sections
MORE

ഇന്ത്യൻ കപ്പലുകൾക്ക് ചൈനീസ് നാവികസേനയുടെ സുരക്ഷയോ? ഏദൻ ഉൾക്കടലിൽ നടന്നതെന്ത്?

china-navy
SHARE

ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ധാരണപ്രകാരം ചൈനീസ് നാവികസേന 31 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഇന്ത്യൻ ഓയിൽ ടാങ്കറിന് ഏദൻ ഉൾക്കടലിൽ നിന്ന് നിയുക്ത സമുദ്ര പ്രദേശത്തേക്ക് പോകാൻ സുരക്ഷയൊരുക്കി എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട്. സുരക്ഷിത വഴിയൊരുക്കാൻ സഹായിച്ചതിന് ടാങ്കറിന്റെ ക്യാപ്റ്റനിൽ നിന്ന് നന്ദി അറിയിപ്പ് ലഭിച്ചതായും ചൈനീസ് സർക്കാർ അധീനതയിലുള്ള ഗ്ലോബൽ ടൈംസ് അറിയിച്ചു. അതിർത്തി തർക്കത്തിൽ ചൈനയും ഇന്ത്യയും തമ്മിൽ അടുത്തിടെയുണ്ടായ നയതന്ത്ര ചർച്ചകൾക്കിടയിലാണ് ചൈനീസ് നാവിക സേനയുടെ അകമ്പടി സേവനം.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) നാവികസേനയുടെ 35-ാമത്തെ കപ്പൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ടാങ്കർ ‘എംടി ദേശ് ഗൗരവ്,’ പനമാനിയൻ കെമിക്കൽ ടാങ്കർ ‘റാബി സൺഷൈൻ’, മാർഷൽ ദ്വീപുകളുടെ ബൾക്ക് കാരിയർ ‘പാൻ ക്ലോവർ’ എന്നിവയുൾപ്പെടെ മൂന്ന് വിദേശ വ്യാപാര കപ്പലുകളെ വിജയകരമായി രക്ഷപ്പെടുത്തി എന്നും റിപ്പോർട്ടിലുണ്ട്. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കപ്പലുകളെല്ലാം ശനിയാഴ്ച ലക്ഷ്യസ്ഥാനങ്ങളിലെത്തി.

ഇന്ത്യയുടെ ദേശ് ഗൗരവ് ഈജിപ്തിലെ റാസ് ഗാരിബ് തുറമുഖം വിട്ട് കിഴക്ക് ഏദൻ ഉൾക്കടലിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെ വാഡിനാറിലേക്കാണ് മടങ്ങിയത്. ഇന്ത്യൻ കപ്പലിൽ ഒരു സുരക്ഷാ കാപ്സ്യൂൾ ഉണ്ടായിരുന്നു, എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ചൈനീസ് നാവികസേനയിൽ നിന്ന് അകമ്പടിക്കായി ഇന്ത്യൻ കപ്പൽ സഹായം തേടിയതെന്നും റിപ്പോർട്ട് ചെയ്യുന്നു.

കടൽക്കൊള്ളക്കാരുടെ ആക്രമണത്തിന് ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശമായാണ് ഏദൻ ഉൾക്കടൽ അറിയപ്പെടുന്നത്. വിദേശ കപ്പലുകൾക്ക് അകമ്പടി പോകാൻ ചൈനീസ് നാവികസേന ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ അയച്ചതായും മറ്റ് രണ്ട് ചൈനീസ് കപ്പലുകളായ ജിങ്‌ഷൗ, ചാവോ എന്നിവ പ്രാദേശിക എസ്‌കോർട്ട് നൽകാൻ ഒരു പ്രത്യേക സമുദ്ര പ്രദേശത്ത് കാത്തിരിക്കുകയാണെന്നും എസ്‌കോർട്ട് ടാസ്‌ക്ഫോഴ്‌സിന്റെ ചീഫ് സ്റ്റാഫ് ചീഫ് യാങ് ഐബിൻ പറഞ്ഞു.

‘ക്യാപ്റ്റൻ എന്ന നിലയിൽ ഇത് രണ്ടാം തവണയാണ് ഞാൻ ഏദൻ ഉൾക്കടലിലൂടെ സഞ്ചരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ്, ഞാൻ പടിഞ്ഞാറോട്ട് കപ്പൽ യാത്ര ചെയ്യുമ്പോൾ, ഞാൻ ആദ്യമായി ഒരു ചൈനീസ് നാവികസേനയുടെ സഹായം തേടി’– ഇന്ത്യൻ ക്യാപ്റ്റൻ നാവിക എസ്‌കോർട്ട് പരിഭാഷകൻ കായ് ലിംഗോങ്ങിനോട് പറഞ്ഞു.

താൻ ഒരിക്കലും ചൈനയിൽ പോയിട്ടില്ലെങ്കിലും ചൈനീസ് നാവിക എസ്‌കോർട്ട് ടാസ്‌ക്ഫോഴ്‌സ് വർഷം തോറും ‘സുരക്ഷിതവും കാര്യക്ഷമവുമായ’ എസ്‌കോർട്ട് സേവനങ്ങൾ നൽകുന്നുണ്ടെന്നും അത് പ്രശംസനീയവും വിശ്വാസയോഗ്യവുമാണെന്നും ക്യാപ്റ്റൻ പറഞ്ഞു. ഗാൽവാൻ താഴ്‌വരയിൽ ചൈനയും ഇന്ത്യയും ഏറ്റുമുട്ടിയ ജൂൺ മുതൽ അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്.

അതേസമയം, അതിർത്തി തർക്കത്തിൽ മാത്രമല്ല, ചൈന-ഇന്ത്യ ബന്ധങ്ങളുടെ വ്യാപ്തി വിശാലമാണെന്ന് ഇത് കാണിക്കുന്നു എന്നാണ് ചൈനീസ് പത്രം പറയുന്നത്. ഇരു രാജ്യങ്ങൾക്കും ഇപ്പോഴും വളരെയധികം പൊതു താൽപ്പര്യങ്ങളും സഹകരണത്തിനുള്ള മികച്ച ഇടവുമുണ്ടെന്നും പറയുന്നു.

പ്രാദേശിക സമയം ശനിയാഴ്ച വരെ, ചൈനീസ് നാവികസേനയുടെ എസ്‌കോർട്ട് ടാസ്‌ക്ഫോഴ്‌സ് 6,824 കപ്പലുകളുടെ 1,331 കോൺ‌വോയ് ദൗത്യങ്ങൾ പൂർത്തിയാക്കി. ഇതിൽ 3,557 എണ്ണം വിദേശ വ്യാപാരികളിൽ നിന്നും രാജ്യാന്തര സംഘടനകളിൽ നിന്നുമുള്ള കപ്പലുകളാണ്.

English Summary: Chinese navy escorts Indian oil tanker in dangerous waters amid strained ties

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA