ADVERTISEMENT

തുടക്കത്തിലെ ചില തിരിച്ചടികളെ മറികടന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വെള്ളിയാഴ്ച ഇന്ത്യയുടെ സ്വന്തം ഡ്രോൺ രുസ്തം -2 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗയിൽ 16,000 അടി ഉയരത്തിൽ എട്ട് മണിക്കൂർ പറത്തിയാണ് പ്രോട്ടോടൈപ്പ് ഡ്രോൺ പരീക്ഷിച്ചത്. പ്രോട്ടോടൈപ്പ് ഡ്രോൺ 2020 അവസാനത്തോടെ 26,000 അടി ഉയരവും 18 മണിക്കൂർ സമയം പറക്കാനുള്ള ശേഷിയും കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിന്തറ്റിക് അപേർച്ചർ റഡാർ, ഇലക്ട്രോണിക് ഇന്റലിജൻസ് സിസ്റ്റങ്ങൾ, സാഹചര്യ ബോധവൽക്കരണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ദൗത്യ ടാർഗെറ്റുകളെ ആശ്രയിച്ച് പേലോഡുകളുടെ വ്യത്യസ്ത കോംപിനേഷനുകൾ വഹിക്കാൻ രുസ്തം -2 ന് കഴിയും. സൈനിക താവളങ്ങളിലേക്ക് ലൈവ് വിവരങ്ങള്‍ കൈമാറാൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിങ്കും ഇതിനുണ്ടാകും. ചിത്രദുർഗ ജില്ലയിലെ ചല്ലക്കരെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് എട്ട് മണിക്കൂർ നേരത്തെ പരീക്ഷണ പറക്കലിനുശേഷവും രുസ്തം-2 ന് ഒരു മണിക്കൂർ ഇന്ധനം ശേഷിക്കുന്നുണ്ട് എന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.

ഇന്ത്യൻ വ്യോമസേനയും നാവികസേനയും ഉപയോഗിക്കുന്ന ഇസ്രയേലി ഹെറോൺ ഡ്രോണിന്റെ സവിശേഷതകളുമായി രുസ്തം -2 നിരീക്ഷണ ഡ്രോൺ പൊരുത്തപ്പെടുമെന്നാണ് ഡിആർഡിഒ പ്രതീക്ഷിക്കുന്നത്. അതിർത്തി പ്രദേശങ്ങൾ നിരീക്ഷിക്കാൻ രുസ്തം–2 ന് സാധിക്കും. പാക്ക്, ചൈന അതിർത്തി പ്രദേശങ്ങളിൽ രുസ്തം–2 ഡ്രോണുകൾ വിന്യസിച്ചേക്കുമെന്നാണ് കരുതുന്നത്.

പ്രതിരോധ രംഗത്ത് ഇന്ത്യൻ ഡ്രോണുകളുടെ (ആളില്ലാ വിമാനം) സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ ആശങ്കയറിയിച്ച് പാക്കിസ്ഥാന്‍ നേരത്തെ രംഗത്തുവന്നിരുന്നു. അമേരിക്കന്‍ കൊലയാളി ഡ്രോണുകളുടെ ചുവടുപിടിക്കുന്ന ഇന്ത്യയുടെ രുസ്തം 2 ഡ്രോണുകളാണ് പ്രധാനമായും പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. ഒരേസമയം ശത്രു മേഖലകളില്‍ ആകാശ നിരീക്ഷണം നടത്താനും ചാരപ്രവര്‍ത്തനത്തിനും ശേഷിയുള്ളവയാണ് ഈ ഡ്രോണുകള്‍.  'ഡ്രോണ്‍ സാങ്കേതിക വിദ്യയിലും നിര്‍മാണത്തിലും ഇന്ത്യ കൈവരിച്ച പുരോഗതി ആശങ്കപ്പെടുത്തുന്നതാണ് എന്നായിരുന്നു പാക്ക് ആരോപണം. 

∙ ഇനി യുദ്ധത്തിനു ആളില്ലാ വിമാനങ്ങൾ, ദൗത്യവുമായി ഇന്ത്യ

സർജിക്കൽ സ്ട്രൈക്ക് പോലുള്ള തന്ത്രപ്രധാന മിഷനുകളിൽ ഇനി പ്രധാനമായും പങ്കെടുക്കുക ആളില്ലാ പോർവിമാനങ്ങളായിരിക്കും. നിരവധി രാജ്യങ്ങൾ ഇപ്പോള്‍ തന്നെ യുദ്ധങ്ങള്‍ക്കും മറ്റു ദൗത്യങ്ങൾക്കും ആളില്ലാ പോർവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പരമാവധി സൈനികരെ യുദ്ധമുഖത്തു നിന്നും മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ പൈലറ്റില്ലാ പോർവിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. 

തദ്ദേശീയമായി തന്നെ ഇത്തരം പൈലറ്റില്ലാ വിമാനങ്ങള്‍ നിര്‍മിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) നാഷണല്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ഡ്രോണ്‍ നിര്‍മാണം തകൃതിയായി നടക്കുന്നത്. 

ഒരു കിലോഗ്രാം ഭാരം വഹിക്കാനാവുന്ന ചെറു ഡ്രോണുകള്‍ മുതല്‍ 350 കിലോഗ്രാം വരെ വാഹക ശേഷിയുള്ള രുസ്തം 2 വരെയുള്ളവയാണ് വിവിധ പരീക്ഷണഘട്ടങ്ങളിലുള്ളത്. 2020, 2025 വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനം. തദ്ദേശീയമായി നിര്‍മിച്ച കാവേരി വിമാന എൻജിനുകള്‍ പൈലറ്റില്ലാ വിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

English Summary: DRDO’s Rustom-2 drone takes-off, India goes for armed Heron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com