sections
MORE

ചൈനീസ് മുങ്ങിക്കപ്പലുകളുടെ അന്തകനാകാൻ പി-8 ഐ, ഇന്ത്യയിലെത്തിയത് ഒൻപതാം വിമാനം

p-8i
SHARE

സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒൻപതാമത്തെ പി -8 ഐ നിരീക്ഷണ വിമാനവും ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചു. ഗോവയിലെ നാവിക വ്യോമതാവളത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ഇത്തരം എട്ട് വിമാനങ്ങളുടെ പ്രാരംഭ ഓർഡറിനു ശേഷം ഇന്ത്യ ആവശ്യപ്പെട്ട നാല് അധിക വിമാനങ്ങളിൽ ആദ്യത്തേതാണിത്. ചൈനീസ് മുങ്ങിക്കപ്പലുകളെ അതിവേഗം കണ്ടെത്താനും നേരിടാനും ഇതുവഴി സാധിക്കും.

ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യ അത്യാധുനിക നിരീക്ഷണ വിമാനമായ പോസിഡോണ്‍ 8 നെ നേേരത്തെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാംപ് കേന്ദ്രീകരിച്ച് പി 8 വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. മേഖലയിലെ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള മൂന്ന് പോസിഡോൺ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് വൈകാതെ എത്തുമെന്നാണ് അറിയുന്നത്. മുങ്ങിക്കപ്പൽ, രഹസ്യാന്വേഷണം, നിരീക്ഷണം, ഇലക്ട്രോണിക് ജാമിങ് എന്നിവ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് കൂടുതൽ പി–8 വാങ്ങുന്നത്. 2021 ൽ മൂന്നു പി–8 വിമാനങ്ങൾ എത്തും. ഇതിനുശേഷം 6 എണ്ണം കൂടി വാങ്ങാനും പദ്ധതിയുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഏകദേശം 1,200 കിലോമീറ്റര്‍ അകലെ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലാണ് പി 8 വിമാനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബോയിംങ് നിര്‍മിക്കുന്ന പി 8 വിമാനങ്ങളുടെ ആദ്യത്തെ വലിയ ഉപഭോക്താവായ ഇന്ത്യ 2009ലാണ് ഇവ വാങ്ങുന്നത്. അമേരിക്കയടെ എജിംഗ് പി 3 വിമാനങ്ങള്‍ക്ക് ബദലായാണ് ഇന്ത്യന്‍ സൈന്യം പി 8 വിമാനങ്ങള്‍ അന്ന് സ്വന്തമാക്കിയത്. 2.1 ദശലക്ഷം ഡോളര്‍ നല്‍കിയാണ് ഇന്ത്യ അന്ന് എട്ട് പി 8 വിമാനങ്ങള്‍ വാങ്ങിയത്. 2013ലാണ് ആദ്യ പി 8 വിമാനം ഇന്ത്യക്ക് ബോയിംഗ് കൈമാറിയത്. നിലവില്‍ എട്ട് വിമാനങ്ങളും ഇന്ത്യന്‍ നാവികസേനയുടെ കൈവശമുണ്ട്.

ദീര്‍ഘദൂര യുദ്ധമേഖലകളിലും രഹസ്യാന്വേഷണ-നിരീക്ഷണ പറലുകള്‍ക്കും അനുയോജ്യമാണ് പി 8 വിമാനങ്ങൾ. മിസൈലുകളേയും റോക്കറ്റുകളേയും വഹിക്കാനുള്ള ശേഷിയും പി 8 വിമാനങ്ങള്‍ക്കുണ്ട്. ദക്ഷിണ ചൈനാ കടലിനെ സൈനികവൽക്കരിക്കാനും കടലിലെ അതിർത്തി വിപുലീകരിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ പി–8 വിമാനങ്ങൾ വാങ്ങുന്നത്.

ഇന്ത്യൻ നാവികസേനയെ നേരിടാൻ ലക്ഷ്യമിട്ട് മ്യാൻമർ, ശ്രീലങ്ക, പാക്കിസ്ഥാൻ, ഇറാൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ തുറമുഖങ്ങൾ ഇതിനകം തന്നെ ബെയ്ജിങ് നീക്കം സജീവമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന മ്യാൻമറിലെ ക്യൂക്പിയു തുറമുഖത്ത് ചൈനയ്ക്ക് 70 ശതമാനം ഓഹരിയുണ്ട്. ചൈനയുടെ കൈവശമുള്ള ദക്ഷിണ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം പുലർത്തുന്നുണ്ട്. പാക്കിസ്ഥാനിലെ ഗ്വാഡാർ തുറമുഖം ഒമാൻ ഉൾക്കടലിന്റെ സമീപത്തും ഇറാനിലെ ജാസ്ക് തുറമുഖം പേർഷ്യൻ ഗൾഫിന്റെ അടുത്തുമാണ്.

∙ പോസിഡോൺ 8 - നമ്മുടെ സമുദ്രത്തിന്റെ കാവൽക്കാരൻ

യവനപുരാണത്തിലെ സമുദ്രത്തിന്റെയും പാതാളത്തിന്റെയും ദേവനാണ്  പോസിഡോൺ. സമുദ്രാതിർത്തിയിലെ ശത്രുസാന്നിധ്യം നിരീക്ഷിക്കാനും വേണ്ടിവന്നാൽ തീരത്തെ സംരക്ഷിക്കാനുമായി അമേരിക്കൻ വിമാനക്കമ്പനി ബോയിങ് യുഎസ് നാവികസേനയ്ക്കു വേണ്ടി നിർമിച്ച വിമാനത്തിന്റെ പേരും പോസിഡോൺ എന്നാണ് - പോസിഡോൺ 8. അന്തർവാഹിനികളുടെ അന്തകൻ എന്നൊരു വിളിപ്പേരുമുണ്ട് ഈ വിമാനത്തിന്.

ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് 2008 ൽ Tupolev Tu-142M പകരം പോസിഡോൺ‌ വാങ്ങാൻ ഇന്ത്യൻ നാവിക സേന തീരുമാനിച്ചത്. 2.1 ബില്യൻ യുഎസ് ഡോളർ മുടക്കി, എട്ട് പോസിഡോൺ 8 A വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. പോസിഡോണിന്റെ ഏറ്റവും പുതിയ പതിപ്പാണിവ. ഇത്തരം നാലു വിമാനങ്ങൾക്കു കൂടി ഓർഡർ കൊടുത്തിട്ടുണ്ട്. ആരക്കോണത്തെ നാവികസേനാ വിമാനത്താവളം ഐഎൻഎസ് രാജാലിയാണ് ഈ വിമാനങ്ങളുടെ ബേസ് സ്റ്റേഷൻ. ദീർഘഗൂരം പറക്കാനും അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനും ശേഷിയുള്ള ഈ വിമാനങ്ങളെ പോർട് ബ്ലെയറിലും വിന്യസിച്ചിട്ടുണ്ട്.

∙ ഇന്ത്യക്കായുള്ള പ്രത്യേക പതിപ്പ്

പോസിഡോൺ 8 A ഇന്ത്യൻ നാവികസേനയ്ക്കായി മാത്രം നിർമിച്ച പതിപ്പാണ്. ഭെൽ നിർമിച്ച  ഡാറ്റ ലിങ്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഇവ യുദ്ധക്കപ്പലുകളുമായി ആശയവിനിമയം നടത്തുന്നത്. AGM-84L ഹാർപ്പൂൺ ബ്ലോക് II മിസൈലുകളും Mk 54 All-Up-Round ലൈറ്റ് വെയ്റ്റ് ടോർപിഡോകളും  ഇവയിൽ ഉപയോഗിക്കുന്നു. മണിക്കൂറിൽ 907 കിലോമീറ്റർ വേഗത്തിൽ 1,200 നോട്ടിക്കൽ മൈൽ ദൂരം തുടർച്ചയായി പറക്കാനാവും. യുഎസ് നാവിക സേനയിൽനിന്നു വ്യത്യസ്തമായി ഇന്ത്യൻ നാവികസേന നമ്മുടെ  ഡാറ്റാ അനാലിസിസ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 

ഒരുപക്ഷേ ഇന്ത്യ - ചൈന യുദ്ധം ഉണ്ടായാൽ ചൈനീസ് അന്തർവാഹിനികൾക്കു ഭീഷണിയാകുന്നത് പോസിഡോൺ ആയിരിക്കും. ചൈന ഉപയോഗികുന്നത് റഷ്യൻ അന്തർവാഹിനികളാണ്. ഇന്ത്യൻ നാവിക സേനയുടേതും ഇതേ ഗണത്തിൽപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ നാവികസേനയ്ക് വളരെയെളുപ്പം ഡേറ്റാ അനലൈസ് ചെയ്ത് ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം കണ്ടെത്താനാവും.

English Summary: Boost to anti-submarine warfare capabilities! Indian Navy receives ninth Boeing P-8I surveillance aircraft

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA