ADVERTISEMENT

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫാൽ പോർവിമാനങ്ങൾ മികച്ചതാണെന്ന് പാക്കിസ്ഥാന്റെ മുൻ വ്യോമസേന പൈലറ്റ് പറഞ്ഞു. അതേസമയം, റഷ്യൻ നിർമിത സുഖോയ് -30 എംകെഐയെ പാക്കിസ്ഥാന്റെ എഫ് -16, എഐഎം -120 മിസൈൽ എന്നിവയോട് താരതമ്യം ചെയ്യാൻ കഴിയില്ലെന്നുമാണ് മുൻ എഫ്–16 പൈലറ്റ് കിസർ തുഫർ പറഞ്ഞത്.

 

പാക്കിസ്ഥാനിലെ മികച്ച സൈനിക പൈലറ്റുമാരിൽ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് തുഫർ. എഫ് -16 യുദ്ധവിമാനങ്ങളെ പൈലറ്റുചെയ്യുന്നതിൽ വിപുലമായ പരിചയസമ്പന്നനാണ് തുഫർ. കഴിഞ്ഞ വർഷം പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ അതിർത്തിയിലുണ്ടായ ഡോഗ്ഫൈറ്റിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയിൽ നടന്ന വ്യോമാക്രമണത്തിൽ ഇന്ത്യ സുഖോയ് -30 എം‌കെ‌ഐ പോർവിമാനങ്ങളും വളരെ പഴയ വിമാനങ്ങളുമാണ് ഉപയോഗിച്ചത്. അതേസമയം, പാക്കിസ്ഥാൻ വ്യോമസേന അമേരിക്കൻ നിർമിത എഫ് -16 പോർവിമാനങ്ങളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എഫ്–16 ആണ് ഉപയോഗിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്താൻ പാക്കിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.

 

അന്നത്തെ ഡോഗ്ഫൈറ്റിൽ‌ ഇന്ത്യയുടെ മിഗ് -21 ന് സുരക്ഷിതമായി മുന്നേറാൻ വേണ്ട വിവരങ്ങൾ കൈമാറുന്നതിൽ സുഖോയ് -30 എം‌കെ‌ഐ പരാജയപ്പെട്ടു. ഡേറ്റാ ട്രാൻസ്മിഷൻ ചാനൽ ഇല്ലാത്തതിനാലാണ് പാക്ക് വ്യോമസേനാ പോർവിമാനങ്ങളെ നേരിടാൻ ഇന്ത്യൻ വ്യോമസേന പോർവിമാനങ്ങൾ ബുദ്ധിമുട്ടിയത്. സുഖോയ് പോർവിമാനത്തിന്റെ റഡാറിന് മിഗ്–21 പോർവിമാനത്തെ സഹായിക്കാനായില്ല. എന്നാൽ, പാക്കിസ്ഥാൻ എഫ് -16 യുദ്ധവിമാനം പോരാട്ടത്തിനിടെ എഐഎം -120 അമ്രാം എയർ-ടു-എയർ മിസൈൽ പ്രയോഗിക്കുകയും ഒരു മിഗ് -21 തകർക്കുകയും ചെയ്തു. അതേസമയം, ഇന്ത്യ പാക്കിസ്ഥാൻ എഫ്–16 പോര്‍വിമാനവും വെടിവച്ചിട്ടിരുന്നു.

 

ഇന്ത്യൻ വ്യോമസേനയുടെ സു -30 എം‌കെ‌ഐ, മിഗ് -29 യുദ്ധവിമാനങ്ങൾക്ക് തീർച്ചയായും മികച്ച കഴിവുകളുണ്ട്. എന്നാൽ, ഇതിന് കാഴ്ചയുടെ പരിധിയിലുള്ള ആക്രമണത്തിന് മാത്രമേ സഹായിക്കൂ എന്നാണ് പാക്ക് പൈലറ്റ് പറഞ്ഞത്. പാക്കിസ്ഥാൻ സൈനിക വിദഗ്ധൻ സൂചിപ്പിച്ചതുപോലെ, ‘കാഴ്ചയുടെ പരിധിക്കപ്പുറം’ വായുവിലെ ഒരു യുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ഈ പോര്‍വിമാനങ്ങൾക്ക് കുറവുകളുണ്ട്. ഡോഗ്ഫൈറ്റ് സമയത്ത് നെറ്റ്‌വർക്ക് കേന്ദ്രീകൃത സംവിധാനത്തിന്റെ സഹായത്തോടെയുളള വിവര കൈമാറ്റത്തിലെ ബുദ്ധിമുട്ടുകളാണ് പ്രധാന പോരായ്മയെന്നാണ് അദ്ദേഹം കരുതുന്നത്.

 

റഷ്യൻ നിർമിത സുഖോയ് -30 എം‌കെ‌ഐയുടെ നിയന്ത്രണത്തിലെ എല്ലാ പോരായ്മകളെക്കുറിച്ചും തനിക്ക് വ്യക്തമായ നിഗമനത്തിലെത്താൻ കഴിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് വ്യക്തമാണ്: ഈ വിമാനങ്ങളെ പാക്കിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന എഫ്–16, എ‌ഐ‌എം -120 മിസൈലുകൾ സംയോജനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കുറവിനെ കുറിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് അറിയാം. ഇതിനാലാണ് ഫ്രാൻസിൽ നിന്നു റഫാൽ വാങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.‌

 

English Summary: Pakistani F-16 Pilot Praises Rafale Jets; Says India’s Russian-Origin Fighters No Match To PAF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com