ADVERTISEMENT

അഞ്ചാം തലമുറയില്‍ പെട്ട പോര്‍വിമാനങ്ങളായ എഎംസിഎ (അഡ്വാന്‍സ്ഡ് മള്‍ട്ടിറോള്‍ കോംപാക്ട് എയര്‍ക്രാഫ്റ്റ്) കള്‍ ആഭ്യന്തരമായി നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെന്ന് യുറേഷ്യടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്വയം പര്യാപ്തത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ നീക്കം. വരും ദശാബ്ദത്തില്‍ നമ്മുടെ വ്യോമസേനക്ക് കുറഞ്ഞത് 450 പുതിയ പോര്‍വിമാനങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 

എഎംസിഎ പോര്‍വിമാനങ്ങള്‍ 2027 ആകുമ്പോഴേക്കും പറന്നുയരുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. ഈ ലക്ഷ്യം പോലും ഇന്ത്യന്‍ വ്യോമസേനക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നാണ് വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യന്‍ വ്യോമസേന അഞ്ചാം തലമുറയില്‍ പെട്ട ഈ പോര്‍വിമാനങ്ങളെ നിര്‍മിക്കുക. ഇതില്‍ ആദ്യത്തെ രണ്ട് സ്‌ക്വാഡ്രണില്‍ പെട്ട പോര്‍വിമാനങ്ങളില്‍ ഇറക്കുമതി ചെയ്ത എൻജിനായിരിക്കും ഉപയോഗിക്കുക. അതേസമയം ബാക്കി അഞ്ച് സ്‌ക്വാഡ്രണില്‍ പെട്ട പോര്‍വിമാനങ്ങള്‍ക്ക് വേണ്ട എൻജിനുകള്‍ തദ്ദേശീയമായി നിര്‍മിക്കുമെന്നും വ്യോമസേനാ മേധാവി അറിയിച്ചു.

 

അഞ്ചാം തലമുറയില്‍ പെട്ട എഎംസിഎ പോര്‍വിമാനങ്ങളില്‍ ആറാം തലമുറയില്‍ പെട്ട സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തുമെന്നും വ്യോമസേനാ മേധാവി സൂചിപ്പിച്ചു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എഡിഎ) എന്നിവരാണ് തദ്ദേശീയമായി എഎംസിഎ പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ വ്യോമസേനയുടെ കരുത്ത്. നേരത്തെ ഇന്ത്യന്‍ വ്യോമസേനക്കായി ആറ് സ്‌ക്വാഡ്രണ്‍ എഎംസിഎ പോര്‍വിമാനങ്ങള്‍ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യ വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ 2024-25ല്‍ പൂര്‍ത്തിയാക്കുമെന്നും 2029ല്‍ ഈ പോര്‍വിമാനങ്ങളുടെ നിര്‍മാണം പൂര്‍ണമാകുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

 

ഇരട്ട എൻജിനുള്ള ഒറ്റസീറ്റ് പോര്‍ വിമാനങ്ങളാണ് എഎംസിഎ. തദ്ദേശീയമായി നിര്‍മിച്ച എഇഎസ്എ റഡാറാണ് ഇതില്‍ ഉപയോഗിക്കുക. എഎംസിഎ പോര്‍വിമാനത്തിന്റെ പ്രോട്ടോടൈപ്പ് മാതൃക തയ്യാറാക്കുന്നതിന് 2018ല്‍ ഏതാണ്ട് 60 ദശലക്ഷം ഡോളര്‍ വകയിരുത്തിയിരുന്നു. സൂപ്പര്‍ ക്രൂസ് വേഗത്തില്‍ പറക്കുന്ന 25 ടണ്‍ ഭാരമുള്ള പോര്‍വിമാനങ്ങളാണ് എഎംസിഎ അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യയുമുള്ള എഎംസിഎ പോര്‍വിമാനങ്ങളുടെ വരവ് ഇന്ത്യന്‍ വ്യോമസേനക്ക് കരുത്ത് കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

English Summary: India’s 5th-Gen Fighter Jet ‘AMCA’ Will Have 6th-Gen Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com