sections
MORE

റഫാലിലെ അതിനൂതന ടെക്നോളജി ഇന്ത്യന്‍ വ്യോമസേനയ്ക്ക് പഠിപ്പിച്ചു കൊടുത്തുവെന്ന് ഫ്രാന്‍സ്

talios
SHARE

റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ഇനി ഉപയോഗിക്കാന്‍ പോകുന്ന അതിനൂതന സാങ്കേതികവിദ്യകളില്‍ ഒന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പരിചയപ്പെടുത്തി കൊടുത്തുവെന്ന് ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റിനാണ് ഇക്കാര്യത്തില്‍ പരിശീലനം നല്‍കിയത്. സെപ്റ്റംബര്‍ 22ന് ഒരു റഫാല്‍ എഫ്3ആര്‍ ഫൈറ്ററില്‍ വച്ചാണ് പൈലറ്റിനു പരിശീലനം നല്‍കിയതെന്ന് പ്രതിരോധ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ടാര്‍ഗെറ്റിങ് ലോങ്-റെയ്ഞ്ച് ഐഡന്റിഫിക്കേഷന്‍ ഒപ്‌ട്രോണിക്‌സ് സിസ്റ്റം (Targeting Long-Range Identification Optronic System) അഥവാ ടാലിയോസ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിധമാണ് പൈലറ്റിനു പഠിപ്പിച്ചു കൊടുത്തത്. 

വിമാനത്തിന്റെ പുറത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു പോഡിലുള്ള സെന്‍സറുകളാണ് ടാലിയോസ്. ഇവയ്ക്ക് സാധാരണഗതിയില്‍ ലേസര്‍ മുനകളും, ഇന്‍ഫ്രാറെഡ്, ഇലക്ട്രോ-ഒപ്ടിക്കല്‍ സെന്‍സറുകളും അടങ്ങിയിരിക്കും. ഭൂതലത്തില്‍ അകലെയുള്ള ശത്രു സ്ഥാനങ്ങളും ലക്ഷ്യമാക്കി ബോംബുകളും മിസൈലുകളും തൊടുക്കാന്‍ ഉപകരിക്കുന്നതാണ് ഈ സിസ്റ്റം.

ഫ്രഞ്ച് കമ്പനിയായ താലെസ് ആണ് ഇതു വികസിപ്പിച്ചെടുത്തത്. ഇത് ഫ്രാന്‍സിന്റെ നാവിക സേനയും വ്യോമസേനയും 2018 മുതല്‍ ഉപയോഗിക്കുന്നുണ്ട്. ഈ മാസം അത് പരിപൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കരുതുന്നതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്ത്യന്‍ പൈലറ്റിനെ ഈ സിസ്റ്റം ഉപയോഗിച്ച് എങ്ങനെ അന്തരീക്ഷത്തിലേക്കുള്ള (എയര്‍ ടു എയര്‍) ലക്ഷ്യങ്ങളെയും, വിമാനത്തില്‍ നിന്ന് കരയിലുള്ളതും കടലിലുള്ളതുമായ ലക്ഷ്യങ്ങള്‍ക്കു നേരെയും ആക്രമണങ്ങള്‍ നടത്താൻ സാധിക്കും വിധമാണ് പഠിപ്പിച്ചുകൊടുത്തതെന്നാണ് മന്ത്രാലയം പറഞ്ഞത്. റഫാല്‍ വിമാനങ്ങളുടെ അധിക കരുത്തിനെക്കുറിച്ച് ഇന്ത്യന്‍ പൈലറ്റിനു മനസിലായെന്നും പറയുന്നു.

റഫാല്‍ വിമാനങ്ങളില്‍ ഇപ്പോഴുള്ള സെന്‍സറുകളെ കവച്ചുവയ്ക്കുന്ന തരത്തിലുള്ള പ്രകടനമായിരിക്കും ടാലിയോസിനു നടത്താനാകുക. ഇതിന്റെ പ്രയോഗരീതിയാണ് പൈലറ്റിന് ഫ്രഞ്ച് മന്ത്രാലയം പഠിപ്പിച്ചുകൊടുത്തിരിക്കുന്നത്. വായുവില്‍ നിന്ന് ഭൂതല ലക്ഷ്യങ്ങളെ എങ്ങനെ ഉന്നമിടാം എന്നതിനെക്കുറിച്ചും, അഗാധാക്രമണ (deep strike) ദൗത്യങ്ങളില്‍ പുതിയ സിസ്റ്റം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും, ആകാശത്തില്‍ തന്നെയുള്ള ചെറിയ, ചലിക്കുന്ന ലക്ഷ്യങ്ങലെ എങ്ങനെ ഉന്നംവയ്ക്കാമെന്നതിനെക്കുറിച്ചും പറഞ്ഞു കൊടുത്തുവെന്നാണ് അവര്‍ പറയുന്നത്. വായുവില്‍ നിന്ന് ജലത്തിലേക്കുള്ള ആക്രമണങ്ങളില്‍, ബോട്ടുകളെ ലക്ഷ്യംവയ്ക്കുന്ന രീതിയും പരിശീലിപ്പിച്ചിട്ടുണ്ട്.

ടാലിയോസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് ഇതു വികസിപ്പിച്ചെടുത്ത കമ്പനിയായ താലിസ് പറയുന്നത്. ഇത് ഓട്ടോമാറ്റിക്കായി ലക്ഷ്യ സ്ഥാനങ്ങളെ കണ്ടെത്തും. അതിനാല്‍ ലക്ഷ്യം കണ്ടെത്താനുള്ള പറക്കലുകളിലും, ശത്രുസങ്കേത നിരീക്ഷണത്തിലും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കുമെന്നു പറയുന്നു. ഈ ലക്ഷ്യങ്ങളുടെ കളര്‍ ഫോട്ടോകളും എടുക്കും. ടാലിയോസിന്റെ വികസിപ്പിക്കലിനു മുൻപ് ഇത്തരം സിസ്റ്റങ്ങള്‍ ഗുണകരമല്ലെന്ന നിഗമനമായിരുന്നു ഉണ്ടായിരുന്നത്. ഖത്തര്‍ തങ്ങളുടെ റഫാലുകളില്‍ ഘടിപ്പിക്കാന്‍ അമേരിക്കൻ നിര്‍മിത ലക്ഷ്യം കണ്ടെത്തല്‍ സാങ്കേതികവിദ്യയാണ് വാങ്ങുന്നത്.

എന്നാല്‍, ടാലിയോസ് ഇതുവരെ ഇന്ത്യന്‍ വ്യോമസേന വാങ്ങിയിട്ടില്ല. വ്യോമസേന വര്‍ഷങ്ങളായി ഇസ്രയേലിന്റെ റഫാല്‍ ലൈറ്റെനിങ് ടാര്‍ഗറ്റ് അക്വിസിഷന്‍ സിസ്റ്റം (Litening target acquisition system) ആണ് ഉപയോഗിച്ചുവരുന്നത്. 2016ല്‍ ആണ് 164 ലൈറ്റെനിങ് പോഡുകള്‍ ഇന്ത്യന്‍ നാവികസേനയ്ക്കു വില്‍ക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഇവ പല യുദ്ധ വിമാനങ്ങളിലും ഘടിപ്പിച്ചു. മിറാഷ്-2000, ജാഗ്വാര്‍, എസ്‌യു-30എംകെഐ തുടങ്ങിയ വിമാനങ്ങളെല്ലാം പോരിനിറങ്ങുന്നത് ഇവ വിന്യസിച്ചാണ്. ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ക്കും ലൈറ്റെനിങ് സാങ്കേതികവിദ്യ നല്‍കാമെന്ന് റഫാല്‍ 2017ല്‍ പറഞ്ഞിരുന്നു. ഇതിനു പകരം ടാലിയോസ് വാങ്ങുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

English Summary: France gives IAF demo of new targeting system on Rafale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA