ADVERTISEMENT

ചൈനീസ് നിർമിത പാക്ക് യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് മറ്റൊരു ചൈനീസ് നിർമിത പോർവിമാനം തകർന്നുവീണത്. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടു. പാക്കിസ്ഥാൻ വ്യോമസേന (പി‌എ‌എഫ്)യുടെ ജെ‌എഫ് -17 യുദ്ധവിമാനമാണ് തകർന്നുവീണത്. പരിശീലന പറക്കലിനിടെയായിരുന്നു ദുരന്തം സംഭവിച്ചത്. അറ്റോക്കിലെ പിന്ദിഗ്‌ഹേബ് പ്രദേശത്തു വെച്ചാണ് വിമാനം തകര്‍ന്നു വീണത്.

 

ഈ വർഷം ജനുവരി മുതൽ ഇതുവരെ അഞ്ച് പോർവിമാനങ്ങളാണ് തകര്‍ന്നുവീണത്. രണ്ട് അപടകങ്ങളിൽ മൂന്നു പൈലറ്റുമാർ മരിച്ചു. മറ്റ് മൂന്ന് അപകടങ്ങളിലും പൈലറ്റുമാർ പാരച്യൂട്ട് വഴി സുരക്ഷിതമായി താഴേയിറങ്ങി. കഴിഞ്ഞ ദിവസം തകര്‍ന്നു വീണ വിമാനത്തിന്റെ വിവരങ്ങൾ പാക്ക് വ്യോമസേന വെളിപ്പെടുത്തിയില്ലെങ്കിലും ‘ഇജക്ഷൻ’ സീറ്റ് നിർമാതാക്കളായ മാർട്ടിൻ ബേക്കറിന്റെ ട്വിറ്റർ പോസ്റ്റിൽ തകർന്നത് ചൈനീസ് വിമാനം ആണെന്ന് പറയുന്നുണ്ട്. ‘പാക്കിസ്ഥാൻ വ്യോമസേനയുടെ ജെ‌എഫ് -17 വിമാനം ഇന്ന് പതിവ് പരിശീലന ദൗത്യത്തിനിടെ തകർന്നുവീണു, പൈലറ്റ് വിജയകരമായി പുറന്തള്ളപ്പെട്ടു’– ഇതായിരുന്നു ട്വീറ്റ്.

 

ഇത് മാർട്ടിൻ-ബേക്കറിന്റെ PK16LE ഇജക്ഷൻ സീറ്റുകൾ ഘടിപ്പിച്ച ആദ്യത്തെ ജെഫ്-17 ഇജക്ഷൻ ആണെന്നും ട്വീറ്റിലുണ്ട്. ചൈനീസ് നിർമിത ജെഎഫ് -17ന്റെ പരിഹരിക്കാനാകാത്ത സാങ്കേതിക തകരാറിന്റെ വ്യക്തമായ സൂചനയാണ് ഈ വീഴ്ചയെന്നും റിപ്പോർട്ടുകളുണ്ട്. പാക്ക് വ്യോമസേനയ്ക്ക് ഇതൊരു വൻ പരാജയമാണ്. കാരണം പാക്ക് വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളിൽ ഒന്നാണ് ജെ‌എഫ് -17.

 

കഴിഞ്ഞ 18 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ 13 എഫ്–7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. കേവലം പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.

 

ചൈനയിലെ ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രി കോർപ് ആണ് എഫ്–7പിജി പോർവിമാനങ്ങൾ നിർമിക്കുന്നത്. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് ഈ കമ്പനി. ജെ–7 പോർവിമാനങ്ങൾ നിർമിക്കുന്നതും ഇതേ കമ്പനിയാണ്. സോവിയറ്റ് യൂണിയന്റെ മിഗ്–21 പോർവിമാനത്തിന്റെ തനി പകർപ്പാണ് ജെ–7.

 

എഫ്–7പിജിക്കു പുറമെ മറ്റു ചില പോർവിമാനങ്ങളും ചൈന പാക്കിസ്ഥാനു നൽകുന്നുണ്ട്. എന്നാൽ ഈ പോർവിമാനങ്ങൾ വേണ്ട സമയത്ത് പരിഷ്കരിച്ച് പുറത്തിറക്കാൻ പാക്കിസ്ഥാനിൽ വേണ്ടത്ര സംവിധാനമില്ല. പാക്ക് പത്രങ്ങളിലെ റിപ്പോർട്ട് പ്രകാരം 2002ലാണ് ചൈനയിൽ നിന്ന് പാക്കിസ്ഥാൻ എഫ്–7പിജി പോർവിമാനങ്ങൾ വാങ്ങുന്നത്.

 

നിലവിൽ പാക്കിസ്ഥാന്റെ കൈവശം അമ്പതോളം എഫ്–7പിജി പോർവിമാനങ്ങളുണ്ട്. ഇതിൽ മിക്കതും ടേക്ക് ഓഫിന് പോലും ശേഷിയില്ലാത്തതാണ്. പുതിയ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ശേഷിയും ഈ പോർവിമാനങ്ങൾക്കില്ല. ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക സഹായം നിർത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയിൽ നിന്നാണ്. 2010 ൽ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാൻ അമേരിക്കയിൽ നിന്നു വാങ്ങിയിരുന്നത്. എന്നാൽ 2017 ൽ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീഴുന്നത്.

 

നേരത്തെ പാക്കിസ്ഥാൻ എഫ്–6 ഉപേക്ഷിച്ചാണ് എഫ്–7 രംഗത്തിറക്കിയത്. കഴിഞ്ഞ 14 വർഷത്തിനിടെ ചൈനീസ് നിർമിത, ഏഴോ എട്ടോ എഫ്–7പിഎസ്, എഫ്ടി–7പിജി യുദ്ധ വിമാനങ്ങൾ തകർന്നു വീണു പാക്കിസ്ഥാനു നഷ്ടമായിട്ടുണ്ട്. സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയിൽ നിന്ന് ഈ വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. നമീബിയ. നൈജീരിയ, സുഡാൻ, താൻസാനിയ, സിംബാബ്‌വെ, അൽബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എഫ്–7 വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്.

 

English Summary: Pakistan Air Force JF-17 Jet Crashes, Pilot Ejects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT