ADVERTISEMENT

അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചു. തന്ത്രപ്രധാന പ്രദേശങ്ങളിലെല്ലാം ഇന്ത്യ മിസൈലുകളും പോര്‍വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ തന്നെ സ്വന്തം നിർഭയ് ക്രൂസ് മിസൈലാണ്. സബ്സോണിക് മിസൈൽ നിർഭയ് ചൈനീസ് സൈന്യത്തിന്റെ ഉറക്കംകെടുത്തുന്നതാണ്.

 

1,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാവുന്ന ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലാണ് നിർഭയ്. നിർഭയ് എല്ലാ കാലാവസ്ഥയിലും തൊടുക്കാവുന്ന മിസൈലാണ്. ഇതിന്റെ പരിധി ചൈനയ്ക്ക് ഭീഷണിയാണ്. കാരണം ടിബറ്റ് വരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്താൻ നിർഭയ് ക്രൂസ് മിസൈലിന് സാധിക്കും.

 

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത നിർഭയ് 2013 ന് ശേഷം പരീക്ഷണത്തിലാണ്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധ വാഹക ശേഷിയുള്ള ദീർഘദൂര സബ്‌സോണിക് മിസൈൽ ‘നിർഭയ്’ന്റെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. നിരവധി തവണ പരീക്ഷണങ്ങൾ പരാജയപ്പെട്ട ക്രൂസ് മിസൈലാണ് നിർഭയ് എന്നുതും ശ്രദ്ധേയമാണ്. 300 കിലോഗ്രാം ഭാരമുള്ള പോർമുന 1000 കിലോമീറ്റർ ദൂരത്തിലെത്തിക്കാൻ ശേഷിയുള്ള മിസൈലാണിത്. നിരവധി പ്ലാറ്റ്ഫോമുകളിൽ നിന്നു ഉപയോഗിക്കാൻ കഴിയുന്ന നിർഭയ് ഏതു കാലാവസ്ഥയിലും പ്രയോഗിക്കാം.

 

∙ അഗ്നി, പൃഥ്വി, ധനുഷ്

 

ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നി, പൃഥ്വി, ധനുഷ് തുടങ്ങിയവയും ഇന്ത്യയിൽ വികസിപ്പിച്ചവ തന്നെയാണ്. പക്ഷേ, അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്‌ത്രം പോലെ, തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. വൻ സൈനിക വ്യൂഹങ്ങൾ, നഗരങ്ങൾ പോലെ സ്ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ് ഇവ ലക്ഷ്യമിടുന്നത്.

 

∙ എന്താണ് നിർഭയ്?

 

ദൂരപരിധി– ആയിരം കിലോമീറ്റർ. പറക്കുന്ന ഉയരം– കഷ്‌ടിച്ച് മരങ്ങൾക്ക് മുകളിലൂടെ. വേഗം– ശബ്‌ദത്തേക്കാൾ കുറവ്, ഒരു സാധാരണയാത്രാവിമാനത്തേക്കാൾ അൽപം കൂടി. പോർവിമാനത്തിന്റെ വേഗം പോലുമില്ല. നിർഭയ് ക്രൂസ് മിസൈലിന്റെ വിശേഷങ്ങൾ കേട്ടാൽ ആർക്കും മതിപ്പ് തോന്നില്ല. പ്രത്യേകിച്ച് ഇന്ത്യൻ ശാസ്‌ത്രജ്‌ഞന്മാർ തന്നെ വികസിപ്പിച്ചു സൈന്യങ്ങൾക്കു നൽകിയ മറ്റ് ചില മിസൈലുകളുമായി തട്ടിച്ചു നോക്കുമ്പോൾ. മൂവായിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-3, 4 എന്നീ പതിപ്പുകൾ, പരീക്ഷണത്തിലിരിക്കുന്ന 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-5, ശബ്‌ദത്തേക്കാൾ വേഗത്തിൽ പറക്കുന്ന ലോകത്തെ ഏക ക്രൂസ് മിസൈലായ ബ്രഹ്‌മോസ് എന്നിവ കൈവശമുള്ള ഇന്ത്യ എന്തിന് ഇങ്ങനെയൊരു മിസൈൽ വികസിപ്പിക്കുന്നു എന്ന ചോദ്യവും ഉയരാം.

