ADVERTISEMENT

അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം, അത്യാധുനിക ബോംബുകൾ വരെ നിർമിക്കുന്ന ഇസ്രയേൽ കമ്പനിയായ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ഏഷ്യയിലെ ഒരു രാജ്യവുമായി 200 ദശലക്ഷം ഡോളറിന്റെ ( ഏകദേശം 1500 കോടി രൂപ) കരാർ ഒപ്പിട്ടുവെന്ന് ട്വീറ്റ് വഴി വെളിപ്പെടുത്തി. എന്നാൽ, ഈ രാജ്യം ഇന്ത്യ ആയിരിക്കാമെന്നാണ് ടെക് വിദഗ്ധരുടെ നിരീക്ഷണം.

 

ഇസ്രയേലിൽ നിന്ന് ആയുധം വാങ്ങുന്ന മറ്റു രാജ്യങ്ങൾ സിംഗപ്പൂരും ഫിലിപ്പെയിൻസുമാണ്. എന്നാൽ, ചൈന, പാക്ക് വെല്ലുവിളികള്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും ആയുധങ്ങൾ വാങ്ങാൻ സാധ്യതയുള്ളത് ഇന്ത്യ തന്നെയായിരിക്കും എന്നാണ് നിഗമനം. സ്പൈസ്–200, സ്പൈക്ക് എടിജിഎം എന്നിവയാണ് പ്രധാനമായും വാങ്ങുന്നത്.

 

വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഇസ്രയേലിൽ നിന്ന് ആയുധം വാങ്ങിയ ഏഷ്യൻ രാജ്യം ഇന്ത്യയാണ് എന്നാണ്. പാക്കിസ്ഥാനും ചൈനയുമായുള്ള അതിർത്തി ഏറ്റുമുട്ടലിനെത്തുടർന്ന് പലപ്പോഴും ഇന്ത്യയുടെ ആയുധങ്ങളുടെ കുറവ് ചർച്ചയായിരുന്നു. നിലവിൽ ഇസ്രയേലിന്റെ പ്രതിരോധ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യ തന്നെയാണ്. നിലവിൽ ഇസ്രയേൽ കമ്പനി വെളിപ്പെടുത്തിയിട്ടുള്ള രണ്ട് ആയുധ സംവിധാനങ്ങളും ഇതിനുമുൻപും ഇന്ത്യ വാങ്ങിയിട്ടുണ്ട്.

 

∙ സ്പൈസ് ബോംബുകൾ: പാക്കിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ കരുത്ത്

 

റഫാലുമായുള്ള 1500 കോടിയുടെ കരാറിൽ പ്രധാനപ്പെട്ടത് സ്പൈസ് ബോംബുകൾ തന്നെയാണ്. ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പാക്കിസ്ഥാനെ വിറപ്പിച്ചു ബാലാകോട്ടിനെ തകർത്ത ‘സ്പൈസ് ബോംബുകളുടെ’ ശേഖരം വർധിപ്പിക്കാൻ ഇന്ത്യ നേരത്തെ ലക്ഷ്യമിട്ടിരുന്നു. ബാലാകോട്ടിൽ ജയ്ഷെ ഭീകരരുടെ ക്യാംപ് തകർക്കാൻ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് ഇസ്രയേൽ നിർമിതമായ സ്പൈസ് (Smart, Precise Impact, Cost-Effective– SPICE) ബോംബുകളാണ്.

 

സ്പൈസ് 2000 ബോംബുകൾക്കു വളരെ ദൂരെ നിന്നു തന്നെ ലക്ഷ്യത്തിലെത്തിച്ചേരാനാകും. ശത്രുകേന്ദ്രത്തിലെ ബങ്കറുകളും കെട്ടിടങ്ങളും തകർക്കാനും സഹായിക്കുമെന്നു സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം ഇസ്രയേലിൽ നിന്ന് എത്തിച്ചതിനു പുറമേയാണ് വീണ്ടും വാങ്ങാനൊരുങ്ങുന്നത്. 2019ലെ ബാലാക്കോട്ട് ആക്രമണത്തിൽ‌ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു സ്പൈസ് ബോംബുകൾ.

 

300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽനിന്നു നൂറിലധികം സ്പൈസ് ബോംബുകൾ‌ വാങ്ങാൻ വ്യോമസേന നേരത്തെ തന്നെ കരാർ ഒപ്പിട്ടിരുന്നു. ബാലാകോട്ടിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളിൽ കനത്ത നാശം വിതയ്ക്കാൻ ഉപയോഗിച്ച ആയുധങ്ങളിൽ മുഖ്യമായിരുന്നു സ്പൈസ് ബോംബുകൾ. മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ലേസർ ഗൈഡഡ് ബോംബുകൾ വർഷിച്ചത്. ലോകത്തിലെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.

 

∙ ടാങ്കറുകൾ തരിപ്പണമാക്കാൻ സേനയ്ക്ക് കരുത്തായി സ്പൈക് മിസൈൽ

 

ചൈനയുമായി സംഘർഷാവസ്ഥ തുടരവെ പ്രതിരോധം ശക്തമാക്കാനും ശത്രു ടാങ്കറുകൾ നശിപ്പിക്കാനും ഇന്ത്യൻ സേനയ്ക്കു  അതിര്‍ത്തിയില്‍ കൂട്ടായി ഇസ്രയേൽ സ്പൈക് മിസൈലുകൾ വിന്യസിക്കേണ്ടതുണ്ട്. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനി റഫാൽ നിർമിക്കുന്ന സ്പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം) സേന അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്. 

 

ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷമാണ് ഇത്തരം മിസൈലുകളുടെ അഭാവം സേന തിരിച്ചറിഞ്ഞത്. 13 ലക്ഷം സൈനികരുള്ള ഇന്ത്യയിൽ 50 ശതമാനത്തോളം ആയുധങ്ങളുടെ കുറവുണ്ടെന്നാണു റിപ്പോർട്ട്. നേരത്തെ പരീക്ഷണങ്ങളിൽ ‘പരാജയപ്പെട്ട’ സ്പൈക് മിസൈലുകൾ വാങ്ങുന്നതിൽ പ്രതിരോധ മന്ത്രാലയത്തിലെ ചിലർ‌ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മിലൻ–2ടി, കൊങ്കൂർസ് മിസൈൽ എന്നിവയ്ക്കു പകരമാകാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന സ്പൈക് മിസൈലുകൾക്കു സാധിക്കുമെന്നാണു നിഗമനം. റഫാൽ ഇതുവരെ 35 രാജ്യങ്ങൾക്കായി 34,000 സ്പൈക്ക് മിസൈലുകൾ വിറ്റിട്ടുണ്ട്.

 

English Summary: Israel’s Rafael announces $200 million weapons deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT