ADVERTISEMENT

പരമാവധി സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന ഒരു രാജ്യമെന്ന നിലയില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടം നടത്തുന്ന രാജ്യങ്ങളിലൊന്ന് എന്ന പദവിയിലേക്ക് എത്തിയിരിക്കുകയാണ് ചൈനയിപ്പോള്‍. അമേരിക്ക അടക്കിഭരിച്ചിരുന്ന ആയുധവിൽപനയാണ് ഇപ്പോൾ ചൈന പതുക്കെ കീഴടക്കുന്നത്. ആളില്ലാ വിമാനങ്ങളുടെ (ഡ്രോൺ) വില്‍പനയിലടക്കം ചൈന മുന്നേറ്റം നടത്തിയരിക്കുകയാണ്. പാക്കിസ്ഥാന്‍ അടക്കം പല രാജ്യങ്ങളും അവരുടെ കൈയ്യില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങുന്നത്. യുദ്ധ റൈഫിളുകള്‍, വെടിക്കോപ്പ്, ഫൈറ്റര്‍ വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍ തുടങ്ങിയവയും ചൈന വില്‍ക്കുന്നു. എന്നാൽ മിക്കതും രണ്ടാംകിട സാധനങ്ങളാണെന്നും ഉപയോഗിക്കാൻ കൊള്ളില്ലെന്നും ആരോപണമുണ്ട്.

 

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധമാണ് ചൈനയുടെ ആയുധ നിര്‍മാണക്കരുത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വേനിയ, ടെക്‌സസ് എആന്‍ഡ് എം യൂണിവേഴ്‌സിറ്റി എന്നിവടെങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 'ഫോറിന്‍ അഫയേഴ്‌സ്' മാസികയില്‍ പ്രസിദ്ധീകരിച്ച ഭാഗങ്ങളില്‍ ചൈനയുടെ ഡ്രോണ്‍ കയറ്റുമതിയെപ്പറ്റി പറയുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 2011നും 2019നും ഇടയില്‍ 18 രാജ്യങ്ങളാണ് ഡ്രോണുകള്‍ വാങ്ങിയത്. അവയില്‍ 11 രാജ്യങ്ങളും ചൈനയുടെ കൈയ്യില്‍ നിന്നാണ് വാങ്ങിയത്. അവര്‍ പറയുന്നത്, 2011നു മുൻപ് അമേരിക്ക, ബ്രിട്ടൻ, ഇസ്രയേല്‍ എന്നീ മൂന്നു രാജ്യങ്ങള്‍ക്കു മാത്രമെ ആയുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകള്‍ ഉണ്ടായിരുന്നുള്ളു എന്നാണ്. വിവിധ രാജ്യങ്ങള്‍ സായുധ ഡ്രോണുകള്‍ വിന്യസിക്കുന്നതു വര്‍ധിപ്പിച്ചതിനു പിന്നിലെ ഒരു കാരണം ചൈനയും ഡ്രോണുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങിയതാണെന്ന് ഗവേഷകര്‍ പറയുന്നു. ഇതേതുടര്‍ന്ന് ചൈന സായുധ ഡ്രോണുകളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരനുമായി. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഉസ്‌ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങിയിട്ടുണ്ട്. ഈ കലയളവില്‍ അമേരിക്കിയല്‍ നിന്ന് ഒരു രാജ്യം മാത്രമാണ് സായുധ ഡ്രോണ്‍ വാങ്ങിയിരിക്കുന്നത്- ഫ്രാന്‍സ്. എന്നാല്‍, അമേരിക്കയുടെ പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ട്.

 

ഗവേഷകരുടെ പ്രധാന കണ്ടെത്തലുകളിലൊന്ന്, ചൈന കളത്തിലിറങ്ങിയതോടെ ജനാധിപത്യ സ്വഭാവമില്ലാത്ത രാജ്യങ്ങൾ കൂടി നാലിരട്ടി അധികം സായുധ ഡ്രോണുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി എന്നതാണ്. ഇത്തരം ഡ്രോണുകളുടെ വില്‍പനയില്‍ ചൈനയ്ക്ക് സഹായകമാകുന്നത് 1987ല്‍ ഒപ്പുവച്ച മിസൈല്‍ ടെക്‌നോളജി കണ്ട്രോള്‍ റെജിമിന്റെ ഭാഗമല്ല എന്നതാണ്. ശീതയുദ്ധ സമയത്ത് നിലവില്‍ വന്ന അതില്‍ അമേരിക്ക ഒപ്പുവച്ചിട്ടുണ്ട്. വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ആയുധങ്ങള്‍ വ്യാപിക്കുന്നതു തടയാനുള്ളതായിരുന്നു ആ കരാര്‍.

 

കരാര്‍ പ്രകാരം അമേരിക്കയ്‌ക്കൊ, അതിൽ ഒപ്പുവച്ച മറ്റു രാജ്യങ്ങള്‍ക്കൊ കാറ്റഗറി 1 ആയുധങ്ങള്‍ കയറ്റിമതി ചെയ്യാനാവില്ല. ഇതില്‍ കിലോമീറ്ററിലധികം പറക്കാവുന്നവയും, 500 കിലോഗ്രാമിലേറെ സ്‌ഫോടകവസ്തുക്കള്‍ കയറ്റാവുന്നതുമായ ഡ്രോണുകള്‍ അവര്‍ക്ക് വില്‍ക്കാനാവില്ല. എന്നാല്‍, കരാറില്‍ ഒപ്പുവയ്ക്കാത്ത ചൈനയെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്‌നവുമല്ല. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം തങ്ങളും കരാര്‍ പാലിച്ചാണ് എല്ലാം ചെയ്യുന്നതെന്ന് ചൈന ഭാവിക്കാറുണ്ടെങ്കിലും, അവര്‍ വളരെ കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമെ പാലിക്കാറുള്ളൂ. ചൈനയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതിചെയ്യുന്നവര്‍ അത് മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ, അവര്‍ അന്തര്‍ദേശീയ നിയമങ്ങളാണോ തെറ്റിക്കുന്നത് എന്നതൊന്നും ചൈനയ്ക്ക് ബാധകമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