 

എന്നാൽ നിർഭയ് ചില്ലറക്കാരനല്ല. ഈ മിസൈലിന്റെ വികസനത്തോടെ ഇന്ത്യ മിസൈൽ സുരക്ഷാരംഗത്തു പുതിയൊരു കുതിപ്പിനു തയാറെടുക്കുകയാണ്. ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നിയുടെ വിവിധ പതിപ്പുകൾ, പൃഥ്വി, ധനുഷ് തുടങ്ങിയവയെല്ലാം നൂറു ശതമാനം ഇന്ത്യയിൽ വികസിപ്പിച്ചവയാണ്. പക്ഷേ, അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്‌ത്രം പോലയാണവ - തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. അതിനാൽ അഗ്നിപോലുള്ള ബാലിസ്‌റ്റിക് മിസൈൽ ലക്ഷ്യമിടുന്നത് പ്രധാനമായും സ്‌ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ്. വൻ സൈനികവ്യൂഹങ്ങൾ, നഗരങ്ങൾ, വ്യവസായ മേഖലകൾ... അങ്ങനെ എന്തുമാകാം. യുദ്ധത്തിന്റെ അവസാനഘട്ടത്തിലേ ഇങ്ങനെയുള്ളവ ലക്ഷ്യമിടുകയുള്ളൂ.

 

അൽപംകൂടി ദൂരപരിധി കുറഞ്ഞ പൃഥ്വിയുടെ ക്ലാസിലുള്ള ബാലിസ്‌റ്റിക് മിസൈലുകൾ യഥാർഥ സൈനിക മിസൈലുകളാണ്. യുദ്ധഭൂമിയിൽ ശത്രുവിന്റെ ടാങ്ക് വ്യൂഹങ്ങൾ, പാലങ്ങൾ, റയിൽവേ ഹബ് തുടങ്ങിയവ തകർക്കാനാണ് ഇവ ഉപയോഗിക്കുക. പൃഥ്വിയും ബാലിസ്‌റ്റിക് മിസൈൽ ആയതിനാൽ തൊടുത്തുവിട്ടാൽ പിന്നെ നിയന്ത്രണം സാധ്യമല്ല.

 

ഇവയിൽ നിന്നു വ്യത്യസ്‌തമാണു ക്രൂസ് മിസൈൽ. വിമാനം പോലെയാണ് അവ പറക്കുന്നത്. അവയുടെ കംപ്യൂട്ടർ തലച്ചോറുപയോഗിച്ച് ഭൂമിയുടെ കിടപ്പ് പരിശോധിച്ച് അതുമായി തട്ടിച്ചുനോക്കിക്കൊണ്ടോ, അല്ലെങ്കിൽ നേരത്തെ പ്രോഗ്രാം ചെയ്‌ത മാർഗത്തിലൂടെയോ, ഭൂപടം അടിസ്‌ഥാനമാക്കിയോ ഇവയ്‌ക്കു പറക്കാം. വഴിയിൽ ഒരു മലയുണ്ടെങ്കിൽ അടുത്തെത്തുമ്പോൾ പെട്ടെന്ന് ഉയർന്ന് അതിന് മേലെ കൂടി പറന്ന് ലക്ഷ്യത്തിലെത്തും. ഈ കൂട്ടത്തിൽ പെട്ടതാണ് ഇന്ത്യയുടെ പക്കലുള്ള ബ്രഹ്‌മോസ് മിസൈൽ. ശബ്‌ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ക്രൂസ് മിസൈലാണിത്. എന്നാൽ ഇതിന്റെ ദൂരപരിധി പരിമിതമാണ് - കഷ്‌ടിച്ച് 300 കിലോമീറ്റർ. ദൂരപരിധി കുറവായതിനാൽ, അണ്വായുധം ഘടിപ്പിക്കാനാവില്ല. തൊട്ടടുത്തുള്ള ശത്രുവിന് നേർക്ക് അണ്വായുധം പ്രയോഗിച്ചാൽ അതിൽ നിന്നുള്ള റേഡിയേഷനും ആഘാതവും തിരിച്ചടിക്കുമല്ലോ. രണ്ടാമതായി, ഇതിൽ ആണവപോർമുന ഘടിപ്പിക്കാമെന്നു വച്ചാൽ തന്നെ ‘നിയമതടസ’മുണ്ട്. റഷ്യയുമായി സഹകരിച്ച് വികസിപ്പിച്ചതാണു ബ്രഹ്‌മോസ്. മിസൈൽ സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച ആഗോള നിയമങ്ങളനുസരിച്ച് സംയുക്‌തമായി വികസിപ്പിച്ച മിസൈലുകൾക്ക് 300 കിലോമീറ്ററിനപ്പുറം പറക്കൽ ശേഷി ഉണ്ടാവാൻ പാടില്ലെന്നും ആണവ പോർമുന ഘടിപ്പിക്കരുതെന്നും നിബന്ധനയുണ്ട്.

 

ഇവിടെയാണ് നിർഭയ് മിസൈലിന്റെ ആവശ്യം. നാം സ്വന്തമായി വികസിപ്പിച്ചതായതിനാൽ ദൂരപരിധി വർധിപ്പിക്കാനും ഏത് പോർമുന ഘടിപ്പിക്കാനുമുള്ള സ്വാതന്ത്യ്രം നമുക്കുണ്ട്. ഇപ്പോൾ ആയിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ളതിനാൽ ഇതിൽ ആണവ പോർമുന ഘടിപ്പിക്കാനാവും. തൊടുത്തുവിട്ട ശേഷവും അതിന്റെ ഗതി നിയന്ത്രിക്കാനുമാവും.

 

∙ നിർഭയ് മിസൈൽ: പ്രത്യേകതകൾ

 

∙ റോക്കറ്റ് പോലെ ലംബമായി ഉയർന്ന ശേഷം വിമാനം പോലെ തിരശ്‌ചീനമായി പറക്കാൻ കഴിയും.

∙ താഴ്‌ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണുവെട്ടിക്കാം.

∙ കരയിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും യുദ്ധക്കപ്പലുകൾ, അന്തർവാഹിനി തുടങ്ങിയവയിൽ നിന്നും വിക്ഷേപിക്കാം.

∙ ദൂരപരിധി: 700-1000 കി. മീറ്റർ

∙ വികസിപ്പിച്ചത്: ഡിആർഡിഒ

∙ ചെലവ്: ഏകദേശം 10 കോടി രൂപ.

 

അതേസമയം, എൽ‌എസിയിൽ നിന്നുള്ള ഏറ്റവും പുതിയ സാറ്റലൈറ്റ് ഇമേജുകൾ കാണിക്കുന്നത് ചൈനയും കാര്യമായി തന്നെ മിസൈലുകൾ വിന്യസിക്കുന്നുണ്ടെന്നാണ്. ടിബറ്റിലെ എൽ‌എസിക്ക് സമീപം ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ വിന്യസിക്കുന്നതിൽ വർധനവ് കാണിക്കുന്നുണ്ട്. സിക്കിം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് അതിർത്തികളുള്ള ചില പ്രദേശങ്ങളിലും ചൈനീസ് മിസൈൽ ലോഞ്ചറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

English Summary: LAC standoff: India deploys long-range missile Nirbhay to tackle Chinese threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT