sections
MORE

ഇന്ത്യ വാങ്ങുന്ന എസ്–400 ലോകശക്തികൾക്ക് ഭീഷണിയോ? എസ്–500 പുറത്തിറക്കാനൊരുങ്ങി റഷ്യ!

s-400
SHARE

ലോകശക്തികളെല്ലാം ഭയക്കുന്ന ഒന്നാണ് റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400. ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് - ക്രൂസ് മിസൈലുകളുമെല്ലാം 40 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലത്തില്‍ വെച്ച് തീര്‍ത്തുകളയാന്‍ എസ് 400നാവും. ഇന്ത്യ വാങ്ങുന്ന ഈ പ്രതിരോധ സംവിധാനത്തെ ലോകശക്തികളുടെ പോർവിമാനങ്ങൾ പോലും ഭയക്കുന്നുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. എന്തായിരിക്കും ഈ റഷ്യന്‍ ആയുധത്തെ അങ്ങേയറ്റത്തെ അപകടകാരിയാക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമം തന്നെ വിശദീകരിക്കുന്നത് നോക്കാം. 

ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയാണ് എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയായി എടുത്തുകാണിക്കുന്നത്. അമേരിക്കന്‍ മാധ്യമമായ 19 ഫോർടിഫൈവ് (19fortyfive) ല്‍ പ്രതിരോധ വിദഗ്ധനായ പീറ്റര്‍ സുസിയു എഴുതിയ ലേഖനത്തില്‍ എസ് 400നെക്കുറിച്ച് വിദമായി പറയുന്നുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ലക്ഷ്യം ഭേദിക്കാന്‍ എസ് 400ന് സാധിക്കുമെന്നാണ് സിസിയു പറയുന്നത്.

നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും കാറ്റില്‍പറത്തി റഷ്യ തങ്ങളുടെ ഈ ആയുധം നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും സിസിയു പറയുന്നു. എസ് 400 ആദ്യം ചൈനയ്ക്കും ബലാറസിനും പിന്നീട് തുര്‍ക്കിക്കും ഇന്ത്യയ്ക്കുമാണ് റഷ്യ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ വിലക്ക് ഭീഷണികള്‍ വകവെക്കാതെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.

മറ്റു രാജ്യങ്ങളുമായുള്ള സാമ്പത്തിക യുദ്ധത്തിനുള്ള ഉപകരണമായിട്ടും റഷ്യ ഈ മിസൈല്‍ സംവിധാനത്തെ ഉപയോഗിക്കുന്നുണ്ടെന്ന് സിസിയു പറയുന്നു. പ്രത്യേകിച്ചും അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍. വാഷിങ്ടണില്‍ നിന്നുള്ള സമ്മര്‍ദത്തെ അതിജീവിച്ചാണ് തുര്‍ക്കി എസ് 400 റഷ്യയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഇത് അമേരിക്കയുടെ എഫ് 35 പോര്‍വിമാന പദ്ധതിയെ പോലും ബാധിച്ചിരുന്നു. എഫ് 35 പോര്‍വിമാനങ്ങളേക്കാള്‍ റഷ്യയുടെ എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിനാണ് തുര്‍ക്കി പ്രാധാന്യം നല്‍കിയത്. 

എസ് 500 അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും എസ് 400ന്റെ അപ്‌ഡേഷനുകള്‍ നിര്‍മാതാക്കളായ അല്‍മാസ് അന്റേ തുടരുകയാണ്. പ്രത്യേകിച്ചും ഒരേസമയം ദീര്‍ഘദൂര ഹ്രസ്വദൂര ലക്ഷ്യങ്ങളെ ഭേദിക്കാനുള്ള സംവിധാനം എസ് 400ല്‍ ഉൾപ്പെടുത്തുകയാണ് നിര്‍മാതാക്കളുടെ അടുത്ത ലക്ഷ്യം. 2007ല്‍ നിര്‍മാണം ആരംഭിച്ച എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 71 ബറ്റാലിയനുകളിലായി 560 ലോഞ്ചറുകളെങ്കിലും റഷ്യ നിര്‍മിച്ചിട്ടുണ്ട്. എസ് 400ന്റെ മുന്‍ഗാമിയായ എസ് 300ന്റെ 1500 ലോഞ്ചറുകവും റഷ്യ നിര്‍മിച്ചിട്ടുണ്ട്. 

എസ് 500 ന്റെ പരീക്ഷണം നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് റഷ്യന്‍ പ്രതിരോധ മന്ത്രി അലെക്‌സി ക്രിവോറുച്‌കോ പറഞ്ഞത്. ആദ്യ ഘട്ട എസ് 500 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 2021ല്‍ ഇറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. നിര്‍മാണം പൂര്‍ണതോതില്‍ ആരംഭിക്കുക 2025 മുതലായിരിക്കും. 400 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെയായിരിക്കും എസ് 500ന്റെ ശേഷിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈപ്പര്‍സോണിക് മിസൈലുകളെ ഭൂമിയോട് ചേര്‍ന്നുള്ള ബഹിരാകാശത്ത് വെച്ച് തന്നെ തകര്‍ക്കാനും ഇവക്ക് കഴിയും.

English Summary: US Media Reveals What Makes Russia’s S-400 ‘So Deadly’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA