ADVERTISEMENT

സാമ്പത്തികവും സൈനികവുമായി ഇന്ത്യയേക്കാള്‍ മുന്നിലുള്ള ചൈന വടക്കു കിഴക്കന്‍ അതിര്‍ത്തി വഴിയും സമുദ്ര അതിര്‍ത്തിയിലൂടെയും കടന്നുകയറ്റത്തിന് ശ്രമിക്കുന്നുണ്ട്. റഷ്യയുമായുള്ള ബന്ധവും ചൈനക്ക് ഇന്ത്യക്കെതിരെ തന്ത്രപരമായ മേല്‍ക്കോയ്മ നല്‍കുന്നു. ചൈനയുടെ ഈ അധീശ ശ്രമങ്ങളെ ചെറുക്കണമെങ്കില്‍ ഇന്ത്യക്ക് പലമുഖങ്ങളുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചേ മതിയാകൂ.

 

കഴിഞ്ഞ ജൂണിലാണ് ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ മേഖലയിലേക്ക് കടന്നുകയറ്റം നടത്തിയത്. ഗാല്‍വാന്‍ പ്രവിശ്യ തങ്ങള്‍ക്ക് കീഴിലാണെന്ന ചൈനയുടെ ഏകപക്ഷീയമായ അവകാശവാദം നയതന്ത്ര നീക്കങ്ങളെ പരാജയപ്പെടുത്തുന്നതായിരുന്നു. 2014ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി 18 തവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതുകൊണ്ടൊന്നും അടിത്തട്ടില്‍ കാര്യമായ നേട്ടങ്ങളുണ്ടായിട്ടില്ലെന്നതിന്റെ സൂചകങ്ങളാണ് അടുത്തിടെ ചൈനയുമായി അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങള്‍. 

 

ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ ഫലപ്രദമായ കടന്നുകയറ്റം ചൈന ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. ശ്രീലങ്കക്കും ബംഗ്ലാദേശിനും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യവും ചൈന തന്നെ. ചൈനീസ് സഹായം പറ്റുന്നതിലെ അപകടങ്ങളെക്കുറിച്ച് ഈ രാജ്യങ്ങള്‍ക്കെല്ലാം തന്നെ അറിവുണ്ടെങ്കിലും സാമ്പത്തികമായും അല്ലാതെയും നിരസിക്കാനാവാത്ത വാഗ്ദാനങ്ങളാണ് ചൈന ഇവര്‍ക്ക് മുൻപാകെ വെക്കുന്നത്. ചൈനയെ അപേക്ഷിച്ച് സാമ്പത്തികമായും രാഷ്ട്രതന്ത്രപരമായും പിന്നിലുള്ള ഇന്ത്യക്ക് ഒരു ബദല്‍ നല്‍കാനും സാധിക്കുന്നില്ല.

 

അതിര്‍ത്തി തര്‍ക്കം ഉടലെടുത്തപ്പോള്‍ പല രാജ്യങ്ങളും ചൈനക്കെതിരെ നിലപാടെടുക്കുകയും ഇന്ത്യക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇന്തോ പസഫിക് സമുദ്ര മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളായ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇന്ത്യക്ക് സഹായ ഹസ്തം പലപ്പോഴായി നീട്ടിയിട്ടുണ്ട്. എങ്കില്‍ പോലും സാമ്പത്തികമായി ചൈനയോട് നേരിട്ടെതിര്‍ക്കാന്‍ സാധിക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ, അത് അമേരിക്കയാണ്. 

അമേരിക്കയുമായുള്ള ഇന്ത്യന്‍ ബന്ധവും തന്ത്രപരമാണ്. പ്രത്യേകിച്ചും ഇന്ത്യക്കുള്ള ആയുധങ്ങളില്‍ 70 ശതമാനവും ഇപ്പോഴും നല്‍കുന്നത് റഷ്യയാണെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍. ഇക്കാര്യം മനസില്‍ വെച്ചുകൊണ്ടുള്ള സഹകരണമാണ് അമേരിക്ക ഇന്ത്യക്ക് നല്‍കുന്നതും. അമേരിക്കയുമായി ഇന്തോ പസിഫിക് മേഖലയില്‍ സഹകരിക്കുന്നതിനോടുള്ള എതിര്‍പ്പ് റഷ്യ പരസ്യമാക്കിയിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണക്കുന്ന നിലപാട് റഷ്യ സ്വീകരിച്ചിട്ടില്ല. അമേരിക്കയുടെ എതിര്‍ ചേരിയിലുള്ള ചൈനയെ പിണക്കേണ്ട ആവശ്യം റഷ്യക്കില്ല. 

 

മാത്രമല്ല ചൈനക്കും റഷ്യക്കും തങ്ങളുടെ അതിര്‍ത്തികള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഒരേ നിലപാടാണ്. 2008ല്‍ ജോര്‍ജിയയേയും 2014ല്‍ ഉക്രെയിനേയും റഷ്യ തങ്ങളുടെ ഭാഗമാക്കിയത് ഈ നയത്തിന്റെ ഫലമായാണ്. കര-വ്യോമ-നാവിക വിഭാഗങ്ങളിലെ ആയുധങ്ങളുടെ നിര്‍മാണത്തില്‍ റഷ്യ-ചൈന സഹകരണം അതിശക്തമാണ്. പ്രതിരോധരംഗത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും കരുതപ്പെടുന്നു. 

 

വ്യാപാരമേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വലുതാണ്. റഷ്യയുടെ കയറ്റുമതിയുടെ 14 ശതമാനവും ചൈനയിലേക്കാണ്. ഇന്ത്യയിലേക്ക് ഇത് 1.7 ശതമാനം മാത്രമാണ്. റഷ്യയിലേക്കുള്ള ഇറക്കുമതിയുടെ 22 ശതമാനമാണ് ചൈനക്ക് അവകാശപ്പെട്ടത്. ഇന്ത്യക്കാകട്ടെ തുച്ഛമായ 1.6ശതമാനവും. ഇന്ത്യയിലേക്കുള്ള ആയുധകയറ്റുമതി റഷ്യന്‍ ആയുധ വ്യവസായത്തിന് വലിയ നേട്ടം നല്‍കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് നയപരമായി ഇന്ത്യക്കുള്ള നേട്ടങ്ങള്‍ കാര്യമായില്ല. 

ഇന്ത്യന്‍ മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം, അയല്‍രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനം, ചൈന-റഷ്യ കൂട്ടുകെട്ട്, ചൈനയുടേയും റഷ്യയുടേയും അമേരിക്കന്‍ വിരുദ്ധത തുടങ്ങി നിരവധി വിഷയങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് മാത്രമേ ഇന്ത്യക്ക് ചൈനീസ് വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ സാധിക്കൂ. മികച്ച ഭരണവും സാമ്പത്തിക വളര്‍ച്ചയും കൊണ്ട് മാത്രമേ ഇന്ത്യക്ക് ചൈനക്കെതിരെ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്നതും പ്രതിരോധ വിദഗ്ധര്‍ പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 

English Summary: Russia or America with India? Weapons alone are not enough to confront China!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com