sections
MORE

സിറിയയെ അടിമുടി ഒറ്റിയ മൊസാദ് ചാരൻ! തൂക്കിലേറ്റിയ എലി കോഹന്റെ അവശേഷിപ്പുകൾക്കായി റഷ്യ

eli-cohen-netflix
Photo: Netflix
SHARE

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചാരസംഘടനകളിലൊന്നാണ് മൊസാദ്... എതിരാളികളുടെ കിടപ്പറയിൽ പോലും നുഴഞ്ഞുകയറി രഹസ്യങ്ങൾ പകർത്താൻ കഴിവുള്ള ഈ ഇസ്രയേലി ചാരസംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ചാരനാണ് എലി കോഹൻ. 2019ൽ പുറത്തിറങ്ങിയ ദ സ്പൈ എന്ന മിനി സീരീസിലൂടെ കോഹൻ വീണ്ടും രാജ്യാന്തരവേദിയുടെ ചിന്തകളിൽ ഇടം നേടി.

എലി കോഹനെ സിറിയ തൂക്കിക്കൊല്ലുകയായിരുന്നു. വിധി നടപ്പാക്കിയ ശേഷവും കോഹന്റെ മൃതദേഹം ഇസ്രയേലിനു വിട്ടുനൽകാൻ സിറിയ തയാറായില്ല. ഇസ്രയേൽ രഹസ്യ ഏജൻസികൾ ഏതെങ്കിലും ഓപ്പറേഷനിലൂടെ ഇതു വീണ്ടെടുക്കുമോയെന്ന് ഭയന്ന് മൂന്ന് തവണ വിവിധ സ്ഥലങ്ങളിൽ കോഹന്റെ മൃതദേഹം മാറ്റി സംസ്കരിച്ചെന്നു വരെ അഭ്യൂഹങ്ങളുണ്ട്. ഒരു രീതിയിലും മാപ്പു കൊടുക്കാൻ പറ്റാത്ത രീതിയിലുള്ള വിശ്വാസവഞ്ചനയാണ് സിറിയയെ സംബന്ധിച്ച് കോഹൻ നടത്തിയത്. എന്നാൽ ഇപ്പുറത്ത് ഇസ്രയേലിൽ കോഹൻ ഒരു ദേശീയ ഹീറോയാണ്. സിനിമാക്കഥകളെ വെല്ലുന്ന ജീവിതകഥയുള്ള അനശ്വരനായ ചാരപ്രമുഖൻ.

കോഹന്റെ ഭൗതിക അവശേഷിപ്പുകൾ അരനൂറ്റാണ്ടിനിപ്പുറം ഇസ്രയേലിൽ എത്തിക്കാൻ റഷ്യയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രമങ്ങൾ നടക്കുകയാണ്.

∙ ഈജിപ്തിലെ ചാരൻ

ഈജിപ്ഷ്യൻ നഗരമായ അലക്സാൻഡ്രിയയിൽ 1924 ലാണ് എലി കോഹൻ ജനിച്ചത്. സിറിയയിൽ നിന്നുള്ള ജൂത ദമ്പതികളുടെ മകനായി. ഈജിപ്തിൽ നിന്നുള്ള ജൂതരെ ഇസ്രയേലിലേക്കു കുടിയേറ്റം നടത്താൻ രഹസ്യമായി സഹായിച്ചാണ് ഇസ്രയേലിനായി കോഹൻ ആദ്യകാലത്ത് പ്രവർത്തിച്ചത്.

പിന്നീട് ഈജിപ്തിൽ ഇസ്രയേലിനുവേണ്ടി ചാരപ്രവർത്തനം തുടങ്ങി. അറബി, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളിലുള്ള പ്രാവീണ്യം  വലിയൊരു മികവായിരുന്നു കോഹന്. എന്നാൽ 1954ൽ കോഹനുൾപ്പെടുന്ന ചാരസംഘത്തെ ഈജിപ്ത് സർക്കാർ കണ്ടെത്തി പൊളിച്ചു. 1956ൽ ഇസ്രയേലും ഈജിപ്തും തമ്മിൽ ഉടലെടുത്ത സൂയസ് പ്രതിസന്ധി കോഹൻ ഉൾപ്പെടെ സയണിസ്റ്റ് ആഭിമുഖ്യമുള്ള പലർക്കും ഈജിപ്തിൽ നിൽക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചു. തുടർന്ന് കോഹൻ ഇസ്രയേലിലെത്തി.

ഇസ്രയേലിൽ എത്തിയ ശേഷം അവിടത്തെ സൈന്യത്തിന്റെ ഇന്റലിജൻസ് വിഭാഗത്തി‍ൽ ചേരാൻ കോഹൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാ‍ൽ അറുപതുകളിൽ ഇസ്രയേലും സിറിയയും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങളും തർക്കങ്ങളും രൂക്ഷമായി. ഇതോടെ സിറിയയെ തങ്ങളുടെ ശക്തമായ ചാരവലയത്തിൽ കൊണ്ടുവരാൻ ഇസ്രയേൽ പദ്ധതിയിട്ടു. സിറിയൻ വേരുകളും ഭാഷാരീതികളും വശമുള്ള കോഹന് അവസരം ഒരുങ്ങുകയായിരുന്നു.

∙ അർജന്റീനയിലേക്ക്

മൊസാദ് കോഹനെ നിയമിച്ചു. ആറുമാസം ശക്തമായ പരിശീലനം നൽകിയ ശേഷം അർജന്റീനിയൻ തലസ്ഥാനം ബ്യൂണസ് ഐറിസിലേക്കാണ് അവർ അയാളെ അയച്ചത്. അർജന്റീനയിൽ ഉണ്ടായിരുന്ന പ്രബലമായ സിറിയൻ പ്രവാസിസമൂഹത്തിന്റെ വിശ്വാസം ആർജിക്കലായിരുന്നു കോഹന്റെ പ്രധാനലക്ഷ്യം.

ഒരു സിറിയൻ ബിസിനസ്സുകാരൻ എന്ന വ്യാജേന കോഹൻ അർജന്റീനയിലെത്തി, പുതിയൊരു പേരിൽ... കമാൽ അമീൻ താബെറ്റ്. ആളുകളുമായി ചങ്ങാത്തത്തിലാകാനും അവരുടെ അഭ്യുദയകാംക്ഷിയായി മാറാനും കോഹന് വല്ലാത്ത പാടവമായിരുന്നു. അർജന്റീനയിലെ സിറിയൻ പ്രവാസി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ ഇഷ്ടം ഇതിനിടെ കോഹൻ വേണ്ടരീതിയിൽ സമ്പാദിച്ചു. സിറിയയിലേക്ക് തിരിച്ചുപോകുകയാണ് തന്റെ ആഗ്രഹമെന്നൊക്കെ ഇടയ്ക്ക് ഇവരോട് കോഹൻ അഥവാ താബെറ്റ് പറഞ്ഞു.

ഇതിന്റെ ഫലമായി 1962ൽ സിറിയൻ തലസ്ഥാനം ഡമാസ്കസിലേക്കു പോകാൻ കോഹന് അവസരമൊരുങ്ങി. കോഹനെ പ്രകീർത്തിച്ചുള്ള ഒട്ടേറെ ശുപാർശക്കത്തുകളും പരിചയക്കുറിപ്പുകളും അർജന്റീനയിലെ പ്രവാസി സമൂഹം അയാൾക്കു നൽകിയിരുന്നു.

∙ സിറിയയിലെ സാഹസികത

സിറിയയിൽ എത്തിയ ശേഷം ഒരു സമ്പന്നന്റെ പകിട്ടാർന്ന ജീവിതം കോഹൻ മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന്റെ അവിടത്തെ ഗൃഹത്തിൽ മിക്കപ്പോഴും പാർട്ടികൾ നടന്നു. ഡമാസ്കസിലെ പ്രധാന വ്യക്തികളും ഉന്നത നയതന്ത്ര, മിലിട്ടറി ഓഫിസർമാരുമൊക്കെ കോഹന്റെ ക്ഷണം സ്വീകരിച്ച് ഈ പാർട്ടികൾക്കെത്തി. ഇവരുമായുണ്ടാക്കിയ പരിചയവും സൗഹൃദവും മൂലം വിലപ്പെട്ട സൈനികരഹസ്യങ്ങളും മറ്റും കോഹന്റെ ചെവിയിലെത്തി.

ഇതേ സൗഹൃദം രാജ്യത്തെ സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കാനും കോഹനു തുണയായി. അന്ന് സിറിയയിലെ തന്ത്രപ്രധാന കേന്ദ്രമായ ഗോലാൻ കുന്നുകൾ വരെ ഇപ്രകാരം കോഹൻ സന്ദർശിച്ചു. അർജന്റീനയിൽ ഉള്ളകാലത്ത് തന്നെയാണ് അന്നത്തെ സിറിയയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ അമീൻ അൽ ഹാഫീസുമായി കോഹൻ സൗഹൃദത്തിലാകുന്നത്. അന്നു സിറിയ ഭരിച്ച സർക്കാരിന്റെ ഇഷ്ടക്കേട് സമ്പാദിച്ച അമീനെ അർജന്റീനയിൽ ഒരു മിലിട്ടറി അറ്റാഷെ എന്ന പദവിയിൽ നല്ല നടപ്പിനു വിട്ടിരിക്കുകയായിരുന്നു.

എന്നാൽ 1963ൽ ബാത്തിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ഹാഫീസ് സിറിയയിലെ അന്നത്തെ സർക്കാരിനെ മറിച്ചിടുകയും പിന്നീട് രാജ്യത്തെ പ്രസിഡന്റ് ആയി മാറുകയും ചെയ്തു. ഇതോടെ കോഹന്റെ വസന്തകാലവും തുടങ്ങി. ഉറ്റ ചങ്ങാതിയാണ് പ്രസിഡന്റ്... ഇനിയെന്തു വേണം. കോഹനെ സിറിയയുടെ പ്രതിരോധമന്ത്രിയാക്കാൻ പോലും ഹാഫീസ് ഇടക്കാലത്ത് ആലോചിച്ചിരുന്നു എന്നുള്ളത് ഈ സൗഹൃദത്തിന്റെ തെളിവായിരുന്നു.

ഇതോടൊപ്പം തന്നെ സിറിയയിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ടെലിഗ്രാം വഴിയും പാഴ്സലുകൾ മുഖേനയും ഇസ്രയേലിൽ കൃത്യമായി എത്തുകയും ചെയ്തു.

∙ കുടുക്കിയ അശ്രദ്ധ

സിറിയൻ പ്രസിഡന്റുമായുള്ള സൗഹൃദവും മൊസാദിൽ മറ്റാരെക്കൊണ്ടും സാധിക്കാൻ പറ്റിയിട്ടില്ലാത്ത നേട്ടങ്ങളും കോഹനെ ഇസ്രയേലി ചാരവൃത്തങ്ങളിൽ ഒരു സൂപ്പർസ്റ്റാറാക്കി മാറ്റിയിരുന്നു. എന്നാൽ പ്രവർത്തനത്തിലെ മികവിനൊപ്പം തന്നെ അദ്ദേഹത്തിനൊരു ന്യൂനതയുമുണ്ടായിരുന്നു... അശ്രദ്ധ.

എല്ലാ ദിവസവും ഒരേ സമയത്തായിരുന്നു അദ്ദേഹം ഇസ്രയേലിലേക്കു ടെലിഗ്രാം സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതു സംശയത്തിനിടയാക്കുമെന്നു മൊസാദ് അദ്ദേഹത്തെ ഉപദേശിച്ചെങ്കിലും കോഹൻ ഈ രീതി തുടർന്നു. ഒടുവിൽ സിറിയ ചതി മനസ്സിലാക്കുക തന്നെ ചെയ്തു. അവർ കോഹന്റെ സന്ദേശങ്ങൾ പരിശോധിക്കാൻ തുടങ്ങി. ഒരു കൊടുംചാരനെയാണ് തങ്ങൾ ഇത്രനാളും പിന്തുണച്ചതെന്ന് സിറിയയിലെ ഉന്നതവൃത്തങ്ങളും ഞെട്ടലോടെ മനസ്സിലാക്കി. ഒടുവിൽ 1965ൽ ഇസ്രയേലി കേന്ദ്രത്തിലേക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കെ ഡമാസ്കസിലെ കോഹന്റെ വസതിയിലേക്ക് സിറിയൻ സൈനികർ ഇരച്ചുകയറി. തൊണ്ടിയടക്കം കോഹൻ പിടിക്കപ്പെട്ടു.

വലിയ രാജ്യാന്തര ശ്രദ്ധ നേടി ആ അറസ്റ്റ്. വധശിക്ഷ ഏകദേശം ഉറപ്പായി. ഇസ്രയേലും ചില യൂറോപ്യൻ രാജ്യങ്ങളും കോഹനെ കൊല്ലരുതെന്ന് സിറിയയോട് ശക്തമായി ആവശ്യപ്പെട്ടെങ്കിലും അവർ ചെവിക്കൊണ്ടില്ല.1965 മേയ് 19ന് എലി കോഹൻ ഡമാസ്കസ് നഗരത്തിൽ തൂക്കിലേറ്റപ്പെട്ടു.

English Summary: Russia said to give Israel item that may have belonged to executed spy Eli Cohen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA