്‍വിമാനങ്ങൾ കുറവാണെങ്കിലും പൈലറ്റുമാരുടെ എണ്ണം കൂടുതലാണ്.

Sukhoi

 

ഇന്ത്യൻ വ്യോമസേന ഏറെ കാലമായി ആവശ്യപ്പെടുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനം ഒടുവിൽ ആഴ്ചകൾക്ക് മുൻപ് എത്തി. 36 റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം എത്തി. ഇന്നു പാക്കിസ്‌ഥാന്റെ പക്കലുള്ള ഏതു പോർവിമാനത്തേക്കാളും മികച്ചതും ആധുനികവുമായ സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ചതുമാണ് റഫാൽ വിമാനങ്ങൾ. വ്യോമസേന ആവശ്യപ്പെട്ടിരുന്നതു കുറഞ്ഞതു 126 വിമാനങ്ങളാണ്. എന്നാൽ, ബാക്കി 90 എണ്ണത്തിന്റെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.

 

1960–കൾ മുതൽ സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച മിഗ്–21, 1970–80 കളിലെ മിഗ്–21 ബിസ് എന്നിവ ആണ് പാക്ക് വ്യോമസേനയ്ക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങൾ. 1990–കളോടെ ഇവ പഴഞ്ചനായി. ഇതോടെയാണു പുതിയ ബഹുദൗത്യ (പ്രധാനമായും ആകാശപ്പോരാട്ടം, ലഘു ബോംബിങ്) വിമാനം വേണമെന്നു വ്യോമസേന ആവശ്യപ്പെട്ടത്.

 

ഇതിനിടയിലാണു സുഖോയ്–30 എംകെഐ എന്ന ദീർഘദൂര വിമാനം റഷ്യൻ സഹായത്തോടെ നിർമിച്ചുതുടങ്ങിയത്. ദീർഘദൂരം പറക്കാനും, കനത്ത ബോംബാക്രമണത്തിനു കഴിവുള്ളതുമായ ഈ വിമാനങ്ങളെ ചൈനയ്ക്കെതിരെയുള്ള വടക്കൻ മേഖലയിലാണു വിന്യസിച്ചിരിക്കുന്നത്. മിഗ്–21 പോലുള്ള മധ്യദൂരശേഷിയും ഭാരം കുറഞ്ഞതുമായ വിമാനമാണു പശ്‌ചിമാതിർത്തിയിൽ ആവശ്യം.

 

f-16-pak

മിഗ്–21 വിമാനങ്ങൾ പഴഞ്ചനാവുകയും പലതും തകർന്നുവീഴുകയും ചെയ്തതോടെ ഇന്ത്യയുടെ ഫൈറ്റർ സ്‌ക്വാഡ്രണുകൾ ശുഷ്‌ക്കിച്ചുതുടങ്ങി. 38 ഫൈറ്റർ സ്‌ക്വാഡ്രണുകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും എണ്ണം 33–ഉം 32–ഉം ആയി കുറഞ്ഞു. ഈ 32 സ്‌ക്വാഡ്രണിൽത്തന്നെ വേണ്ടത്ര വിമാനങ്ങൾ ഇല്ലാതെയും വന്നതോടെ ഫലത്തിൽ ഇന്ന് 28 (25 എന്ന് ചിലർ പറയുന്നു) സ്‌ക്വാഡ്രൺ പോർവിമാനങ്ങളേ വ്യോമസേനയുടെ പക്കലുള്ളു. ഈ 28–ൽ 12 എണ്ണത്തോളം ചൈനയ്ക്കെതിരെ വിന്യസിച്ചിരിക്കുന്ന സുഖോയ്–30 വിമാനങ്ങളാണ്. റഫാലിനുപുറമെ, സു -30 എം‌കെ‌ഐ, മിഗ് -29, മിറാഷ് 2000 മൾട്ടി-റോൾ എയർക്രാഫ്റ്റുകൾ എന്നിവയാണ് ഐ‌എ‌എഫിന്റെ പ്രാഥമിക വ്യോമ ശക്തികൾ. മിഗ് -21 ന് പകരമായി ഇപ്പോൾ തദ്ദേശീയ ലൈറ്റ് കോംബാറ്റ് തേജസും സജ്ജമാണ്.

 

മറുവശത്ത് ജെ‌എഫ് -17, എഫ് -16, മിറാഷ് 3, മിറാഷ് 5, എഫ് -7 ജെറ്റുകൾ ഉള്ള 22 സ്ക്വാഡ്രണുകൾ ആണ് പാക്കിസ്ഥാനിലുള്ളത്. ജെ‌എഫ് -17 ജെറ്റുകൾ പാക്കിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യയെ നേരിടാനുള്ള ശക്തി പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഇല്ലെന്ന് നിരവധി തവണ വിദഗ്ധർ വിലയിരുത്തിയതാണ്. പാക്കിസ്ഥാൻ വ്യോമസേനയിലെ മിക്ക പോര്‍വിമാനങ്ങളും വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. അടുത്തിടെ നടന്ന പരീക്ഷണ പറക്കലുകളിൽ മിക്കതും പരാജയമായിരുന്നു. ഇതിനിടെ ചൈന നിർമിച്ചു നല്‍കിയ വിമാനങ്ങൾ ചിലത് തകർന്നു വീണതും പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നുണ്ട്.

 

പാക്കിസ്ഥാൻ വ്യോമസേനയിലെ എയർ ചീഫ് മാർഷൽ സുഹൈൽ അമാൻ ഒരിക്കൽ പറഞ്ഞത് ഇന്ത്യയെ നേരിടാനുള്ള പോർവിമാനങ്ങളിൽ മിക്കതും സജ്ജമല്ലെന്നാണ്. അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും കൈവശമുള്ള ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാന്റെ കയ്യിലുള്ള യുദ്ധവിമാനങ്ങൾക്ക് ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പാക്കിസ്ഥാന്റെ 62 ശതമാനം യുദ്ധവിമാനങ്ങളും യുദ്ധത്തിനിറങ്ങാൻ സജ്ജമല്ല. പരീക്ഷണ പറക്കല്‍ പോലെയല്ല യുദ്ധമെന്നും പൂർണസജ്ജമാകാതെ വിമാനങ്ങൾ രംഗത്തിറക്കാൻ കഴിയില്ലെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യൻ വ്യോമസേനയെ നേരിടാൻ പാക്കിസ്ഥാനു കൂടുതൽ ഫണ്ട് വേണമെന്നും സൈനിക മേധാവികൾ ആവശ്യപ്പെടുന്നുണ്ട്.

 

സുഖോയ്, തേജസ്, റഫാൽ തുടങ്ങി അത്യാധുനിക പോർവിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. എന്നാല്‍ പാക്കിസ്ഥാന്റെ പോര്‍വിമാനങ്ങളിൽ മിക്കതും പഴയ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. 35 വർഷം പഴക്കമുള്ള പോർവിമാനങ്ങളിൽ പുതിയ ടെക്നോളജി ഘടിപ്പിക്കണമെന്നാണ് പാക്ക് വ്യോമ സേന ആവശ്യപ്പെടുന്നത്.

 

പാക്കിസ്ഥാൻ കയ്യിലുള്ള ഏറ്റവും മികച്ച പോർവിമാനം അമേരിക്കൻ നിർമിത എഫ്–16 ആണ്. ഇതുതന്നെ 1982 ൽ വാങ്ങിയതാണ്. 74 എഫ്–16 ആണ് പാക്കിസ്ഥാന്റെ കയ്യിലുള്ളത്. ഇതിൽ 50 പോർവിമാനങ്ങളും ഇപ്പോൾ യുദ്ധത്തിനു സജ്ജമല്ലെന്നാണ് പാക്ക് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.

 

അതേസമയം, ഇന്ത്യയുടെ കയ്യിൽ റഷ്യൻ നിർമിത 272 സുഖോയ്–30 പോർവിമാനങ്ങളുണ്ട്. ലോകത്തെ ഏറ്റവും മികച്ച പോർവിമാനമാണിത്. 2004 ലാണ് സുഖോയ് ഇന്ത്യ വാങ്ങുന്നത്. ഇതിനിടെ നിരവധി പുതുക്കലുകളും നടത്തിയതാണ്. ചൈനയിൽ നിന്ന് വാങ്ങിയ പോർവിമാനങ്ങളിൽ പാക്കിസ്ഥാനു വിശ്വാസമില്ല. ചൈനീസ് നിർമിത പോർവിമാനങ്ങൾ തകർന്നുവീഴുന്നത് പാക്കിസ്ഥാനിലെ പതിവു കാഴ്ചയാണ്.

 

അതേസമയം, കഴിഞ്ഞ വർഷം ഇന്ത്യയുടെ മിഗ് –21 നെ ആക്രമിക്കാൻ പാക്ക് വ്യോമസേന ഉപയോഗിച്ചത് ജെഎഫ് -17 ആയിരുന്നു. എന്നാൽ, എഫ്–16 ആണെന്നത് തെളിവുകളിൽ നിന്ന് വ്യക്തമായിരുന്നു. ഫ്രഞ്ച് നിർമിത റഫാൽ ജെറ്റുകൾ ഉണ്ടായിരുന്നെങ്കിൽ പാക്കിസ്ഥാൻ അന്ന് പ്രതികരിക്കുമായിരുന്നില്ല എന്നാണ് മുൻ വ്യോമസേനാ മേധാവി ബി. എസ് ധനോവ പറഞ്ഞത്.

 

English Summary: Pakistan after 55 years of Indo-Pak war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT