ADVERTISEMENT

യുദ്ധഭൂമിയില്‍ സൈനികരെ അപ്രത്യക്ഷമാകാന്‍ സഹായിക്കുന്ന കൃത്രിമ ചര്‍മ്മം അവതരിപ്പിച്ച് ദക്ഷിണകൊറിയന്‍ ഗവേഷകര്‍. ഇത് ധരിക്കുന്ന സൈനികരെ തെര്‍മല്‍ ക്യാമറകള്‍ വഴി ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. അഞ്ച് നിമിഷത്തിനകം ചുറ്റുമുള്ള പ്രകൃതിക്കനുസരിച്ച് ഊഷ്മാവില്‍ മാറ്റം വരുത്തി തെര്‍മല്‍ ക്യാമറകള്‍ക്ക് കാണാനാവാത്ത രീതിയിലേക്ക് മാറുന്ന കൃത്രിമ ചര്‍മ്മമാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

 

പല ഭാഗങ്ങളായി നിര്‍മിക്കുന്ന ഇവ ധരിക്കുന്നതോടെ ശത്രു സൈന്യത്തിന്റെ കാഴ്ചയില്‍ നിന്നും അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്. പിക്‌സലൈസ്ഡ് സ്‌ക്രീനും അവക്കുള്ളില്‍ ഊഷ്മാവില്‍ മാറ്റം വരുത്താന്‍ ശേഷിയുള്ള തെര്‍മോക്രോമിക് ലിക്യുഡ് ക്രിസ്റ്റലുകളും ചേര്‍ന്നാണ് ഈ കൃത്രിമ ചര്‍മ്മം നിര്‍മിക്കുക. പ്രത്യേക തരം മൈക്രോ ക്യാമറയുടെ സഹായത്തിലാണ് ചുറ്റുമുള്ള പ്രകൃതിയെ തിരിച്ചറിഞ്ഞ് അതില്‍ അലിഞ്ഞ് ചേരാന്‍ ഈ കൃത്രിമ ചര്‍മ്മത്തിന് സാധിക്കുന്നതെന്ന് ഡിഫന്‍സ് വണ്ണിനോട് ഗവേഷക സംഘം പറഞ്ഞു. 

 

ചുറ്റുമുള്ള വസ്തുക്കളുടെ നിറങ്ങള്‍ക്കനുസരിച്ച് സ്വയം നിറം മാറാന്‍ കഴിയുന്ന സെഫാലോപോഡ് വിഭാഗത്തില്‍ പെടുന്ന ജീവികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗവേഷകര്‍ ഈയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് ഫങ്ഷണല്‍ മെറ്റീരിയല്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുറ്റുമുള്ള വസ്തുക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഊഷ്മാവില്‍ മാറ്റം വരുത്തി തെര്‍മല്‍ ക്യാമറകളില്‍ നിന്നും രക്ഷപ്പെടാനുള്ള വിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

 

മനുഷ്യശരീരത്തോട് ചേര്‍ന്ന് നില്‍ക്കാവുന്ന രീതിയില്‍ വളയ്ക്കാനും മറ്റും സാധിക്കുന്നതരം വസ്തുക്കളാണ് ഈ കൃത്രിമ ചര്‍മ്മത്തിന്റെ നിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്നത്. ഈ ചര്‍മ്മത്തിനുള്ളിലെ തെര്‍മോ ഇലക്ട്രിക് യൂണിറ്റ് വഴി ആവശ്യമുള്ള സമയത്ത് ചൂടാവുകയോ തണുപ്പിക്കുകയോ ചെയ്യാനാവും. ഈ ഊഷ്മാവിലെ വ്യതിയാനത്തെ ആസ്പദമാക്കി ചുവപ്പ്, പച്ച, നീല നിറങ്ങളും മാറി മറിയും. 

 

കൈപ്പത്തിക്കുള്ളില്‍ ഈ കൃത്രിമചര്‍മ്മം വെച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നു. കൈപ്പത്തിയില്‍ ഈ കൃത്രിമചര്‍മ്മം വെച്ചഭാഗം ഒരു തുളപോലെയാണ് അനുഭവപ്പെട്ടത്. അതേസമയം അതിശൈത്യവും അത്യുഷ്ണവുമുള്ള പ്രദേശങ്ങളില്‍ ഈ കൃത്രിമ ചര്‍മ്മം അപ്രത്യക്ഷമാകാന്‍ സഹായിക്കില്ലെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വൈകാതെ ഈ കുറവുകൂടി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും പഠനത്തിന് നേതൃത്വം നല്‍കിയ സിയോല്‍ സര്‍വകലാശാലയിലെ സ്യോങ് വാന്‍ കോ പ്രകടിപ്പിച്ചു.

 

English Summary: ‘Artificial skin’ that gives soldiers the power of invisibility on the battlefield uses pixelized screens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com