sections
MORE

ഇറാന്റെ ആണവായുധ നിര്‍മാണം 90% കഴിഞ്ഞെന്ന് മുന്നറിയിപ്പ്, അവസാനം യുദ്ധത്തിൽ അവസാനിക്കുമോ എന്ന് ആശങ്ക!

iran-missile
SHARE

ആണവായുധം നിര്‍മിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിത ആക്രമണം ഇറാനെതിരെ നടക്കാനുള്ള സാധ്യതയും ഇതിനിടെ ഉയരുന്നുണ്ട്. അവസാന നാളുകളില്‍ അപ്രവചനീയമായ രീതിയില്‍ പ്രതികരിക്കുന്ന ട്രംപിന്റെ നടപടികള്‍ ഇറാനെതിരായ ആക്രമണത്തില്‍ അവസാനിക്കുമോ എന്നതാണ് ആശങ്ക.

ആണവായുധം നിര്‍മിക്കുന്നതിന്റെ തൊട്ടടുത്ത് ഇറാന്‍ എത്തിയെന്ന ആശങ്കകളാണ് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. 2015ല്‍ ബറാക്ക് ഒബാമയുടെ കാലത്ത് അമേരിക്ക അടക്കമുള്ള വന്‍ശക്തി രാജ്യങ്ങളുമായി ഇറാന്‍ ആണവകരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതു പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിന് മാത്രമാണ് ഇറാന് അനുമതിയുണ്ടായിരുന്നത്. വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ 2018 മെയില്‍ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി ഈ കരാറില്‍ നിന്നും പിന്മാറുകയും ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. 

ഭീകരസംഘടനകളെ ഇറാന്‍ സഹായിക്കുന്നു എന്നതടക്കമുള്ള കാരണങ്ങള്‍ നിരത്തിയായിരുന്നു ട്രംപ് കരാറില്‍ നിന്നും പിന്മാറിയത്. ഇതോടെ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമായി ഇറാന്‍ പടിപടിയായി ഉയര്‍ത്തിയെന്ന ആശങ്കയാണ് ലോകരാഷ്ട്രങ്ങള്‍ ഉയര്‍ത്തുന്നത്. യുറേനിയം സമ്പുഷ്ടീകരണം എത്ര അളവിലും എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാമെന്ന നിലപാട് നേരത്തെ തന്നെ ഇറാന്‍ പരസ്യമാക്കിയിട്ടുമുണ്ട്. ടെഹ്‌റാനില്‍ നിന്നും വടക്കു മാറിയുള്ള ഫോര്‍ഡൗ ആണവ പ്ലാന്റിലാണ് ആണവായുധ നിര്‍മാണം നടക്കുന്നതെന്നാണ് സൂചന.

2018ല്‍ ട്രംപ് ആണവകരാറില്‍ നിന്നും പിന്മാറിയ ശേഷം ഫോര്‍ഡൗ ആണവപ്ലാന്റില്‍ വ്യാപകമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളെ ഉദ്ധരിച്ചായിരുന്നു വാര്‍ത്താ ഏജന്‍സി ഇക്കാര്യം പുറത്തുവിട്ടത്. യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്നാല്‍ ആണവായുധം നിര്‍മിക്കാന്‍ ആവശ്യമായ 90 ശതമാനം ജോലിയും കഴിഞ്ഞെന്നുവേണം അനുമാനിക്കാനെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ഇറാന്റെ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ട്രംപിനെതിരെ കഴിഞ്ഞ ജൂണില്‍ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന സാഹചര്യവും പിന്നീടുണ്ടായി. മേഖലയില്‍ നിന്നും അമേരിക്ക പരിപൂര്‍ണമായി പിന്മാറണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയും ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങള്‍ക്കെതിരെ അമേരിക്കയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടാകുമെന്ന ആശങ്ക ഇറാന്‍ അധികൃതര്‍ക്കുമുണ്ട്. ഇതിനിടെ ആഴ്ചകള്‍ക്ക് മുൻപാണ് ഇറാന്റെ ഉന്നത ആണവ മിസൈല്‍ ശാസ്ത്രജ്ഞര്‍ മൊഹ്‌സീന്‍ ഫക്രിസാദേ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ഇസ്രയേലി ദൗത്യസംഘമാണെന്ന ആരോപണമുണ്ട്. ഇറാന്‍ ആണവായുധം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ഇസ്രയേലിന്റെ ഭാഗത്തു നിന്നും ആക്രമണമുണ്ടാകുമെന്നും നേരത്തെ ട്രംപ് പറഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ട്രംപ് തുടരുന്ന അവസാന മണിക്കൂറുകള്‍ ഇറാനും ലോകത്തിനും കൂടി ആശങ്കാജനകമാണ്. ബൈഡന് ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക അസാധ്യമാക്കുകയെന്ന ലക്ഷ്യം കൂടി കണക്കിലെടുത്ത് ഇറാനെതിരെ ട്രംപ് ആക്രമണത്തിന് മുതിര്‍ന്നേക്കുമെന്നാണ് പല പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇറാനുമായുള്ള ഒബാമയുടെ കാലത്തെ ആണവകരാര്‍ പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ നീക്കം നടത്തുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇറാന്റെ ആണവായുധമെന്ന സ്വപ്‌നം, ഒരിക്കലും അത് സാക്ഷാത്ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന ഇസ്രയേല്‍, ഗള്‍ഫ് മേഖലയില്‍ വര്‍ധിക്കുന്ന അമേരിക്കന്‍ സൈനിക സാന്നിധ്യം... ഇവയെല്ലാം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്.

English Summary: Tensions rise as nuclear foes Iran, Israel and the US face off

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA