ADVERTISEMENT

പ്രതിരോധരംഗത്ത് പാക്കിസ്ഥാനെ അകമഴിഞ്ഞ് സഹായിക്കുകയാണ് ചൈനയും തുര്‍ക്കിയും. പാക്കിസ്ഥാനിലെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ കടം വര്‍ധിച്ച് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കൂടിയാണ് ചൈനയുടേയും തുര്‍ക്കിയുടേയും സഹായപ്രവാഹം. പാക്കിസ്ഥാനു വേണ്ടിയുള്ള രണ്ടാമത്തെ അത്യാധുനിക പടക്കപ്പല്‍ ചൈന ഷാങ്ഹായില്‍ കഴിഞ്ഞ ആഴ്ച്ചയാണ് നീറ്റിലിറക്കിയത്. പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച സുഹൃത്തായ തുര്‍ക്കി അവര്‍ക്കുവേണ്ടി മൂന്നാമത്തെ MILGEM വിഭാഗത്തില്‍ പെട്ട പടക്കപ്പലാണ് ഇസ്താംബുളിലെ നാവിക കപ്പല്‍ശാലയില്‍ നിര്‍മിക്കുന്നത്.

 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചൈന പാക്കിസ്ഥാനുവേണ്ടിയുള്ള ആദ്യ ടൈപ്പ് 054 പടക്കപ്പല്‍ നിര്‍മിച്ചത്. ഈ വിഭാഗത്തില്‍ പെട്ട ആകെ നാല് പടക്കപ്പലുകളാണ് ചൈന പാക്കിസ്ഥാനു വേണ്ടി നിര്‍മിച്ചു നല്‍കിയത്. തുര്‍ക്കി പ്രസിഡന്റ് രജത് ത്വയിബ് എര്‍ദോഗാനും പാക്കിസ്ഥാനിലെ തുര്‍ക്കി അംബാസിഡറും സംയുക്തമായാണ് MILGEM ക്ലാസ് പടക്കപ്പലിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. നാല് MILGEM ക്ലാസ് പടക്കപ്പലുകളാണ് തുര്‍ക്കി പാക് നാവികസേനക്ക് വേണ്ടി നിര്‍മിച്ച് നല്‍കുക. 

 

പാക്കിസ്ഥാന്‍ നാവികസേനയുടെ ഉയര്‍ന്ന ഓഫിസര്‍മാര്‍ അങ്കാറയിലേക്കും ബെയ്ജിങിലേക്കും സ്ഥിരമായി സന്ദര്‍ശനം നടത്തുന്നവരാണ്. കഴിഞ്ഞ ഒക്ടോബറില്‍ പാക്കിസ്ഥാന്റെ നാവിക കപ്പലായ സുള്‍ഫിക്കര്‍ തുര്‍ക്കിയിലെ അക്‌സാസ് തുറമുഖത്തെത്തിയിരുന്നു. തുര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ എക്‌സസൈസില്‍ പങ്കെടുക്കാനായിരുന്നു പാക് പടക്കപ്പലിന്റെ യാത്ര. കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു പാക് നാവിക കപ്പലായ യര്‍മൂക്കും തുര്‍ക്കിയിലെ ഗോള്‍കുക് തുറമുഖം സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കി നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കശ്മീര്‍ പ്രശ്‌നം പാക്കിസ്ഥാന്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

 

'പാക്കിസ്ഥാന്‍ നാവികസേനയെ വിപുലപ്പെടുത്തുകയാണ്. ചൈന അവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് പാക്കിസ്ഥാന് സഹായങ്ങള്‍ നല്‍കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സാറ്റലൈറ്റ് നിരീക്ഷണം ശക്തമാക്കുകയാണ് ചൈനീസ് ലക്ഷ്യം' എന്നായിരുന്നു ഇതേക്കുറിച്ച് മുന്‍ ഇന്ത്യന്‍ നേവല്‍ ഇന്റലിജന്‍സ് ആൻഡ് ഓപറേഷന്‍സ് ഡയറക്ടര്‍ രഞ്ജിത്ത് ബി റായ് നേരത്തെ പറഞ്ഞത്. 

 

ചൈന, തുര്‍ക്കി, പാക് സഹകരണത്തെ ഇന്ത്യ മാത്രമല്ല ജോ ബൈഡന്റെ അമേരിക്കന്‍ സര്‍ക്കാരും അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തില്‍ ഈ മാസം നടക്കാനിരിക്കുന്ന അമന്‍ 2021 എന്ന നാവികാഭ്യാസവും ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ചൈനക്കും തുര്‍ക്കിക്കും പുറമേ റഷ്യയും ഈ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണ സമിതിയായ എഫ്എടിഎഫ് (Financial Action Task Force) പാക്കിസ്ഥാനെതിരായ ആരോപണത്തില്‍ തീരുമാനമെടുക്കാന്‍ യോഗം കൂടാനിരിക്കയാണ്. ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുന്ന എഫ്എടിഎഫ് യോഗ കാലത്ത് തന്നെയാവും ഈ നാവികാഭ്യാസവും നടക്കുക. ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ പേരില്‍ എഫ്എടിഎഫ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

 

English Summary: Turkey, China prepare Pakistan for future wars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com