∙ ലോകത്തെ പത്ത് ആയുധ കയറ്റുമതിക്കാരില്‍ ചൈനീസ് കമ്പനികള്‍

 

ചൈന സായുധ ഡ്രോണുകള്‍ മാത്രമൊന്നുമല്ല കയറ്റുമതി ചെയ്യുന്നത്. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ പത്ത് പ്രധാന ആയുധ കയറ്റുമതി കമ്പനികളില്‍ മൂന്നും ചൈനയില്‍ നിന്നുള്ളവയാണ്. ആയുധം കയറ്റുമതിചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ചൈനയ്ക്കാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് പ്രബന്ധത്തിന്റെ രചയിതാക്കളിലൊരാളായ നാന്‍ ടിയാന്‍ പറയുന്നു. അവര്‍ അമേരിക്കയ്ക്കു പിന്നിലും എന്നാല്‍ റഷ്യയേക്കാള്‍ മുന്നിലുമാണെന്നും നാന്‍ പറയുന്നു. ചൈനയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിച്ചു: 2010-14 കാലഘട്ടത്തില്‍ 40 രാജ്യങ്ങളാണ് ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയിരുന്നതെങ്കില്‍, 2015-19 കാലഘട്ടത്തില്‍ അത് 53 രാജ്യങ്ങളായി. ചൈന കയറ്റുമതി ചെയ്തതില്‍ ഏറ്റവുമധികം ആയുധങ്ങള്‍ പോയിരിക്കുന്നത് പാക്കിസ്ഥാനിലേക്കാണ്.

 

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന് കുറഞ്ഞത് നാല് അത്യാധുനിക സായുധ ഡ്രോണുകളെങ്കിലും ചൈന നല്‍കുന്നുണ്ട്. ഇത് ചൈനാ-പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോറിന്റെ സുരക്ഷയ്ക്കായാണ്. ഇതു കൂടാതെ, ചൈന പാക്കിസ്ഥാന് എട്ട് പരമ്പരാഗത (ഡീസല്‍) മുങ്ങിക്കപ്പലുകളും നല്‍കുന്നുണ്ട്. ഈ രണ്ടു രാജ്യങ്ങളും സംയുക്തമായാണ് ഇപ്പോള്‍ ജെഎഫ്-17 യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. പാക്കിസ്ഥാന്‍ ചൈനയുടെ യുദ്ധ റൈഫിളുകളും വാങ്ങിക്കുന്നു. ഇന്ത്യയുടെ അയല്‍ രാജ്യക്കാര്‍ക്ക് ചൈന ധാരാളമായി ആയുധങ്ങള്‍ നല്‍കുന്നു- നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ചൈനീസ് ആയുധങ്ങളോട് പ്രിയമുള്ളവരാണ്. ചൈനയോട് അടുത്തുള്ള രാജ്യങ്ങളാണ് ചൈനയുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

 

∙ ചൈനയുടെ ആയുധ വില്‍പന ഇന്ത്യയ്ക്കു ഭീഷണി

 

മുന്‍ ആര്‍മി ചീഫ് ജനറലായിരുന്ന വിപി മാലിക് പറയുന്നത് ചൈന പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നത് ഇന്ത്യയ്ക്കു ഭീഷണിയാണ് എന്നാണ്. അദ്ദേഹം പറയുന്നത് 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ലൈന്‍ ഓഫ് കണ്ട്രോളിനടുത്ത് ചെറിയ പറക്കും വസ്തുക്കളെ കണ്ടുവെന്നാണ്. അക്കാലത്ത് തങ്ങളുടെ മനസ്സില്‍ ഡ്രോണ്‍ എന്ന സങ്കല്‍പം ഇല്ലായിരുന്നു. കണ്ടത് എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ആയുധം വാങ്ങാന്‍ ഇന്ത്യ റഷ്യയെ കൂടുതലായി ആശ്രയിക്കുന്നതെന്ന ചോദ്യത്തിന് മുന്‍ നാവികസേന മേധാവി അഡ്മിറല്‍ പ്രകാശ് നല്‍കുന്ന ഉത്തരം ഇന്ത്യയുടെ 60-70 ശതമാനം ആയുധങ്ങളും അവരുടേതായതിനാലാണ് എന്നാണ്. നിങ്ങള്‍ ഒരു രാജ്യത്തുനിന്ന് ആയുധം വാങ്ങുമ്പോള്‍ നിങ്ങള്‍ ആ രാജ്യത്തിന്റെ സ്വാധീനവലയത്തില്‍ പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ചൈന പാക്കിസ്ഥാന് ആയുധം നല്‍കുന്നത് ഇന്ത്യയ്ക്ക് ഉല്‍കണ്ഠ ഉണ്ടാക്കുന്ന കാര്യമാണ്. ചൈന കയറ്റുമതി ചെയ്യുന്നത് അത്ര ആക്രമണ ശേഷിയുള്ള ഡ്രോണുകളല്ലെങ്കിലും അവരുടെ കൈയ്യില്‍ അധിക പ്രഹരശേഷിയുള്ളവ കണ്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.

 

English Summary: China has become a major exporter of armed drones, Pakistan is among its 11 customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT