ADVERTISEMENT

അതിർത്തിയിൽ ചൈനയുമായി സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം സുഖോയ് പോര്‍വിമാനത്തിൽ നിന്നും ബ്രഹ്മോസ് ക്രൂസ് മിസൈലും പരീക്ഷിച്ചു. സുഖോയിൽ നിന്ന് കടലിലെ ലക്ഷ്യത്തിലേക്കുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ പതിപ്പ് വിജയകരമായി പരീക്ഷിച്ചുവെന്ന് വ്യോമസേന ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൃത്യതയോടെയുള്ള മിസൈൽ ആക്രമണത്തിൽ കപ്പൽ തകര്‍ക്കാൻ സാധിച്ചുവെന്നും അവർ പറഞ്ഞു.

 

ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച സു -30 എം‌കെ‌ഐ യുദ്ധവിമാനം പഞ്ചാബിലെ വ്യോമ താവളത്തില്‍ നിന്നാണ് പറന്നുയർന്നത്. തുടർന്ന് ഏറെ ദൂരം പറന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലിനെ ലക്ഷ്യമിട്ട് മിസൈൽ വിക്ഷേപിക്കുകയായിരുന്നു. സു-30 എം‌കെ‌ഐ മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് മിസൈൽ പ്രയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വ്യോമസേന ആദ്യമായി സു -30 എം‌കെ‌ഐ യുദ്ധവിമാനത്തിൽ നിന്ന് ബ്രഹ്മോസിന്റെ ആകാശ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. 

 

കടൽ, കര, വായു ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്ക് പകൽ, രാത്രി, എല്ലാ കാലാവസ്ഥയിലും കൃത്യതയോടെ ആക്രമിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് ക്രൂസ് മിസൈൽ. 300 കിലോമീറ്റർ പരിധിയുള്ള മിസൈലിന്റെ പരീക്ഷണ യാത്രയിൽ സു -30 എം‌കെ‌ഐ യുദ്ധവിമാനം മറ്റൊരു വിമാനത്തിന്റെ സഹായത്തോടെ മുകളിൽ വെച്ച് തന്നെയാണ് ഇന്ധനം നിറച്ചത്. 40-ലധികം സുഖോയ് യുദ്ധവിമാനങ്ങളിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ പ്രയോഗിക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

 

കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന മൂന്നാമത്തെ ബ്രഹ്മോസ് മിസൈൽ പരീക്ഷണമാണിത്. ഈ മാസം ആദ്യം, ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഡിസ്ട്രോയർ ഐ‌എൻ‌എസ് ചെന്നൈയിൽ നിന്ന് ബ്രഹ്മോസിന്റെ നാവിക പതിപ്പ് പരീക്ഷിച്ചിരുന്നു. സെപ്റ്റംബറിൽ പ്രതിരോധ ഗവേഷണ വികസന സംഘടന ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പും പരീക്ഷിച്ചിരുന്നു.

 

English Summary: IAF Tests BrahMos Missile; Su-30 MKI Fighter Takes Off From Punjab, Destroys Target Deep In The Indian Ocean: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT