ഇറാനും അമേരിക്കയും തമ്മിലുള്ള പോർ തുടരുകയാണ്. ഇറാന് താക്കീതെന്നോണം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപ പ്രദേശങ്ങളിൽ വിന്യസിച്ചുവെന്നാണ് അറിയുന്നത്. അമേരിക്കയിൽ നിന്നെത്തിയ ബോംബറുകൾ മിഡിൽ ഈസ്റ്റിലാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്തെ സുരക്ഷ മുൻനിര്ത്തിയാണ് ഈ നീക്കമെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വാദം.
ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് ലോകം അമേരിക്കൻ നീക്കത്തെ കാണുന്നത്. യുഎസ് സൈനിക ശക്തിയുടെ പുതിയ പ്രദർശനം കൂടിയാണിതെന്നാണ് കരുതുന്നത്. ഇത് ഇറാനെ പ്രതിരോധിക്കുന്നതിനുള്ള നേരിട്ടുള്ള സന്ദേശമാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഇറാഖിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുമ്പോഴും മിഡിൽ ഈസ്റ്റിനോടുള്ള അമേരിക്കയുടെ തുടർച്ചയായ പ്രതിബദ്ധത അടിവരയിടുന്നതിനാണ് ഈ മേഖലയിലുടനീളമുള്ള ബി -52 എച്ച് സ്ട്രാറ്റോഫോർട്രെസ് ബോംബറുകളുടെ നിരീക്ഷണമെന്ന് വ്യക്തമാണ്.
പരമ്പരാഗതവും ആണവായുധങ്ങളും വഹിക്കാൻ പ്രാപ്തിയുള്ള ദീർഘദൂര ഹെവി ബോംബറുകൾ പറക്കുന്നത് ഭീമാകാരമായ കാഴ്ച തന്നെയാണ്. ഈ വർഷമിത് മൂന്നാം തവണയാണ് ബോംബറുകൾ ഇറാന് മുന്നറിയിപ്പുമായി പറക്കുന്നത്. ജനുവരിയിൽ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഇറാനിന്റെ സൈനിക മേധാവിയായിരുന്ന കാസിം സുലൈമാനിയെ കൊന്ന യുഎസ് വ്യോമാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇറാനിയൻ പ്രതികാര നടപടിയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർ ആശങ്കാകുലരാണെന്നും റിപ്പോർട്ടുകളുണ്ട്.
നോർത്ത് ഡക്കോട്ടയിലെ മിനോട്ട് എയർഫോഴ്സ് ബേസിൽ നിന്നുള്ള യുഎസ് എയർഫോഴ്സ് ബി -52 എച്ച് 'സ്ട്രാറ്റോഫോർട്രെസ്' മിഡിൽ ഈസ്റ്റിൽ വിന്യസിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ് സെൻട്രൽ കമാൻഡ് (സെൻറ്കോം) ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇറാനെ നേരിട്ട് പരാമർശിക്കാതെ തന്നെ സെൻറ്കോം മേധാവി ഫ്രാങ്ക് മക്കെൻസി പറഞ്ഞത്, ‘ഞങ്ങൾ സംഘർഷം അന്വേഷിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ സേനയെ പ്രതിരോധിക്കാനോ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനോ ശ്രമിച്ചാൽ തിരിച്ചടിക്കും’– എന്നാണ്.
അടുത്ത ദിവസങ്ങളിൽ അയൽരാജ്യമായ ഇറാഖിലോ മേഖലയിലെ മറ്റെവിടെയെങ്കിലുമോ ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനിടയുണ്ട് എന്ന സൂചന യുഎസിന് ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ജനറൽ കാസിം സുലൈമാനിയുടെ വധത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഇറാനിൽ നിന്ന് ആക്രമണം നേരിട്ടേക്കാമെന്ന് യുഎസിന് ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട സൂചനകൾ യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
English Summary: US Deploys Bombers in Middle East to Reportedly 'Caution' Iran