ADVERTISEMENT

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയാണെന്ന് പ്രതിരോധ വെബ്‌സൈറ്റായ മിലിട്ടറി ഡയറക്റ്റ് ഞായറാഴ്ച പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. മികച്ച സൈനിക സംവിധാനങ്ങളും പ്രതിരോധ ബജറ്റും ഉണ്ടായിരുന്നിട്ടും അമേരിക്ക 74 പോയിന്റുമായി രണ്ടാം സ്ഥാനത്തും റഷ്യ 69 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 

 

നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 61 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ഫ്രാൻസിന് 58 പോയിന്റുമുണ്ട്. യുകെയും ആദ്യ പത്തിൽ ഇടം നേടി. യുകെയുടെ സ്ഥാനം ഒൻപതാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതിരോധ ബജറ്റുകൾ, സജീവവും സജീവമല്ലാത്തതുമായ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം, വായു, കടൽ, കര, ആണവ പ്രതിരോധ സംവിധാനങ്ങൾ, ശരാശരി ശമ്പളം, ഉപകരണങ്ങളുടെ ഭാരം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ‘സൈനിക ശക്തി സൂചിക’ കണക്കാക്കിയതെന്നും പഠനം പറയുന്നു.

 

ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണ് ചൈനയിലുള്ളത്. സൂചികയിലെ 100 പോയിന്റുകളിൽ 82 ഉം ചൈന നേടി. പ്രതിരോധ ബജറ്റുകൾ, സൈനികർ, വ്യോമ, നാവിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഈ സ്കോറുകൾ പരിശോധിച്ചാൽ ചൈന വൈകാതെ തന്നെ മറ്റു രാജ്യങ്ങൾക്ക് വൻ വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പുണ്ട്.

 

പ്രതിരോധത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് അമേരിക്കയാണ്. പ്രതിവർഷം 732 ബില്യൺ ഡോളറാണ് അമേരിക്കയുടെ പ്രതിരോധ ബജറ്റ്. 261 ബില്യൺ ഡോളറുമായി ചൈന രണ്ടാം സ്ഥാനത്ത്. പ്രതിരോധ ചെലവിന്റെ കാര്യത്തിൽ 71 ബില്യൺ ഡോളറുമായി ഇന്ത്യയാണ് മൂന്നാമത്.

 

വിവിധ സ്കോറുകൾ പരിഗണിച്ച് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഒരു ‘സാങ്കൽപിക സംഘർഷമുണ്ടായാൽ’ ചൈന കടൽ വഴിയും അമേരിക്ക വ്യോമസേന വഴിയും റഷ്യ കരയിലൂടെയും വിജയിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യോമ ശക്തിയിൽ മൊത്തം 14,141 വിമാനങ്ങളുമായി അമേരിക്ക ഒന്നാമതെത്തി. റഷ്യയുടെ കൈവശം 4,682 ഉം ചൈനയ്ക്ക് 3,587 ഉം സൈനിക വിമാനങ്ങളുണ്ട്. 

കരയുദ്ധത്തിനായി റഷ്യയുടെ കൈവശം 54,866 വാഹനങ്ങളുണ്ട്. എന്നാൽ, അമേരിക്കയുടെ കൈവശം 50,326 ഉം ചൈനയ്ക്ക് 41,641 വാഹനങ്ങളുമുണ്ട്. കടൽ യുദ്ധത്തിനായി ചൈനയുടെ കൈവശം 406 കപ്പലുകളുണ്ട്. റഷ്യയുടെ കൈവശം 278 എണ്ണവും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും 202 കപ്പലുകളുമാണുള്ളത്.

 

English Summary: India ranked fourth most powerful military in world: Miltary Direct's study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT