sections
MORE

ഇറാനികളെ ഇഞ്ചിഞ്ചായി കൊല്ലുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമോ?

Tehran-on-Apple-TV
Tehran on Apple TV+
SHARE

ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കാലം കുറെയായി. അമേരിക്കയിൽ ഭരണം മാറിയെങ്കിലും ഇസ്രയേല്‍ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം കാരണം ഇറാനെതിരായ നീക്കം അത്ര പെട്ടെന്ന് അവസാനിപ്പിക്കാനൊന്നും പോകുന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇറാന്റെ നിരവധി പ്രമുഖരെയാണ് വധിച്ചത്. രഹസ്യാന്വേഷണ ഏജൻസികളായ മൊസാദും സിഐഎയുമാണ് ഈ ആക്രമണങ്ങൾക്കെല്ലാം പിന്നിലെന്ന് ഏറെകുറെ വ്യക്തമാണ്.

ഇറാനിലെ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെയാണ് അവസാനമായി കൊല്ലപ്പെട്ടത്. ഈ കൊലപാതകം പലവിധത്തിൽ പരാമർശിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇറാനിയൻ ഉദ്യോഗസ്ഥർ പറയുന്നത് റോഡിന് നടുവിൽ വിദൂരമായി സ്ഥാപിച്ച മെഷീൻ ഗണിന്റെ സഹായത്തോടെയാണ് കൊല നടത്തിയതെന്നാണ്. ഇത്രയും ടെക്നോളജി ഉപയോഗിച്ച് കൊലപാതകം നടത്താൻ ഇസ്രയേലിന് മാത്രമേ കഴിയൂ എന്നാണ് ഒരു വിഭാഗം വിദഗ്ധരും പറയുന്നത്. നവംബർ 27 നാണ് ഫക്രിസാദെ കൊല്ലപ്പെട്ടത്.

ഇറാന്റെ മണ്ണിൽ ഇത്തരം ആക്രമണങ്ങൾ നടത്താൻ മതിയായ കാരണവും കഴിവുമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ എന്നതിന് പിന്നിൽ ഇറാന്റെ ന്യായവാദം വളരെ ലളിതമാണ്. ഇതിലും വലിയ ആക്രമണങ്ങൾ ഇതിനുമുൻപും ഇസ്രയേൽ ചെയ്തിട്ടുണ്ട്. 2010 നും 2012 നും ഇടയിൽ, ഇറാനിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ശാസ്ത്രജ്ഞർ കൊല്ലപ്പെടുകയും അഞ്ചാമത്തെ ശാസ്ത്രജ്ഞനു മറ്റൊരു ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

mossad

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് മാത്രമാണ് ഈ രഹസ്യ നീക്കങ്ങൾ നടത്തിയതെന്ന് തോന്നുന്നില്ല. പിന്നിൽ മറ്റുചില രാജ്യങ്ങൾക്കും ബന്ധമുണ്ടാകും. അത്തരം നീക്കങ്ങളുടെ ഉത്തരവാദിത്തം മൊസാദ് ഒരിക്കലും ഏറ്റെടുക്കാറുമില്ല. കാരണം പരസ്യമായി പ്രഖ്യാപനം നടത്തിയാലുണ്ടാകുന്ന ഇറാനിയൻ പ്രതികാര നടപടിയെ സ്വീകരിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നാണ് ഇസ്രയേലിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ റെസ് ജിമാത് പറയുന്നത്. അതായത് നേരിട്ട് യുദ്ധത്തിനിറങ്ങാനൊന്നും ഇസ്രയേലിന് താൽപര്യമില്ല.

പക്ഷേ, ഇറാന്റെ കാര്യത്തിലും അവിടെ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ പ്രവർത്തനങ്ങളിലും, പ്രത്യേകിച്ച് ആണവ പദ്ധതിക്കെതിരെയും, അതിൽ താൽപര്യമുള്ള രാജ്യങ്ങൾ വളരെ കുറവാണ്. ഇക്കാര്യത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനും മാത്രമാണ് താൽപര്യമുള്ളത്. മൊസാദിന്റെയും സി‌ഐ‌എയുടെയും അല്ലെങ്കിൽ രണ്ടിന്റെയും സഹകരണത്തോടെയാണ് ഇതെല്ലാം സാധാരണയായി ചെയ്യുന്നത് എന്നതും വ്യക്തമാണ്.

∙ ഇന്റലിജൻസ് പ്രവർത്തനത്തിന്റെ രണ്ട് ദശകങ്ങൾ

രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ സഹായത്തോടെ ഇറാന്റെ ആണവ പദ്ധതി പാളം തെറ്റിക്കാനായി ഇരു ഏജൻസികളും വളരെക്കാലമായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. പുതിയ യുഎസ് പ്രസിഡന്റ് ഇറാനുമായി ആണവ കാരാർ ഒപ്പുവെക്കുന്നത് തടയാൻ ഇസ്രയേൽ മൊസാദ് തലവനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം, റിച്ചാർഡ് മഹേർ ജേണൽ ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൽ ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇസ്രയേൽ ഇത്തരത്തിലുള്ള നീക്കങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ആണവ പദ്ധതിക്കായി ഇറാൻ ആശ്രയിച്ചിരുന്ന വിതരണ ശൃംഖല തകർക്കാനുള്ള ശ്രമത്തെ കുറിച്ചാണ് അവർ ആദ്യം ആസൂത്രണം ചെയ്യുന്നതെന്ന് യൂണിയൻ കോളേജ് ഡബ്ലിനിലെ പ്രൊഫസർ റിച്ചാർഡ് മഹേർ പറയുന്നു.

ഇറാന്റെ ആണവ പ്രോഗ്രാം രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ ആവശ്യമായ ഉപകരണങ്ങൾ പരസ്യമായി വാങ്ങാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇതിനാൽ ഇടനിലക്കാരെ സ്വാധീനിക്കേണ്ടിവരുന്നു. അമേരിക്കയും മറ്റ് രാജ്യങ്ങളും ഈ ശ്രമം തകർക്കാൻ ശ്രമിച്ചിരുന്നു. ചിലപ്പോൾ അത് തകർക്കുന്നതിൽ അവർ വിജയിച്ചുവെന്നും മഹേർ എഴുതുന്നു.

പിന്നീട്, യുഎസും ഇസ്രയേലും ചേർന്ന് സ്റ്റക്സ്നെറ്റ് കംപ്യൂട്ടർ വൈറസിനെ വിജയകരമായി വികസിപ്പിച്ചെടുത്തു. അക്കാലത്തെ 'ഏറ്റവും വലുതും ചെലവേറിയതുമായ മാൾവെയർ' എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഇറാനിലെ നതാൻസ് ആണവ നിലയം ലക്ഷ്യമിടുകയായിരുന്നു അതിന്റെ യഥാർഥ ലക്ഷ്യം. 2007 നും 2010 നും ഇടയിൽ, ഈ പ്ലാന്റിൽ നിരവധി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇത് കാരണം ഇവിടത്തെ അഞ്ചാമത്തെ സെൻട്രിഫ്യൂജ് അടച്ചിടേണ്ടി വന്നു. 

പിന്നാലെ, ഇറാന്റെ ആണവ ശാസ്ത്രജ്ഞൻ മസൂദ് അലി മുഹമ്മദ് 2010 ജനുവരിയിൽ മോട്ടോർ സൈക്കിൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട നാല് ആണവ ശാസ്ത്രജ്ഞരിൽ ആദ്യത്തെയാളാണ് അദ്ദേഹം. തുടർന്നുള്ള രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ശാസ്ത്രജ്ഞർ കൂടി കൊല്ലപ്പെട്ടു. 2010 നവംബർ 27 ന് മറ്റൊരു ന്യൂക്ലിയർ സയന്റിസ്റ്റ് മജീദ് ഷഹരിയാരി കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അതേ ദിവസം സമാനമായ മറ്റൊരു സംഭവത്തിൽ കൂടെയുള്ള ഫറദൂൺ അബ്ബാസിക്ക് ഗുരുതരമായി പരുക്കേറ്റു. 2011 ജൂലൈയിൽ ഭൗതികശാസ്ത്രജ്ഞനായ ഡാരിയസ് റെസിൻസാദിനെ വീടിനു മുന്നിൽ വെടിവച്ച് കൊന്നു. അടുത്ത വർഷം, 2012 ജനുവരിയിൽ മറ്റൊരു ബോംബ് സ്ഫോടനത്തിൽ മുസ്തഫ അഹ്മദി റോഷൻ കൊല്ലപ്പെട്ടു.

ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഇസ്രയേലാണെന്നാണ് പൊതുവായ ധാരണ. അമേരിക്കയ്ക്ക് ഒരുപക്ഷേ ഇതുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്നും റിച്ചാർഡ് മഹേർ പറയുന്നു. എന്നാൽ, 2015 ജനുവരിയിൽ ഒരു ശാസ്ത്രജ്ഞനെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് ഇറാൻ അവകാശപ്പെട്ടു. ആണവകരാർ ഒപ്പുവെച്ചതിനാൽ ആ വർഷം രഹസ്യാന്വേഷണ പ്രവർത്തനം കുറച്ചതായി വിദഗ്ധർ പറയുന്നുണ്ട്. 2018 ന്റെ തുടക്കത്തിൽ ഇറാനിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ മറച്ചുവെച്ച സ്ഥലത്ത് നിന്ന് മൊസാദിന് ചോർത്താനായി.

എന്നാൽ, 2020 ൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ അഭൂതപൂർവമായ വർധനയുണ്ടായി. 2020ൽ വേനൽക്കാലത്ത് നതാൻസ് ആണവ നിലയത്തിൽ ഒരു ദുരൂഹ സ്ഫോടനം ഉണ്ടായി. ഇതിന് പിന്നിൽ മൊസാദാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. പിന്നാലെ മൊഹ്‌സിൻ ഫക്രിസാദും കൊല്ലപ്പെട്ടു. രണ്ട് വർഷം മുൻപാണ് ഇദ്ദേഹത്തിന്റെ രേഖകൾ മോഷ്ടിക്കപ്പെട്ടത്. അമാദ് പ്രോജക്ടിന്റെ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. ആണവായുധങ്ങൾ നിർമിക്കാൻ ഇറാൻ ആരംഭിച്ച രഹസ്യ രേഖകളായിരുന്നു ഇത്. 2003 ൽ ഇറാൻ ഈ പദ്ധതി നിർത്തിവച്ചു. ആണവ കരാർ പ്രകാരം അമാഡ് പ്രോജക്ടിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

iran-missile

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടവരെ കൊല്ലുന്നതിൽ ഇസ്രയേൽ നടത്തിയ ഈ ശ്രമങ്ങളുടെ സ്വാധീനം വിലയിരുത്താൻ വളരെ പ്രയാസമാണ് എന്നാണ് മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ സ്റ്റഡീസിലെ പ്രൊഫസർ ഫിലിപ്പ് സി. ബ്ലീക്ക് പറയുന്നത്. ഇറാൻ ആണവ പദ്ധതിയിൽ മൊഹ്‌സിൻ ഫക്രിസാദെ ഒരു പ്രധാന പങ്ക് വഹിക്കുകയും അതിൽ ആഴത്തിൽ ഇടപെടുകയും ചെയ്തിരുന്നു, ഇതിനാൽ അദ്ദേഹത്തിന്റെ വിടവ് നികത്തുക അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു

എന്നാൽ, ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ തുടരുമെന്നും ഫക്രിസാദെയുടെ കൊലപാതകം ഇറാന്റെ ആണവ പദ്ധതിയെ ബാധിക്കില്ലെന്നുമാണ് മറ്റു ചില വിദഗ്ധർ പറയുന്നത്. ഭാവിയിൽ ബൈഡൻ സർക്കാരുമായുള്ള ഇറാന്റെ നയതന്ത്ര സഖ്യം കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് റിച്ചാർഡ് മഹേർ പറയുന്നു. ട്രംപും അദ്ദേഹത്തിന്റെ വിദേശ നയ സംഘവും ഇസ്രയേലും ചേർന്ന് പിൻവലിച്ച 2015 ലെ ആണവ കരാറിന്റെ വ്യവസ്ഥകളിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബൈഡൻ പ്രസ്താവിച്ചിരുന്നു.

ഇറാൻ ഒരിക്കലും 'സയണിസ്റ്റ് കെണിയിൽ' വീഴില്ലെന്ന് പ്രസിഡന്റ് റൂഹാനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാൽ ബൈഡന്റെ തീരുമാനത്തിനു കാത്തിരിക്കുമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ഉപരോധം നീക്കി ആണവ കരാറിലേക്ക് മടങ്ങാൻ ബൈഡൻ തയാറാണെന്ന് ഇറാൻ കരുതുന്നുവെങ്കിൽ, ഇസ്രയേൽ എന്തുവില കൊടുത്തും അതുതടയുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ രണ്ട് ദശകങ്ങളിലെ മൊസാദിന്റെ രഹസ്യാന്വേഷണ പ്രവർത്തനം തീർച്ചയായും ഇറാന്റെ ആണവ പദ്ധതികളെ ബാധിച്ചിട്ടുണ്ടെന്നാണ് ഇസ്രയേൽ വക്താക്കൾ പറയുന്നത്. ഇത് അവഗണിക്കാൻ കഴിയില്ല. നാറ്റ്സ ആണവ നിലയത്തിന് നേരെയുള്ള സൈബർ ആക്രമണം മൂലം ഇറാന്റെ ആണവ ശ്രമങ്ങൾ കുറഞ്ഞത് ഒരു വർഷമോ ഒന്നര വർഷമോ വൈകി. ഇറാനിലെ ന്യൂക്ലിയർ പ്ലാന്റുകളിലും മറ്റ് സർക്കാർ വിഭവങ്ങളിലും മാത്രമല്ല, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും സൈബർ ആക്രമണത്തിന് മൊസാദിനും സിഐഎയ്ക്കും കഴിവുണ്ടെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്.

എന്തായാലും, ഇറാനെതിരെയുള്ള ഇസ്രയേലിന്റെ ശ്രമങ്ങൾ ഉപേക്ഷിക്കുമെന്ന് കരുതുന്നില്ല. ഇറാന്റെ ആണവ പദ്ധതികളെ നേരട്ട് ആക്രമിക്കാനുള്ള സൈനിക ശേഷി ഇസ്രയേലിനില്ല. രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്താനുള്ള കഴിവാണ് അവർക്കുള്ളത്. ഇറാനികളുമായി ചർച്ച നടത്താൻ തയാറാണെന്ന് ബൈഡൻ പറയുകയും 2015 ലെ ആണവ കരാറിന്റെ ചില കാര്യങ്ങൾ പരിഗണിക്കുകയും ചെയ്താൽ, ഇസ്രയേൽ നടത്തുന്ന രഹസ്യാന്വേഷണ പ്രവർത്തനം വീണ്ടും സജീവമാകുമെന്നാണ് കരുതുന്നത്.

mossad-representation

ഒരു മാൾവെയർ‌ സിസ്റ്റം വികസിപ്പിക്കുകയും ഏത് രാജ്യത്തെയും ശാസ്ത്രജ്ഞരെയും ആക്രമിക്കുകയും ചെയ്യുന്നത് സി‌ഐ‌എയുടെയും മൊസാദിന്റെയും ഒരു പഴയ തന്ത്രമാണ്. ശത്രുക്കളെ മാനസികമായി തകർക്കാനാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്.

English Summary: Killing Iranians inch by inch: Another Mossad tactic, Israel unable to wage war directly?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA