ADVERTISEMENT

അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈന ഇന്ത്യയ്ക്കെതിരായ നീക്കം ശക്തമാക്കാൻ മറ്റു വഴികൾ തേടുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ജലം ഒരായുധമായി പ്രയോഗിക്കാനാണ് ചൈനയുടെ ഇപ്പോഴത്തെ അതിവേഗ നീക്കങ്ങളിലൊന്ന്. ഇന്ത്യ–ചൈന ബന്ധത്തിലെ എന്നും പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ പ്രയോഗിക്കാനാണ് ചൈനയുടെ നീക്കവും. ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ഭീമൻ ജലവൈദ്യുത പദ്ധതി നിർമിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത വർഷം മുതൽ നടപ്പാക്കാനിരിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഇതിനുള്ള നിർദ്ദേശം വ്യക്തമായി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് ചൈനീസ് കമ്പനിയുടെ തലവൻ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രഹ്മപുത്രയിൽ വൻ ഡാം ഡാം പണിയുകയാണെങ്കിൽ ഇതിന്റെ ഏറ്റവും വലിയ ദുരിതം ഇന്ത്യയിലെ ജനങ്ങൾക്ക് തന്നെയാകും. 

 

ചൈന യാർലങ് സാങ്ബോ നദിയുടെ താഴ്‌വരയിൽ ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്നും (ബ്രഹ്മപുത്രയുടെ ടിബറ്റൻ നാമം) ഇതിലൂടെ ചൈനയ്ക്ക് ജലവൈദ്യുതി ലഭിക്കും. ഒപ്പം തന്നെ ആഭ്യന്തര സുരക്ഷ നിലനിർത്താൻ സഹായിക്കുമെന്നുമാണ് ചൈനയുടെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ യാൻ സിയാങ് പറഞ്ഞത്. അതായത് ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ചൈന മുൻകൂട്ടി കാണുന്നത്.

 

ബ്രഹ്മപുത്രയിലെ അണക്കെട്ടുകൾക്കുള്ള ചൈനീസ് നിർദേശങ്ങൾ ഇന്ത്യയിലും ബംഗ്ലാദേശിലുമുളളവർക്ക് ആശങ്കയാണ്. ചൈനയ്ക്ക് ഇത് സ്വപ്ന പദ്ധതിയാണെങ്കിൽ ഇന്ത്യയ്ക്കിത് ഹിമാലയൻ വാട്ടർ ബോംബ് ആണ്. ഡാമിൽ വെള്ളം പിടിച്ചുവെച്ചാൽ താഴേക്കുളള നീരൊഴുക്ക് നിലയ്ക്കും. ഇതോടൊപ്പം തന്നെ തുറന്നുവിട്ടാൽ താഴെയുളളതെല്ലാം വെള്ളത്തിലാകുകയും ചെയ്യും.

 

2015 ലാണ് ടിബറ്റിലെ ഏറ്റവും വലിയ, 1.5 ബില്യൺ ഡോളർ ചെലവിട്ട് സാം ജലവൈദ്യുത നിലയം ചൈന പ്രവർത്തനക്ഷമമാക്കിയത്. ഇതിനു പുറമെയാണ് പുതിയ ഡാമുകളും വരുന്നത്. യാർലങ് സാങ്ബോ ഗ്രാൻഡ് കാന്യോൺ സ്ഥിതിചെയ്യുന്ന മെഡോഗ് കൗണ്ടിയിൽ ഒരു ‘സൂപ്പർ ജലവൈദ്യുത നിലയം’ നിർമിക്കാൻ ചൈന പദ്ധതിയിടുന്നുവെന്നാണ് പുതിയ അണക്കെട്ടിനെക്കുറിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. അരുണാചൽ പ്രദേശിന്റെ അതിർത്തിയിലുള്ള ടിബറ്റിലെ അവസാന കൗണ്ടിയാണ് മെഡോഗ്.

 

ഇതിനിടെ ചൈനയുടെ ഭാഗത്തുള്ള നദീതീരത്തു ബുൾഡോസറുകൾ ഉപയോഗിച്ച് മണ്ണ് മാന്തി ഒഴുക്ക് തടസ്സപെടുത്താനും നീക്കം നടക്കുന്നുണ്ട്. ചൈന-ഇന്ത്യൻ അതിർത്തിയിൽ നദിയുടെ ഒഴുക്ക് തടയാൻ ഗാൽവാൻ നദിയിൽ ഡാം പണിയുന്നുവെന്ന റിപ്പോർട്ടുകൾക്ക് മറുപടി നൽകാൻ ചൈന വിസമ്മതിച്ചു. ഡാം നിർമിക്കുന്ന സൈനികരുടെയും നിർമാണ ഉപകരണങ്ങളുടെയും സാന്നിധ്യം സാറ്റലൈറ്റ് ഇമേജറി കാണിക്കുന്നുണ്ട്.

 

∙ സൺ സൂ, ചൈനയുടെ ജലയുദ്ധങ്ങൾ

 

നൂറ്റാണ്ടുകൾക്ക് മുൻപ് ചൈനീസ് തത്ത്വചിന്തകനായ സൺ സൂ പറഞ്ഞു: ‘സൈനിക തന്ത്രങ്ങൾ വെള്ളത്തിന് തുല്യമാണ്; വെള്ളം അതിന്റെ സ്വാഭാവിക ഗതിയിൽ ഉയർന്ന സ്ഥലങ്ങളിൽ നിക്ഷേപിച്ച് താഴേക്ക് തിരിക്കുന്നു.’ സൈന്യത്തിന്റെ ആകൃതി വെള്ളത്തിന് സമാനമാണെന്ന് സൺ റ്റ്സു തന്റെ ആർട്ട് ഓഫ് വാർ ൽ പറയുന്നുണ്ട്.

 

തർക്കങ്ങളുള്ള രാജ്യങ്ങൾക്ക് നാശനഷ്ടമുണ്ടാക്കാനുള്ള ഉപകരണമായി ബെയ്ജിങ് പ്രധാന നദീതടങ്ങളിൽ നിർമിച്ച ഡാമുകൾ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. ഡോക്‌ലം പ്രതിസന്ധി ഘട്ടത്തിലും അസമിലെയും ഉത്തർപ്രദേശിലെയും വെള്ളപ്പൊക്കത്തിന് ശേഷവും ചൈന അതിന്റെ അപ്സ്ട്രീം ഇൻഫ്രാസ്ട്രക്ചർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജല വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ചിരുന്നു.

 

2016 ൽ വിയറ്റ്നാമിന് യുനാൻ ഡാമിൽ നിന്ന് മെകോംങ് നദിയിലേക്ക് വെള്ളം വിടണമെന്ന് ചൈനയോട് അഭ്യർഥിക്കേണ്ടി വന്നു. കംബോഡിയ, ലാവോസ്, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലൂടെ വെള്ളം ഒഴുകാൻ ചൈന അനുമതി നൽകിയപ്പോൾ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെക്കാൾ ചൈനയുടെ സ്വാധീനം വ്യക്തമാകും.

 

മഴക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കൽ ഡേറ്റ നൽകുന്നത് ചൈനയാണ്. ചൈനയുമായുള്ള പ്രത്യേക കരാർ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളജിക്കൽ ഡേറ്റ കൈമാറ്റം നടക്കുന്നത്. ഇത് നിർത്തലാക്കാൻ നിരവധി തവണ ചൈന നീക്കം നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ ഈ ഡേറ്റ എല്ലാ രാജ്യങ്ങൾക്കും സൗജന്യമായാണ് നൽകുന്നത്.

 

ഏറെ കാലമായി ജലം, മഴ ബന്ധപ്പെട്ടുള്ള ഒരു വിവരവും ചൈന ഇന്ത്യയ്ക്ക് കൃത്യമായി കൈമാറിയിട്ടില്ല. ചൈന നൽകുന്ന ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ ഇത് രണ്ടു രാജ്യങ്ങൾക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെയും വിലയിരുത്തൽ. കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുന്നത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യും.

 

എന്നാൽ ഹൈഡ്രോളജിക്കൽ ഡേറ്റ ലഭിക്കാതെ വന്നാൽ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകും. ഇന്ത്യയ്ക്കെതിരെ വാട്ടർ ബോംബ് തന്ത്രം പ്രയോഗിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പരിസ്ഥിതി ഗവേഷകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

അതേസമയം, ഇന്ത്യയുടെ ഭാഗത്തേക്ക് ഒഴുകുന്ന നിരവധി നദികളിൽ ചൈന അനധികൃതമായി ഡാമുകളും ബണ്ടുകളും നിർമിച്ചിട്ടുണ്ട്. വൻ ഡാമുകളാണ് ചൈന നിർമിച്ചിരിക്കുന്നത്. ഈ ഡാമുകൾ പെട്ടെന്ന് തുറന്നു വിട്ടാൽ ഇന്ത്യയുടെ നിരവധി കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിലാകും. നിരവധി പേർ മരിക്കും. ഒരു ആക്രമണവും നടത്താതെ ഇന്ത്യയ്ക്ക് വൻ തിരിച്ചടി നൽകാൻ ചൈനയ്ക്ക് സാധിക്കും. നേരത്തെയും ചൈനീസ് ഡാമുകൾ തുറന്നുവിട്ടു ഇന്ത്യയ്ക്ക് വൻ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്.

 

ടിബറ്റന്‍ സമതലത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന പ്രധാന മൂന്നു നദികളിലെ ഡാമുകൾ ഭീഷണിയാണ്. ഈ മൂന്നു നദികളും ചൈനയുടെ നിയന്ത്രണത്തിലാണ്. 2700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്ര നദി തന്നെയാണ് ഏറ്റവും വലിയ ഭീഷണി. അസം, അരുണാചൽ പ്രദേശ് പ്രദേശങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. ബ്രഹ്മപുത്രയിലെ ചൈനീസ് ഡാമുകൾ തുറന്നുവിട്ടാൽ മണിക്കൂറുകൾക്കുള്ളിൽ കിഴക്കൻ സംസ്ഥാനങ്ങൾ പൂര്‍ണമായും വെള്ളത്തിലാകും.

 

സത്‌ലജ്, ഇൻഡസ് നദികളാണ് ടിബറ്റിൽ നിന്നു വരുന്ന മറ്റു പ്രധാന നദികൾ. ഹിമാചൽ പ്രദേശ്, പഞ്ചാബ് പ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് സത്‌ലജ്. ഇതിനെല്ലാം പുറമെ ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളിൽ ഡാം നിർമിക്കാൻ പാക്കിസ്ഥാനും ചൈന സഹായം നൽകുന്നുണ്ട്.

 

English Summary: China to build a major dam on Brahmaputra river in Tibet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com