sections
MORE

റാവല്‍പിണ്ടി ഗൂഢാലോചന! അട്ടിമറിക്കപ്പെട്ടത് രാജ്യം പിടിച്ചെടുക്കാനുള്ള പട്ടാള നീക്കം

pak-missile
Representational image
SHARE

പട്ടാള അട്ടിമറികളിൽ പുതുമയില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍. എന്നാല്‍ 1951ല്‍ നടന്ന റാവല്‍പിണ്ടി ഗൂഢാലോചന എന്നറിയപ്പെടുന്ന ആദ്യ പട്ടാള അട്ടിമറി ഒരു വൻ പരാജയമായിരുന്നു. എഴുപത് വര്‍ഷങ്ങള്‍ക്ക് മുൻപ് ഒരു ഫെബ്രുവരിയില്‍ നടന്ന റാവല്‍പിണ്ടി ഗൂഢാലോചന പരാജയമായിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ നിരവധി വിജയിച്ച പട്ടാള അട്ടിമറികള്‍ക്ക് സാക്ഷിയാവുക തന്നെ ചെയ്തു. 

പാക്കിസ്ഥാൻ രൂപീകൃതമായി വെറും നാല് വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു റാവല്‍പിണ്ടി ഗൂഢാലോചന അരങ്ങേറിയത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് സ്ഥാനത്തുണ്ടായിരുന്ന മേജര്‍ ജനറല്‍ മുഹമ്മദ് അക്ബര്‍ ഖാന്റെ തലയിലായിരുന്നു ആദ്യം ഈ പട്ടാള അട്ടിമറി പിറന്നത്. അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഇതിലേക്ക് നയിച്ചത്. 

ജമ്മു കാശ്മീരിനെ ചൊല്ലി 1947-1948 കാലത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ യുദ്ധത്തിനൊടുവില്‍ 1949ല്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. യുദ്ധം തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു മേജര്‍ ജനറല്‍ മുഹമ്മദ് അക്ബര്‍ ഖാന്‍. 1951 ഫെബ്രുവരി 23ന് മേജര്‍ ജനറല്‍ ഖാന്റെ വസതിയില്‍ വെച്ചായിരുന്നു പട്ടാള അട്ടിമറിയെക്കുറിച്ചുള്ള ഗൂഢാലോചന നടന്നത്. 11 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പ്രമുഖ കവി ഫായിസ് അഹ്‌മദ് അടക്കം നാല് സാധാരണ പൗരന്മാരുമായിരുന്നു ഈ ഗൂഢാലോചനയില്‍ പങ്കെടുത്തത്. 

അക്കാലത്തെ പാക് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ പ്രകടമായ വിരോധം വെച്ചുപുലര്‍ത്തുന്നവരായിരുന്നു. മേജര്‍ ജനറല്‍ ഖാനൊപ്പം പട്ടാള അട്ടിമറിക്ക് ശ്രമിച്ച പൗരന്മാരില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നു. എന്നാല്‍ ഖാന്റെ വിശ്വസ്ഥര്‍ തന്നെ ഒറ്റുകാരായതോടെ പട്ടാള അട്ടിമറി തന്നെ അട്ടിമറിക്കപ്പെട്ടു. 1951 മാര്‍ച്ച് 9ന് പാക് സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് കവിയും പാക്കിസ്ഥാന്‍ ടൈംസ് പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന ഫായിസ് അഹ്‌മദ് ഫായിസിനെ അറസ്റ്റു ചെയ്തു. പാക് സര്‍ക്കാരിനെതിരായ ഗൂഢാലോചനയെന്നത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമായിരുന്നു. 

റാവല്‍പിണ്ടി ഗൂഢാലോചനയില്‍ പങ്കെടുത്തവരെ വിചാരണ ചെയ്യുന്നതിന് 1951 ജൂണ്‍ 15ന് സര്‍ക്കാര്‍ പ്രത്യേകം വിചാരണ കോടതി തന്നെ സ്ഥാപിച്ചു. അക്കാലത്തെ പാക്കിസ്ഥാനിലെ മുന്‍നിര അഭിഭാഷകരായിരുന്നു കുറ്റം ചുമത്തിയവര്‍ക്കുവേണ്ടി വാദിച്ചത്. 1953 ജനുവരി അഞ്ചിന് വിചാരണ കോടതി മേജര്‍ ജനറല്‍ ഖാനെ 12 വര്‍ഷം കഠിന തടവിന് വിധിച്ചു. ഗാഢാലോചനയില്‍ പങ്കെടുത്ത പൗരന്മാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നാലു വര്‍ഷം വീതം തടവുശിക്ഷ ലഭിച്ചു. പിന്നീട് 1955ല്‍ പുതിയ നിയമനിര്‍മാണ സഭ പ്രമാണിച്ച് അനുവദിച്ച പൊതുമാപ്പ് പ്രകാരം കുറ്റക്കാരെയെല്ലാം വെറുതേ വിടുകയും ചെയ്തു. അങ്ങനെ റാവല്‍പിണ്ടി ഗൂഢാലോചനക്ക് ഷട്ടര്‍ വീണെങ്കിലും പാക്കിസ്ഥാനില്‍ വലിയൊരു രാഷ്ട്രീയ നാടകത്തിന്റെ സാധ്യതക്കാണ് ഈ സംഭവം തിരശ്ശീല ഉയര്‍ത്തിയത്. 

പാക് സൈന്യത്തില്‍ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന ജനറല്‍ അയൂബ് ഖാനാണ് ആദ്യമായി പാക്കിസ്ഥാനില്‍ വിജയകരമായി പട്ടാള അട്ടിമറി നടത്തുന്നത്. 1958 ഒക്ടോബര്‍ ഏഴിനാണ് മേജര്‍ ജനറല്‍ അയൂബ് ഖാന്‍ പാക്കിസ്ഥാന്റെ ആദ്യ പട്ടാളമേധാവിയായി അധികാരത്തിലെത്തുന്നത്. ഏതാണ്ട് ഒരു ദശാബ്ദക്കാലത്തോളം മേജര്‍ ജനറല്‍ അയൂബ് ഖാന്‍ പാക്കിസ്ഥാന്‍ ഭരിച്ചു. ഇപ്പോള്‍ ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാക്കിസ്ഥാനില്‍ ആരംഭിച്ച ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളായിരുന്നു അയൂബ്ഖാന്റെ പട്ടാളഭരണം അവസാനിപ്പിച്ചത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സുള്‍ഫിക്കര്‍ അലി ഭൂട്ടോക്കാണ് അയൂബ്ഖാന്‍ ഭരണം കൈമാറിയത്. 

1977ല്‍ വീണ്ടും പട്ടാള അട്ടിമറിക്ക് പാക്കിസ്ഥാന്‍ സാക്ഷിയായി. ഇക്കുറി ജനറല്‍ മുഹമ്മദ് സിയാ ഉള്‍ ഹക്ക് പ്രധാനമന്ത്രി ഭൂട്ടോയെ പുറത്താക്കുകയായിരുന്നു. 1979ല്‍ വിചാരണക്കൊടുവില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ വധശിക്ഷക്ക് വിധേയനാക്കുക കൂടി ചെയ്തതോടെ പട്ടാളവും ജനാധിപത്യവും തമ്മിലുള്ള പാക്കിസ്ഥാനിലെ ബലാബലം കൂടുതല്‍ ശക്തമായി. സിയാ ഉള്‍ ഹക്കിന്റെ ഭരണകാലത്താണ് പാക്കിസ്ഥാനില്‍ തീവ്ര ഇസ്‌ലാമിസത്തിന് പ്രചാരം ലഭിക്കുന്നത്. 1988ല്‍ ഒരു വിമാനാപകടത്തിലാണ് സിയാ ഉള്‍ ഹക്ക് കൊല്ലപ്പെടുന്നത്. 

തുടര്‍ന്നിങ്ങോട്ട് സുസ്ഥിര ജനാധിപത്യം പാക്കിസ്ഥാന്റെ സ്വപ്‌നങ്ങളില്‍ മാത്രമായിരുന്നു. നേരിട്ടല്ലെങ്കിലും പട്ടാളത്തിന്റെ വ്യക്തമായ നിയന്ത്രണമുള്ള സര്‍ക്കാരുകളാണ് പാക്കിസ്ഥാന്‍ ഭരിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നാല് സര്‍ക്കാരുകള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചതുമില്ല. പിന്നീട് 1999ലായിരുന്നു പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറി നടന്നത്. ഇക്കുറി നവാസ് ഷെറീഫ് സര്‍ക്കാരിനെ സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷാറഫിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറിച്ചു. 2008 വരെ മുഷറഫായിരുന്നു പാക്കിസ്ഥാന്‍ ഭരിച്ചത്. ഇംപീച്ച്‌മെന്റ് ഒഴിവാക്കാനായി 2008 ഓഗസ്റ്റ് 18ന് മുഷാറഫ് രാജിവെക്കുകയായിരുന്നു. 

പിന്നീട് ജനാധിപത്യ സര്‍ക്കാരുകളാണ് ഇന്നുവരെ പാക്കിസ്ഥാന്‍ ഭരിച്ചത്. നവാസ് ഷെരീഫ് തിരിച്ചെത്തിയെങ്കിലും ഭരണം ഇമ്രാന്‍ഖാന്‍ പിടിച്ചു. ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാനിലെ ജനപിന്തുണയുള്ള ശക്തനായ നേതാവായി തുടരുമ്പോഴും പട്ടാളത്തിന്റെ സ്വാധീനത്തിനു വലിയ കുറവുണ്ടായിട്ടില്ല. 'ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു പട്ടാള അട്ടിമറിക്ക് കീഴില്‍ പാക്കിസ്ഥാന്‍ നില നില്‍ക്കുന്നത് പട്ടാള മേധാവികള്‍ അതിന് സര്‍വ സജ്ജരായതുകൊണ്ട് മാത്രമല്ല, രാഷ്ട്രീയക്കാര്‍ അവര്‍ക്കുവേണ്ട വളം നല്‍കുന്നതുകൊണ്ടുകൂടിയാണ്.' എന്നാണ് ദ ഡിപ്ലോമാറ്റില്‍ ഗുജറാത്ത് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ലക്ചററായ മുഹമ്മദ് ദയിം ഫാസില്‍ എഴുതിയത്.

English Summary: The Rawalpindi Conspiracy: The history and legacy of Pakistan’s first coup attempt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA