sections
MORE

ചൈനയും പാക്കിസ്ഥാനും കരുതിയിരുന്നോ! ഇന്ത്യയുടെ ഈ വജ്രായുധത്തെ ഒന്നിനും തടുക്കാനാവില്ല

rafale-meteor
SHARE

അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ച് കൂടുതല്‍ റഫാല്‍ പോർ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് എത്തിച്ചു തരാമെന്ന് ഫ്രാന്‍സ് ഏറ്റിട്ടുണ്ടെന്നാണ് ഒന്നിലേറെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഡാര്‍ നിയന്ത്രിത മിസൈലുകൾ ഘടിപ്പിച്ച റഫാലുകള്‍ വൈകാതെ തന്നെ വ്യോമസേനയുടെ ഭാഗമാകും. റഫാല്‍ വിമാനങ്ങളെ സജ്ജമാക്കാനുള്ള ആയുധ ശേഖരവും എത്തിത്തുടങ്ങിയെന്നാണ് അറിയുന്നത്. ഈ കൂട്ടത്തിലാണ് ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച് (ബിവിആര്‍), എയര്‍-ടു-എയര്‍ മിസൈലായ മീറ്റിയോര്‍ (Meteor) ഉള്ളത്. ഇതിന് 120 കിലോമീറ്ററിലേറെ അകലെയുള്ള ലക്ഷ്യങ്ങളെ വരെ തകര്‍ക്കാനാകും. ഇത് ചൈന, പാക്ക് ഭീഷണികളെ ലക്ഷ്യമിട്ടുള്ളതാണ്.

റഡാര്‍ നിയന്ത്രിതമായ ഈ മിസൈലിനെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ ചൈനയുടെയോ, പാക്കിസ്ഥാന്റേയോ കയ്യിലില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു അമേരിക്കന്‍ നിര്‍മിത മിസൈലിനോടാണ് (AIM-120 AMRAAM) മീറ്റിയോറിന് സാമ്യം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ പ്രയോഗിച്ചത് ഇത്തരത്തിലൊരു മിസൈലായിരുന്നു. ഇത്തരത്തിലുള്ള ആയുധം ഇന്ത്യയ്ക്കില്ലെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏകദേശം 100 കിലോമീറ്ററാണ് അമേരിക്കന്‍ മിസൈലിന്റെ പരിധി. എന്നാല്‍, മീറ്റിയോറിനാകട്ടെ അതിലേറെ ദൂരം സഞ്ചരിക്കാനാകും.

മീറ്റിയോറിന്റെ പരിധി 120 കിലോമീറ്ററിലേറെയാണെന്നതു മാത്രമല്ല അതിന്റെ സവിശേഷത. അമേരിക്കന്‍ നാവികസേന 1960കളില്‍ എയിം-154 ഫീനിക്‌സ് എന്ന പേരില്‍ ഒരു എയര്‍-ടു-എയര്‍ മിസൈല്‍ നിര്‍മിച്ചിരുന്നു. അതിന്റെ പരിധി 200 കിലോമീറ്ററോളമായിരുന്നു. കരുത്തിന്റെ പര്യായമായി ഇടംപിടിച്ച എഫ്-14 ടോംക്യാറ്റ് ഫൈറ്ററിന്റെ പ്രധാന ആയുധം ഇതായിരുന്നു. ടോപ് ഗണ്‍ എന്ന സിനിമയില്‍ ഇതാണ് കാണിക്കുന്നത്. എന്നാല്‍, ഫീനിക്‌സ് മിസൈലിന് 500 കിലോഗ്രാമിലേറെ ഭാരമുണ്ടായിരുന്നതിനാല്‍ അതിന് മറ്റൊരു യുദ്ധവിമാനത്തിലും ഇടം നല്‍കിയില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ അതിനെ പിന്‍വലിക്കുകയും ചെയ്തു.

ഇതു കൂടാതെ, സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും ദീര്‍ഘദൂര, റഡാര്‍ നിയന്ത്രിത, എയര്‍-ടു-എയര്‍ മിസൈലുകള്‍ നിര്‍മിച്ചിരുന്നു. ആര്‍-33, ആര്‍-37 തുടങ്ങിയ പേരുകളില്‍ അവതരിപ്പിക്കപ്പെട്ട ഇവ മിഗ്-31 ഫോക്‌സ്ഹൗണ്ട് ഇന്റര്‍സെപ്റ്ററുകളില്‍ ഘടിപ്പിച്ചിരുന്നു. ഇവയ്ക്ക് 150-300 കിലോമീറ്റര്‍ ദൂര പരിധിയില്‍ നാശം വിതയ്ക്കാനാകും. ഇവയ്ക്കും, ഫീനിക്‌സിന്റെ പ്രശ്‌നമുണ്ട് - അവയ്ക്ക് വലുപ്പക്കൂടുതലുണ്ട്. അവയെ വഹിക്കാൻ ചെറിയ യുദ്ധവിമാനങ്ങൾക്ക് ശേഷിയില്ലായിരുന്നു. ഇവയെ പിന്നെ പ്രധാനമായും ബോംബര്‍ വിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും വെടിവച്ചിടാന്‍ ഉപയോഗിക്കുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്ന മീറ്റിയോര്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് നിര്‍മിച്ചിരിക്കുന്നത്- ബ്രിട്ടൻ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിൻ, സ്വീഡന്‍. മീറ്റിയോര്‍ നിര്‍മിക്കാനുള്ള പദ്ധതി തുടങ്ങുന്നത് 1990കളിലാണ്. ഇവ നിര്‍മിക്കാനുള്ള പ്രധാന കാരണം അതിദ്രുത റഷ്യന്‍ ഫൈറ്റര്‍ ജെറ്റുകളായ മിഗ്-29, സുഖോയ് എസ്‌യു-27 എന്നിവയെ എതിരിടാനായിരുന്നു. സുഖോയ് എസ്‌യു-27ന്റെ ഡിസൈന്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ വ്യോമ സേനയുടെ എസ്‌യു-30 എംകെഐ ഫൈറ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുഖോയ് എസ്‌യു-27, എസ്‌യു-30 ഫൈറ്റര്‍ വിമാനങ്ങള്‍ 1990കളില്‍ ചൈനയും വാങ്ങിയിരുന്നു. സുഖോയ് എസ്‌യു-27 ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് തങ്ങളുടെ ജെ-11, ജെ-16 തുടങ്ങിയ പ്രാദേശിക വകഭേദങ്ങള്‍ ചൈന നിര്‍മിച്ചത്. ചൈനയ്ക്ക് വകഭേദങ്ങളടക്കം 500 സുഖോയ് എസ്‌യു-27 വിമാനങ്ങളെങ്കിലും കാണുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന മീറ്റിയോറിന്റെ സവിശേഷത അതിന്റെ പരിധിയല്ല മറിച്ച് അതിന്റെ ചലിപ്പിക്കല്‍ (propulsion) സിസ്റ്റമാണ്. ഫീനിക്‌സ്, ആര്‍-33, എഎംആര്‍എഎഎം തുടങ്ങിയവയ്‌ക്കെല്ലാം റോക്കറ്റ് എൻജിനുകളാണ് ഉള്ളത്. അത്തരം എയര്‍-ടു-എയര്‍ മിസൈലുകളില്‍, റോക്കറ്റ് എൻജിന്‍ ഒരു നിശ്ചിത ശക്തിയില്‍ പുറംതള്ളുകയാണ് ചെയ്യുന്നത്. മിസൈല്‍ അിവേഗം റഡാര്‍ നിയന്ത്രിതമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും. എത്ര ദൂരം മിസൈലിന് ഇങ്ങനെ വായുവില്‍ താണ്ടേണ്ടിവരുമോ അതിനനുസരിച്ച് ലക്ഷ്യസ്ഥാനത്തേക്ക് അടുക്കും തോറും ഊര്‍ജ്ജം കുറയും. ഇതൊരു നല്ല കാര്യമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എയര്‍-ടു-എയര്‍ മിസൈല്‍ വരുമ്പോള്‍ അതിനെതിരെ പ്രതിരോധം ചമയ്ക്കാന്‍ ശത്രുവിന് ഇതിലൂടെ സമയം കിട്ടുമെന്നതാണ് കാരണം.

ഇപ്പോള്‍ വരുന്ന മീറ്റിയോര്‍ മിസൈലിലുള്ളത് വലുപ്പക്കുറവുള്ള ഒരു സൂപ്പര്‍സോണിക് ജെറ്റ് എൻജിനാണ്. ഇതിനെ റാംജെറ്റ് എന്നു വിളിക്കുന്നു. ഇതിന്റെ സവിശേഷത, ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ ഏകദേശം പരമാവധി ശേഷിയില്‍ തന്നെ പ്രവര്‍ത്തിക്കും എന്നതാണ്. ദീര്‍ഘദൂരം താണ്ടേണ്ട അവസരത്തില്‍ പോലും ഈ മികവാണ് മീറ്റിയോറിനെ വ്യത്യസ്തമാക്കുന്നത്. ചൈനയുടെ എസ്‌യു-30, ജെ-11 തുടങ്ങിയ ലക്ഷ്യങ്ങളെപ്പോലും തകര്‍ക്കാന്‍ മീറ്റിയോറിന് സാധിച്ചേക്കുമെന്ന് പറയുന്നു.

ശത്രു പക്ഷത്തിന് രക്ഷപെടാന്‍ ഒരു പഴുതും നല്‍കാത്ത മിസൈലാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മീറ്റിയോറിന്റെ മറ്റൊരു ഗുണം അതിന്റെ ഭാരക്കുറവാണ്- 190 കിലോ. മീറ്റിയോര്‍ ആദ്യമായി പ്രവര്‍ത്തിപ്പിക്കുന്നത് 2016ല്‍ സ്വീഡന്റെ ഗ്രിപെന്‍ ഫൈറ്ററുകളിലാണ്. പിന്നെ ഇതിനെ വേണ്ടത്ര മാറ്റം വരുത്തി തങ്ങളുടെ റഫാലില്‍ ഉപയോഗിക്കാന്‍ ഫ്രാന്‍സ് തീരുമാനിക്കുകയായിരുന്നു. യൂറോ ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ മീറ്റിയോര്‍ ഉപയോഗിക്കുന്നുണ്ട്. 

അമേരിക്കയുടെ എഫ്-35ലും ഇത് ഘടിപ്പിച്ചിട്ടുണ്ട്. റാംജെറ്റ് എൻജിനുകളുള്ള മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ റഷ്യയും ചൈനയും അതീവ തത്പരരാണെന്നും പറയുന്നു. എന്നാല്‍, ഈ രാജ്യങ്ങള്‍ക്ക് ഇത്തരം മിസൈല്‍ ഇതുവരെ നിർമിക്കാനായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

English Summary: Why IAF is counting on 1 missile on the Rafale fighter to counter China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA