ADVERTISEMENT

അമേരിക്കയുടെ മിസൈൽ ആക്രമണത്തിനെതിരെ മുൻകരുതലായി ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി. ആണവ നിലയങ്ങൾക്ക് സമീപം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരിക്കുകയാണെന്ന് കുവൈത്ത് അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.

 

യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആക്രമണ ഭീഷണിയെ ഭയന്ന് ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള വ്യോമ പ്രതിരോധം ഉയർത്തുകയാണെന്നതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അങ്ങനെയൊരു യുദ്ധം സംഭവിച്ചാൽ ഇറാഖ് യുദ്ധത്തേക്കാൾ വളരെ മോശമായ നിലയിലേക്ക് കാര്യങ്ങൾ പോകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മുന്നറിയിപ്പ് നൽകി. 

 

രാജ്യത്തിന്റെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന ഫോർഡോയിലെയും നതാൻസിലെയും യുറേനിയം സമ്പുഷ്ടീകരണ സ്ഥലങ്ങളിലാണ് ഇറാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരിക്കുന്നത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ പവർ 737 മിസൈൽ സംവിധാനവും റഷ്യൻ നിർമിത 'സാം' വ്യോമ പ്രതിരോധ സംവിധാനങ്ങളും രണ്ട് കേന്ദ്രങ്ങൾക്കും സമീപം വിന്യസിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

 

ട്രംപിന്റെ അവസാന ആഴ്ചകളിൽ യുഎസും ഇറാനും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമാകുകയാണ്. ഇറങ്ങി പോകുന്ന പോക്കിൽ ട്രംപിന്റെ മറ്റൊരു തിടുക്കത്തിലുള്ള നീക്കം സ്ഥാനമേൽക്കാൻ പോകുന്ന ജോ ബൈഡന് മിഡിൽ ഈസ്റ്റിൽ നയതന്ത്ര തലവേദനയാകുമെന്നും ആശങ്കയുണ്ട്. വല്ല സാഹസികതയ്‌ക്കും ഇറങ്ങിയാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും ട്രംപ് വഹിക്കേണ്ടി വരുമെന്ന് ട്വീറ്റിലൂടെ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. 

 

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ അടുത്തിടെ നടന്ന റോക്കറ്റ് ആക്രമണം ഇറാൻ പ്രദേശത്തുനിന്നാണ് നടത്തിയതെന്ന് ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. റോക്കറ്റ് ആക്രമണത്തിൽ ഏതെങ്കിലും യുഎസ് പൗരന്മാർ കൊല്ലപ്പെട്ടാൽ വാഷിങ്ടൺ ടെഹ്‌റാനെ ഉത്തരവാദിയാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ആരോപണങ്ങൾ ടെഹ്‌റാൻ നിഷേധിച്ചു.

 

English Summary: Iran Builds Up Air Defense Systems Near Nuclear Sites Over Possible US Strikes, Reports Claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com