sections
MORE

ലോകത്ത് ആദ്യവും അവസാനവുമായി ഒരു സാറ്റ്‌ൈല്റ്റ് വെടിവച്ചിട്ട പൈലറ്റിന്റെ അനുഭവം

doug-pearson-
SHARE

അമേരിക്കന്‍  വ്യോമസേനയ്ക്ക് 1980കളില്‍ ശത്രു രാജ്യത്തിന്റെ തീരത്തിനു മുകളില്‍ ഒരു സൂചനയും നല്‍കാതെ എത്താന്‍ സാധിക്കുമായിരുന്നു. ഇത് എതിരാളികളില്‍ പേടി പരത്തി. ഇതിന് ഒരു പ്രതിരോധമെന്ന നിലയില്‍ റഷ്യ ചെറിയ സാറ്റ്‌ലൈറ്റുകള്‍ (ഉപഗ്രഹങ്ങള്‍) വിക്ഷേപിച്ചു. ക്യാമറകൾ ഘടിപ്പിച്ച ഈ സാറ്റ്‌ലൈറ്റുകള്‍ ഭൂമിക്ക് മുകളില്‍ കറങ്ങാന്‍ തുടങ്ങിയപ്പോള്‍ അമേരിക്കയ്ക്ക് ശത്രുക്കളെ അദ്ഭുതപ്പെടുത്താനുള്ള കഴിവു നഷ്ടപ്പെട്ടു. അമേരിക്കന്‍ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എതിരാളികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഈ സാറ്റ്‌ലൈറ്റുകൾക്കായി. ഈ സാറ്റ്‌ലൈറ്റുകളെ വെടിവച്ചിടണമെന്നു വച്ചാല്‍, അതു നടക്കാത്ത കാര്യമാണെന്നാണ് മുന്‍ അനുഭവങ്ങളും ഡേറ്റയും പറയുന്നത്. ബഹിരാകാശത്ത് കറങ്ങുന്ന സാറ്റ്‌ലൈറ്റുകളും മറ്റും ഭൂമിയുടെ കറക്കത്തിനൊപ്പം ചലിക്കേണ്ടതിനാല്‍ അവയുടെ പ്രവേഗം (velocity) വളരെ കൂടുതലായിരിക്കുമെന്നതാണ് മറ്റൊരു വസ്തുവച്ച് അത് വെടിവച്ചിടുക എന്നത് ഏറക്കുറെ അസാധ്യമാണെന്ന് ശാസ്ത്രജ്ഞര്‍ക്കു തോന്നാന്‍ കാരണം.

എന്നാല്‍, ആവശ്യം വന്നാല്‍ റഷ്യന്‍ സാറ്റ്‌ലൈറ്റ് താഴെ വീഴ്ത്തുകയും വേണം. അമേരിക്ക അതിനായി ഒരു പ്രോഗ്രാം ഉണ്ടാക്കാന്‍ തുടങ്ങി. ഒരു കപ്പലോ, കരയിലോടുന്ന സൈനിക വാഹനമോ പോലെയല്ല ബഹിരാകാശത്തുള്ള സാറ്റ്‌ലൈറ്റ്. എന്തായാലും സാറ്റ്‌ലൈറ്റ് വീഴ്ത്താനാകുമോ എന്നറിയാനും റഷ്യയ്ക്ക് ഒരു മുന്നറിയിപ്പു നല്‍കാനുമായി ഒരു ടെസ്റ്റ് നടത്താന്‍ അമേരിക്ക തീരുമാനിച്ചു. അഞ്ഞൂറു മൈല്‍ വേഗമോ അതിലേറെയോ ഉളള വിമാനത്തില്‍ പറന്നു വേണം സാറ്റ്‌ലൈറ്റിനെ വീഴ്ത്താനുള്ള മിസൈല്‍ തൊടുക്കാന്‍. ഈ പരീക്ഷണം നടത്താനായി തങ്ങളുടെ തന്നെ പ്രായമായി വരുന്ന ഒരു കാലാവസ്ഥാ സാറ്റ്‌ലൈറ്റിനെ കണ്ടുവച്ചു. ഇതിനായി അവര്‍ തിരഞ്ഞെടുത്ത യുദ്ധവിമാനം എഫ്-15 ആയിരുന്നു.

