ADVERTISEMENT

വരും വര്‍ഷങ്ങളില്‍ ആയുധ കയറ്റുമതി കുത്തനെ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. കരയില്‍ നിന്നും വായുവിലേക്ക് വിക്ഷേപിക്കുന്ന ആകാശ് മിസൈലും ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈലും അടക്കമുള്ള വലിയ ആയുധങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുക. ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാൻ നിരവധി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. 

റഷ്യയുമായി സഹകരിച്ചാണ് ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യ നിര്‍മിച്ചിട്ടുള്ളത്. ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ ഫിലിപ്പീന്‍സിന് കൈമാറുന്നത് കാബിനറ്റ് കമ്മറ്റിയുടെ അന്തിമ സുരക്ഷാ അനുമതി കാത്തിരിക്കുകയാണ്. ഇന്തൊനീഷ്യ, വിയറ്റ്‌നാം, യുഎഇ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും 290 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്‌മോസ് മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

പ്രാദേശികമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ സംവിധാനത്തോട് ഒമ്പത് രാജ്യങ്ങളാണ് താത്പര്യം അറിയിച്ചിട്ടുള്ളത്. ശത്രുക്കളുടെ പോര്‍വിമാനങ്ങളും, ഹെലിക്കോപ്റ്ററുകളും, ഡ്രോണും, സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലും തകര്‍ക്കാന്‍ ശേഷിയുണ്ട് ആകാശിന്. കെനിയ, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, യുഎഇ, ബഹ്‌റെയ്ന്‍, സൗദി അറേബ്യ, ഈജിപ്ത്, വിയറ്റ്‌നാം, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ആകാശില്‍ താല്‍പര്യം അറിയിച്ചിട്ടുള്ളത്. 

 

96 ശതമാനവും തദ്ദേശീയമായി നിര്‍മിച്ച ആകാശ് വില്‍ക്കുന്നതിന് ഇന്ത്യക്ക് മറ്റാരുടേയും അനുമതിയുടെ ആവശ്യമില്ല. എന്നാല്‍, റഷ്യന്‍ സഹകരണത്തില്‍ നിര്‍മിച്ച ബ്രഹ്‌മോസ് വില്‍ക്കുന്നതിന് റഷ്യയുടെ കൂടി അനുമതി ആവശ്യമുണ്ട്. ഇപ്പോള്‍ തന്നെ 400 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്‌മോസിന്റെ പരിധി 800 കിലോമീറ്റര്‍ ഉയര്‍ത്താനും ഇന്ത്യയും റഷ്യയും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കയറ്റുമതിക്ക് 290 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്‌മോസ് മിസൈലിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.

 

ഇന്ത്യന്‍ സേന ഉപയോഗിക്കുന്നതില്‍ നിന്നും നേരിയ വ്യത്യാസമുള്ള ആകാശ് മിസൈല്‍ സംവിധാനമാണ് കയറ്റുമതി ചെയ്യുക. 100 കിലോമീറ്റര്‍ പരിധിയുള്ള വായുവിൽ നിന്നും വായുവിലേക്ക് തൊടുക്കാന്‍ ശേഷിയുള്ള അസ്ത്ര മിസൈലും കയറ്റുമതിക്കുള്ള ആയുധങ്ങളുടെ പട്ടികയിലുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ സൈന്യം 24,000 കോടി രൂപയുടെ ആകാശ് മിസൈലിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഏതാണ്ട് 10,000 കോടി രൂപയുടെ കരാറിന് കൂടി വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ബ്രഹ്‌മോസിന്റെ വാര്‍ഷിക വില്‍പന 36,000 കോടിയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. 

 

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ കഴിഞ്ഞാല്‍ രണ്ടാമതാണ് ഇന്ത്യ. 2015-19 കാലഘട്ടത്തില്‍ ആഗോളതലത്തില്‍ നടന്ന ആയുധ ഇറക്കുമതിയിയുടെ 9.2 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ആയുധങ്ങള്‍ വാങ്ങുന്നതിലൂടെ സംഭവിക്കുന്ന ബാധ്യത ആയുധ കയറ്റുമതിയിലൂടെ കുറക്കാനാണ് ഇന്ത്യന്‍ ശ്രമം. 2018-19 കാലയളവില്‍ ഇന്ത്യന്‍ ആയുധ കയറ്റുമതി ആദ്യമായി ഒരു ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. വലിയ ആയുധങ്ങള്‍ കൂടി കയറ്റുമതി പട്ടികയിലേക്കെത്തുന്നതോടെ ഇതില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

English Summary: Many countries want to buy Indian BrahMos supersonic  cruise missiles, and Akash SAM missile systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com