ADVERTISEMENT

അമേരിക്കൻ വ്യോമസേനയുടെ രഹസ്യ പേടകം എക്സ് -37 ബി, ബഹിരാകാശ വിമാനത്തിന്റെ പുതിയ വിഡിയോ പുറത്തുവന്നു. ഈ പേടകത്തെ കുറിച്ച് പുറം ലോകത്തിന് വളരെ കുറച്ച് മാത്രമേ അറിയുകയൊള്ളു. ബോയിങ് പ്രമോഷണൽ വിഡിയോയിൽ നിന്നുള്ള ഒരു ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

ബഹിരാകാശ വിമാനമായ എക്സ് -37 ബി യുടെ വിഡിയോ ഒരു ട്വിറ്റർ ഉപയോക്താവാണ് പോസ്റ്റുചെയ്തത്. വിഡിയോയിൽ വിമാനത്തിന്റെ കാർഗോ ബേ വാതിലുകൾ തുറക്കുകയും വിമാനത്തിനുള്ളിൽ വിന്യസിച്ചിരിക്കുന്ന പായ്ക്ക് ചെയ്ത സോളാർ പാനലുകൾ കാണിക്കുകയും ചെയ്യുന്നുണ്ട്. എയർഫോഴ്സ് അസോസിയേഷന്റെ വാർഷിക കൺവെൻഷനിൽ കാണിച്ചിരിക്കുന്ന ബോയിങ് പ്രമോഷണൽ വിഡിയോയിൽ നിന്നാണ് ക്ലിപ്പ് ക്രോപ്പ് ചെയ്തത് പോസ്റ്റുചെയ്തതെന്ന് ഉപയോക്താവ് പറഞ്ഞു.

 

ബോയിങ് നിർമിച്ച ഈ വിമാനം ഭ്രമണപഥത്തിലെ ഊർജത്തിനായി സോളാർ പാനലുകൾ ഉപയോഗിക്കുന്നുണ്ട്. 29 അടി (9 മീറ്റർ) നീളമുണ്ട്, 15 അടി നീളമുള്ള ചിറകും 11,000 പൗണ്ട് (4,989 കിലോഗ്രാം) ഭാരവുമുണ്ട്. ആദ്യത്തെ വിമാനം 2010 ഏപ്രിലിൽ പറന്ന് എട്ട് മാസത്തെ ദൗത്യത്തിന് ശേഷം മടങ്ങി. ഭ്രമണപഥത്തിൽ 780 ദിവസം പൂർത്തിയാക്കിയാണ് 2019 വിമാനം ലാൻഡ് ചെയ്തത്.

 

2000 കളിൽ നാസയുടെ കീഴിൽ പ്രോഗ്രാം ആരംഭിച്ചെങ്കിലും പിന്നീട് അമേരിക്കയുടെ പ്രതിരോധ വകുപ്പിലേക്ക് (ഡിഒഡി) മാറ്റുകയായിരുന്നു. ഈ കൈമാറ്റം ചൈനയുടെ ആദ്യത്തെ ബഹിരാകാശ നിലയമായ ടിയാങ്‌ഗോംഗ് -1 ൽ ചാരപ്പണി നടത്താൻ ലക്ഷ്യമിട്ടുള്ള ഒരു സൈനിക പദ്ധതിയായിരുന്നു എക്സ് -37 പ്രോഗ്രാമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എക്സ് -37 പേടകത്തിന് ബഹിരാകാശത്തെ വിവിധ ഉപഗ്രഹങ്ങളിൽ ചാരപ്പണി നടത്താനോ ബഹിരാകാശ അധിഷ്ഠിത ആയുധങ്ങൾ വികസിപ്പിക്കാനോ പരീക്ഷിക്കാനോ ഉപയോഗിക്കാമെന്ന് വാദിക്കുന്നവരുണ്ട്.

 

എക്സ് -37 ബി വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ്. ബഹിരാകാശ ദൗത്യം പൂർത്തിയായാൽ ഭൂമിയിലേക്ക് മടങ്ങുന്നു. 2020 മെയ് 17 നാണ് പെന്റഗൺ ബഹിരാകാശ വിമാനത്തിന്റെ ആറാമത്തെ വിക്ഷേപണം നടത്തിയത്. അഞ്ചാമത്തെ ദൗത്യം രണ്ട് വർഷത്തോളം നീണ്ടുനിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരുന്നു, ഈ ദൗത്യങ്ങളുടെ കാലാവധി വർധിച്ചുകൊണ്ടിരിക്കുകയാണ്. ആറാമത്തെ കാലാവധി എത്രയാണെന്ന് വ്യക്തമല്ല.

 

പൂർത്തിയാക്കിയ അഞ്ച് ദൗത്യങ്ങളിലൂടെ എക്സ് -37 ബി മൊത്തം 2,865 ദിവസം ഭ്രമണപഥത്തിൽ ചെലവഴിച്ചു. എക്സ് -37 ബി യുടെ പുനരുപയോഗിക്കാവുന്ന ഫ്ലൈറ്റ്, റീഇൻട്രി, ലാൻഡിങ് സാങ്കേതികവിദ്യകൾ, ദേശീയ ബഹിരാകാശ സമൂഹത്തിന് പ്രയോജനപ്പെടുന്നതിനുള്ള ഓപ്പറേറ്റിങ് പരീക്ഷണങ്ങൾ എന്നിവ വിജയകരമായി പരിശോധിച്ചുവെന്നും യുഎസ് വ്യോമസേന അറിയിച്ചു. ചൈന പുനരുപയോഗിക്കാവുന്ന ചെറിയ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് ഈ വിഡിയോ വന്നതെന്നും ശ്രദ്ധേയമാണ്. ഇന്ത്യയും റഷ്യയും സമാനമായ പേടകങ്ങൾ വികസിപ്പിക്കുന്നുണ്ട്.

 

English Summary: New Video Shows First Look Inside Pentagon’s Secretive X-37B Spaceplane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com