ഫൈറ്റര്‍ വിമാനങ്ങളിലെ പന്തയക്കുതിര എന്നായിരുന്നു അക്കാലത്ത് എഫ്-15 അറിയപ്പിട്ടിരുന്നത്. അത് വലുതും ശക്തവുമായിരുന്നതിനാല്‍ താരതമ്യേന വലിയ മിസൈലും പേറി പറക്കാമെന്നതും അതിന് ഗുണകരമായി. പല സൈനിക വിമാനത്താവളങ്ങളില്‍ നിന്നും പറന്നുപൊങ്ങാമെന്നതും എഫ്-16നു നറുക്കു വീഴാന്‍ കാരണമായി. അടുത്തതായി വിമാനത്തില്‍ ആരു പറന്നുപൊങ്ങും എന്ന ചോദ്യം ഉയര്‍ന്നു. അപ്പോള്‍ മേജര്‍ ജനറല്‍ വില്‍ബര്‍ട്ട് പിയേഴ്‌സണ്‍ ജൂനിയറിന്റെ (Maj. Gen. Wilbert 'Doug' Pearson Jr.) പേരാണ് ഉയര്‍ന്നുവന്നത്.

സാറ്റ്‌ലൈറ്റ് വെടിവച്ചിടല്‍ താന്‍ നൂറുകണക്കിനു തവണ സിമുലേറ്ററുകളിലടക്കം പരിശീലനം നടത്തിയിരുന്നുവെന്ന് മേജര്‍ ജനറല്‍ വില്‍ബര്‍ട്ട് ഓര്‍ത്തെടുക്കുന്നു. അമേരിക്ക കെയ്പ് കനാവെറലിലും വാന്‍ഡെന്‍ബര്‍ഗിലും മറ്റു സ്ഥലങ്ങളിലും നിന്നും വലിയ റോക്കറ്റുകള്‍ ലോഞ്ച് ചെയ്തിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അവിടെയത്തി സാറ്റ്‌ലൈറ്റ് വെടിവച്ചിടാന്‍ വേണ്ട എല്ലാ കണക്കുകളും കൂട്ടിയെടുക്കുകയും ചെയ്തു. എന്നാലും, അതിവേഗത്തില്‍ പായുന്ന വിമാനത്തില്‍ പറന്നു നിന്ന് അതിവേഗമുള്ള ഉപഗ്രഹത്തിനെതിരെ മിസൈല്‍ തൊടുത്ത് വിജയിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണെന്ന് മനസിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതി സൂക്ഷ്മത ആവശ്യമുള്ള ഒരു ദൗത്യമായിരുന്നു അത്. എപ്പോള്‍ മിസൈല്‍ അയയ്ക്കുന്നു എന്നതും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. തങ്ങള്‍ അതിനെല്ലാമായി അല്‍ഗേറിതങ്ങള്‍ ചിട്ടപ്പെടുത്തിയെടുത്തുവെന്ന് മേജര്‍ ജനറല്‍ വില്‍ബര്‍ട്ട് പറയുന്നു. ഇതാകട്ടെ യുദ്ധ തന്ത്രങ്ങളില്‍ പിന്നീടു നടത്തിയ, കൊണ്ടുവന്ന പല മാറ്റങ്ങള്‍ക്കും വിത്തുപാകുകയും ചെയ്തു.

missile-destroy-a-satellite

കൃത്യമായി ഉപഗ്രഹം വീഴ്ത്തുക എന്നത് നിശ്ചയമായും വിഷമംപിടിച്ച കാര്യമായിരുന്നു. അതിനായി താന്‍ അവിശ്രാന്തം നടത്തിയ പരിശീലനങ്ങളാണ് തനിക്ക് ദൗത്യത്തിനു പോകാനുള്ള ആത്മവിശ്വാസം പകര്‍ന്നതെന്ന് മേജര്‍ ജനറല്‍ വില്‍ബര്‍ട്ട് പറയുന്നു. ഡേറ്റാ വിശകലനം അടക്കമുള്ള കാര്യത്തില്‍ ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളുകളുടെ പ്രയത്‌നവും ഇക്കാര്യത്തില്‍ തനിക്കു സഹായകമായി എന്നും അദ്ദേഹം പറയുന്നു.

അങ്ങനെ സെപ്റ്റംബര്‍ 13, 1985ന് എഫ്-15എയില്‍ മേജര്‍ ജനറല്‍ വില്‍ബര്‍ട്ട് സൂപ്പര്‍സോണിക് സ്പീഡില്‍ ചരിത്രം കുറിക്കാനായി പറന്നുയര്‍ന്നു. മാസങ്ങളോളമുള്ള പരിശീലനം നല്‍കിയ ആത്മവിശ്വസമായിരുന്ന അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. 1969 ലെ ഫോക്‌സ്‌വാഗന്റെ വലുപ്പത്തിലുള്ളതായിരുന്നു അദ്ദേഹം തകര്‍ക്കാന്‍ പോകുന്ന സാറ്റലൈറ്റ്. സാറ്റലൈറ്റ് സഞ്ചരിച്ചിരുന്നത് സെക്കന്‍ഡില്‍ 5 മൈല്‍ വേഗത്തിലായിരുന്നു. അതിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കണമെങ്കില്‍ കൃത്യമായ ടൈമിങ് ആവശ്യമാണ്. എന്നാല്‍, താന്‍ അതിനു സജ്ജനായിരുന്നെന്ന് മേജര്‍ ജനറല്‍ വില്‍ബര്‍ട്ട് പറയുന്നു. പസിഫിക് സമുദ്രത്തിനു 7 മൈല്‍ മുകളില്‍ പറന്നുയര്‍ന്ന അദ്ദേഹം, അപ്പോള്‍ ഹാവായ് ദ്വീപുകള്‍ക്ക് മുകളിലായിരുന്ന ഉപഗ്രഹത്തിനു നേരെ മിസൈല്‍ തൊടുക്കുകയായിരുന്നു. എഎസ്എം-135 എന്ന മിസൈലായിരുന്നു തൊടുത്തത്. ഈ ആവശ്യത്തിനു മാത്രമായി തയാര്‍ ചെയ്തതായിരുന്നു മിസൈല്‍. അദ്ദേഹം 38,100 അടി മുകളില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. രണ്ടു റോക്കറ്റ് ഘട്ടങ്ങള്‍ എരിഞ്ഞു തീര്‍ത്താണ് മിസൈല്‍ കുതിച്ചത്. സാറ്റലൈറ്റ് 285 കഷണങ്ങളായാണ് ചിതറിത്തെറിച്ചത്. എന്നാല്‍, അതൊന്നും മേജര്‍ ജനറല്‍ വില്‍ബര്‍ട്ടിനു കാണാനായില്ല. കാരണം അദ്ദേഹം അത്ര ദൂരത്തായിരുന്നു. എന്തു സംഭവിച്ചു എന്നറിയാനായി കണ്ട്രോള്‍ സെന്ററുകളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന് സന്തോഷത്തോടെയുള്ള അലറലുകളും മറ്റുമാണ് കേള്‍ക്കാനായത്. ഒന്നും സംസാരിക്കാനായില്ല. എന്തായാലും ദൗത്യം വിജിയിച്ചുവെന്നു താന്‍ ചരിത്രം രചിച്ചുവെന്നും മേജര്‍ ജനറല്‍ വില്‍ബര്‍ട്ടിനു മനസിലായി.

അമേരിക്കന്‍ വ്യോമസേനയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ റെനള്‍ഡ്‌സ് ആണ് സൂപ്പര്‍ സോണിക് വേഗത്തില്‍ പോകുന്ന വിമാനത്തില്‍ നിന്ന് മിസൈല്‍ വേര്‍പെടുന്ന ഫോട്ടോ എടുത്തത്. അത് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കി. ഇത് ഒരു സെക്കന്‍ഡിന്റെ നേരിയൊരു അംശം കൊണ്ട് പകര്‍ത്തിയതാണ്.

doug-pearson

എന്നാല്‍, സാറ്റ്‌ലൈറ്റ് വെടിവിച്ചിടല്‍ പ്രോഗ്രാം എന്തിനാണ് അമേരിക്ക നിർത്തിക്കളഞ്ഞത് എന്ന് തനിക്ക് അറിയില്ലെന്നും മേജര്‍ ജനറല്‍ വില്‍ബര്‍ട്ട് പറയുന്നു. റഷ്യക്കാരും സാറ്റ്‍ലൈറ്റ് വെടിവച്ചിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ദൗത്യം വിജയകമായതോടെ, സോവിയറ്റ് യൂണിയന്‍ മുന്‍കൈ എടുത്ത് അമേരിക്കന്‍ പ്രസിഡന്റുമായി ചല ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി ആയിരിക്കാം ഈ ആകാശ ദൗത്യത്തിനു തിരശീലവീണത് എന്നാണ് അനുമാനം.

English Summary: Meet the first and only Air Force pilot to shoot down a satellite

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA