sections
MORE

ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പ്; സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്നും ബ്രഹ്മോസ് പരീക്ഷണം

missile-brahmos
SHARE

ചൈനയ്ക്കെതിരെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യ മറ്റൊരു മിസൈല്‍ പരീക്ഷണം കൂടി നടത്തി. നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐ‌എൻ‌എസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം നടത്തുന്നതിൽ വിജയിച്ചുവെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ) പ്രസ്താവനയിൽ പറഞ്ഞു.

ഉയർന്ന തലത്തിലുള്ളതും വളരെ സങ്കീർണ്ണവുമായ കുതിപ്പുകൾ നടത്തിയ ശേഷം പിൻ-പോയിന്റ് കൃത്യതയോടെ മിസൈൽ വിജയകരമായി ലക്ഷ്യത്തിലെത്തി. ‘പ്രൈം സ്‌ട്രൈക്ക് ആയുധം’ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു. ചെയർമാൻ ഡിആർഡിഒ ജി. സതീഷ് റെഡ്ഡി, ശാസ്ത്രജ്ഞരെയും ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി, വ്യവസായ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.

ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ മുൻനിര ‘പോരാളികളായ’ കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്.

∙ ചൈന പേടിക്കും 

യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ യാഥാർഥ്യമായതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാവും. ചൈനയുടെ പ്രധാന വ്യാപാര തുറമുഖങ്ങളായ ഷാങ്ഹായിയും മറ്റു തുറമുഖങ്ങളും ഇന്ത്യയുടെ പ്രഹരപരിധിക്കു പുറത്താണെന്നതായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രധാന ദൗർബല്യമായി കരുതപ്പെട്ടിരുന്നത്. 300 കിലോമീറ്റർ വരെ അകലെ കടലിൽനിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് ഇന്ത്യൻ സേനയുടെ ഭാഗമാകുന്നതോടെ ഈ ദൗർബല്യം ഇന്ത്യ മറികടന്നിരിക്കുകയാണ്.

∙ വേഗത്തിൽ മുൻപൻ 

സമുദ്രത്തിൽനിന്നു കരയിലേക്കും കടലിലേക്കും പ്രഹരം നടത്താനുള്ള ശേഷിയുടെ പ്രാധാന്യം ആധുനിക യുദ്ധതന്ത്രത്തിൽ വർധിച്ചുവരികയാണ്. സമുദ്രതീരമില്ലാത്ത അഫ്ഗാനിസ്ഥാനിലേക്കു 2001ൽ അമേരിക്ക നടത്തിയ ആദ്യപ്രഹരം കടലിൽനിന്നു തൊടുത്തുവിട്ട തോമാഹോക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു. ദൂരപരിധിയിൽ തോമാഹോക് ബ്രഹ്മോസിനെക്കാൾ വളരെ മികച്ചതായി കരുതപ്പെടുന്നുവെങ്കിലും, വേഗത്തിൽ ബ്രഹ്മോസാണു ലോകത്ത് ഒന്നാമൻ. ശബ്ദാതിവേഗത്തിൽ പറക്കുന്ന ഏക ക്രൂസ് മിസൈലാണു ബ്രഹ്മോസ്.

∙ ബ്രഹ്മാസ്ത്രങ്ങൾ വേറെയും

ബ്രഹ്മോസിന്റെ മറ്റ് അനവധി പതിപ്പുകൾ ഇതിനുമുൻപ് ഇന്ത്യ പരീക്ഷിച്ചു വിജയിച്ചതാണ്:

∙ കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്

∙ കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്നത്

∙ കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്നത്

∙ മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്നത്

∙ വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്നത്

∙ കടൽക്കരുത്ത് മുൻപേ തെളിയിച്ചത്

കടലിൽനിന്നു മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യൻ നാവികസേന 1971ലെ യുദ്ധത്തിൽ തന്നെ തെളിയിച്ചതാണ്. ചെറിയ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് അന്ന് ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖം തകർത്തതാണ്. എന്നാൽ തുറമുഖത്തോട് അടുത്തു ചെന്നു വേണ്ടിവന്നു അന്ന് ആക്രമണം നടത്താൻ. ബ്രഹ്മോസ് നാവികസേനയിലെത്തുന്നതോടെ ദൂരെ നിന്ന് ആക്രമണം സാധ്യമാകും.

English Summary: India Successfully Test Fires Brahmos Missile Form Navy Ship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA