sections
MORE

കെജിബി ചാരനിൽ നിന്ന് റഷ്യൻ ചക്രവർത്തി... 21 തികയുന്ന ‘പുടിനിസം’

1200-putin-russia
SHARE

‘നമ്മൾ നമ്മുടെ ശക്തിയെ വിശ്വസിക്കണം’. 2000 മാർച്ച് 26നു റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ക്രെംലിനിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ വ്ലാഡിമർ വ്ലാഡിമറോവിച്ച് പുടിൻ പറഞ്ഞ വാക്കുകൾ. സോവിയറ്റ് ചാരസംഘടനയായ കെജിബിയുടെ മുൻ കേണലായ പുടിൻ പതുങ്ങിയതെങ്കിലും തീക്ഷ്ണസ്വരത്തിലുള്ള ആ പ്രസംഗം നടത്തുമ്പോൾ റഷ്യ എഴുന്നേറ്റു നിന്നു കൈയടിക്കുകയായിരുന്നു. അവരുടെ വീരനായകന്റെ അരങ്ങേറ്റമായിരുന്നു അത്.

ഒട്ടേറെ പ്രശസ്തരായ രാഷ്ട്രീയക്കാ‍ർക്കും ഭരണതന്ത്രജ്ഞർക്കും ജനനം കൊടുത്ത നാടാണ് റഷ്യ. ലെനിൻ, സ്റ്റാലിൻ, ക്രൂഷ്ചേവ്, ഗോർബച്ചേവ്... എന്നാൽ ഇന്ന് റഷ്യയെന്നാൽ പുടിനാണ്. റഷ്യയുടെ അതിർത്തികളും കടന്നു പരന്ന പ്രസിദ്ധിയും സ്വാധീനവും ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായി പുടിനെ മാറ്റിയിരിക്കുന്നു. ഈ മാർച്ച് 26നു റഷ്യയിലെ പുടിൻ യുഗത്തിന് 21 വയസ്സു തികയും.

∙ സൂപ്പർകൂൾ ചാരൻ

1952 ഒക്ടോബർ ഏഴിനാണു പുടിൻ സോവിയറ്റ് നഗരമായ ലെനിൻഗ്രാഡിൽ ( ഇന്നത്തെ സെന്റ് പീറ്റേഴ്‌സ്ബർഗ്) ജനിക്കുന്നത്. ഫാക്ടറി തൊഴിലാളിയായിരുന്നു പുടിന്റെ പിതാവ്. കൗമാരപ്രായക്കാരനായിരിക്കെ, 1968ൽ റഷ്യയിൽ പുറത്തിറങ്ങിയ ‘ദ് ഷീൽഡ് ആൻഡ് സ്വോഡ്’ എന്ന സിനിമ പല റഷ്യൻകുട്ടികളെയുമെന്നതുപോലെ പുടിനെയും സ്വാധീനിച്ചു.

നാത്സികൾക്കെതിരെ പോരാടുന്ന ഒരു സോവിയറ്റ് ചാരന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്. ഭാവിയിൽ തനിക്കും ഒരു ചാരനാകണമെന്ന് പുടിന്റെ ഉള്ളിൽ ആഗ്രഹം വളർത്താൻ സിനിമ വഴിയൊരുക്കി. ഒരു ജനതയെ തന്നെ രക്ഷിക്കാൻ ഒരു ചാരന് ശേഷിയുണ്ടെന്ന് അദ്ദേഹം അക്കാലത്ത് വിശ്വസിച്ചു.

വ്ലാഡിമർ പുടിൻ എന്താഗ്രഹിച്ചോ, അതൊക്കെ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. 1975ൽ ലെനിൻഗ്രാഡ് സർവകലാശാലയിൽ നിന്നു ബിരുദം പാസായ പുടിനെ തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് കെജിബി നിയമിച്ചു. പുടിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അത്. സർവകലാശാലയിലെ തന്റെ പ്രിയകൂട്ടുകാരനുമായി തൊട്ടടുത്തുള്ള റെസ്റ്റോറന്റിലെത്തി ബീയറും ഗ്രിൽഡ് ചിക്കനും കഴിച്ചാണ് തന്റെ ജീവിതത്തിലെ ആദ്യ നേട്ടം പുടിൻ ആഘോഷിച്ചത്.

കിഴക്കൻ ജർമനിയിലെ ദ്രെസ്‌ഡെനിലായിരുന്നു പുടിന്റെ ആദ്യ രാജ്യാന്തര നിയമനം. ശീതയുദ്ധം നടമാടിയിരുന്ന ആ കാലഘട്ടത്തിൽ റഷ്യ ഏറ്റവും ശ്രദ്ധ പുലർത്തിയിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു സഖ്യരാഷ്ട്രമായ കിഴക്കൻ ജർമനി. അവിടത്തെ സ്റ്റാസി എന്ന രഹസ്യപ്പൊലീസുമായി കെജിബി ശക്തമായ ബന്ധം നിലനിർത്തി. യൂറോപ്പിലെ കെജിബി പ്രവർത്തനങ്ങളുടെ ഹബ്ബായിരുന്നു കിഴക്കൻ ജർമൻ നഗരമായ ദ്രെസ്ഡെൻ.

അവിടത്തെ പ്രവർത്തനത്തിനു ക്ഷമയും മനസ്സാന്നിധ്യവും തന്ത്രവും വേണമായിരുന്നു. ചാരപ്രവർത്തനത്തിലൂടെ സ്വാംശീകരിച്ച ഈ ഗുണങ്ങൾ ഇന്നും പുടിന്റെ വ്യക്തിത്വത്തിൽ തെളിഞ്ഞുകാണാം. ക്ഷമ, എന്തുസംഭവിച്ചാലും കുലുങ്ങാത്ത കൂൾ പ്രകൃതം, വാക്കുകൾ ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന രീതി. എന്നാൽ പുടിനെന്ന സൂപ്പർകൂൾ ഭരണാധികാരിയുടെ മനസ്സ് എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കുകയാണെന്ന് ആരാധകരും വിമർശകരും ഒരുപോലെ പറയുന്നു... എതിരാളികളെ തറപറ്റിക്കാനും പുതിയ വിജയങ്ങൾ നേടാനുമുള്ള തന്ത്രങ്ങൾ.

putin-judo
ജൂഡോ മൽസരത്തിൽ എതിരാളിയെ മലർത്തിയടിക്കുന്ന പുടിൻ

∙ മോസ്കോയുടെ ഇടനാഴികൾ

1991ൽ കെജിബിയിൽ നിന്നു കേണൽ റാങ്കിൽ വിരമിച്ച പുടിൻ പിന്നീട് അധികാരത്തിന്റെ ഇടനാഴികൾ തേടി. അനാറ്റോളി സോബ്ചാക് എന്ന റഷ്യൻ രാഷ്ട്രീയക്കാരന്റെ വലംകൈയായാണ് പുടിന്റെ രാഷ്ട്രീയ തുടക്കം. അനറ്റോളി വൈകാതെ ലെനിൻഗ്രാഡ് നഗരത്തിന്റെ മേയറായി. ഇഷ്ടക്കാരനായ പുടിനെ അദ്ദേഹം 1994ൽ നഗരത്തിന്റെ ഡപ്യൂട്ടി മേയറായി നിയമിച്ചു.

1996ൽ ക്രെംലിൻ ലക്ഷ്യം വച്ചുള്ള തന്റെ യാത്രയ്ക്ക് പുടിൻ തുടക്കമിട്ടു. അന്നു റഷ്യ ഭരിച്ചിരുന്നത് ബോറിസ് യെൽസിനായിരുന്നു. യെൽസിന്റെ പ്രസിഡൻഷ്യൽ സംഘത്തിൽ മാനേജ്‌മെന്റ് വിഭാഗത്തിൽ ഉപമേധാവിയായി മോസ്‌കോയിൽ പുടിൻ തന്റെ താവളം ഉറപ്പിച്ചു. തുടർന്ന് കുറച്ചുകാലം കെജിബിയുടെ പുതിയ രൂപമായ എഫ്എസ്ബിയുടെ സാരഥ്യം വഹിക്കാനുള്ള നിയോഗവും പുടിനെ തേടിയെത്തി. യെൽസിന്റെ ഗുഡ്ബുക്കുണ്ടെങ്കിൽ അതിന്റെ ഒന്നാം പേജിൽ തന്നെ സ്ഥാനം പിടിക്കാൻ അക്കാലത്ത് പുടിനു കഴിഞ്ഞു.

1999 ആയപ്പോഴേക്കും ബോറിസ് യെൽസിൻ ജനങ്ങൾക്ക് അപ്രിയനായി മാറിയിരുന്നു. സാമ്പത്തിക ഞെരുക്കവും ബോറിസിന്റെ ഉത്തരവാദിത്വങ്ങൾ മറന്നുള്ള മദ്യപാനവും ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിനു കാരണമായി. തുടർന്ന് 1999ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തന്റെ പിൻഗാമിയായി അദ്ദേഹം നിർദേശിച്ചത് പുടിനെയാണ്. ഒരു വലിയ നിയോഗം, വലിയ ചുമതല. റഷ്യയുടെ ആക്ടിങ് പ്രസിഡന്റായി പുടിൻ നിയമിതനായി. രാജ്യാന്തരവേദിയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അന്നാണ്.

രണ്ടായിരാമാണ്ടിൽ പുടിൻ പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. നേതാക്കളുടെ വ്യക്തിപ്രഭാവത്തിനു വലിയ അംഗീകാരം കൊടുക്കുന്ന നാടായ റഷ്യയിൽ ശാന്തരൂപനായ പുടിൻ വിജയിക്കാനിടയില്ലെന്ന ധാരണ പാശ്ചാത്യ സമൂഹത്തിലുണ്ടായിരുന്നെങ്കിലും തെറ്റി. 2000 മാർച്ച് 26നു അദ്ദേഹം റഷ്യയുടെ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 2004ലെ തിരഞ്ഞെടുപ്പും ജയിച്ചതോടെ അദ്ദേഹത്തിന്റെ ഭരണകാലം 2008 വരെ നീണ്ടു.

ഈ കാലഘട്ടത്തിൽ പുടിൻ കൊണ്ടുവന്ന ഉദാരീകരണ നയങ്ങൾ റഷ്യയുടെ സമ്പദ് വ്യവസ്ഥയെയും ജിഡിപിയെയും ഊർജിതപ്പെടുത്തി. ഇതോടെ അനിഷേധ്യനായ നേതാവായി അദ്ദേഹം വളർന്നു. റഷ്യൻ ഭരണഘടന അനുസരിച്ച് ഒരു പ്രസിഡന്റിന് രണ്ടു ടേമുകളിൽ കൂടുതൽ ഭരണം കൈയാളാൻ അനുവാദമില്ലായിരുന്നു. ഇതുമൂലം 2012ൽ പദവിയൊഴിഞ്ഞ പുടിൻ തന്റെ വിശ്വസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റാക്കി. അണിയറനീക്കങ്ങൾ അപ്പോഴും പുടിന്റെ കൈയിലായിരുന്നു. 2016ൽ തിരിച്ച് അധികാരത്തിലെത്തിയ പുടിൻ 2036 വരെ ഭരിക്കാവുന്ന രീതിയിൽ ഭരണഘടന ഭേദഗതി ചെയ്തു.

RUSSIA-POLITICS-OPPOSITION-PUTIN-NAVALNY
പുടിന്റെ കൊട്ടാരം

∙ അലയടിച്ചുയർന്ന പുടിനിസം

ഇതിനിടെ വ്ളാഡിമർ പുടിൻ എന്ന മുൻകാല ചാരപ്രമുഖന്റെ പരിവേഷം കുതിച്ചുയരുകയായിരുന്നു. രണ്ടാം ചെച്‌നിയൻ യുദ്ധത്തിൽ നേടിയ മേൽക്കൈയും ജോർജിയയിലും ക്രിമിയൻ പ്രതിസന്ധിയിലും നേടിയ റഷ്യൻ വിജയങ്ങളും പുടിനെ റഷ്യക്കാർക്കിടയിൽ വീരനായകനാക്കി.

ലോകപ്രശസ്ത മാധ്യമങ്ങളായ ടൈമും ഫോർബ്‌സും പുടിനെ ലോകത്തെ ഏറ്റവും ശക്തനായ നേതാവെന്നു വിളിച്ചു. റഷ്യയിൽ നിർണായക സ്വാധീനം പുലർത്തിയിരുന്ന സമ്പന്ന വിഭാഗങ്ങളെയും എണ്ണക്കമ്പനി മുതലാളിമാരെയുമൊക്കെ ചൊൽപ്പടിയിൽ നിർത്താൻ പുടിനു കഴിഞ്ഞു.

ജനാധിപത്യ രീതിയിൽ നിന്ന് ഏകാധിപത്യത്തിലേക്കു ചാഞ്ഞ പുടിൻ ഭരണം എതിർസ്വരങ്ങളെ അമർച്ച ചെയ്യുന്നതിൽ യാതൊരു ദാക്ഷിണ്യവും വിചാരിച്ചില്ല. കുതിരപ്പുറത്തു മേൽവസ്ത്രമില്ലാതെ തന്‌റെ കരുത്തുറ്റ ശരീരം പ്രദർശിപ്പിച്ചു യാത്ര ചെയ്യുന്ന പുടിൻ, ജൂഡോ മൽസരത്തിൽ എതിരാളിയെ മലർത്തിയടിക്കുന്ന പുടിൻ, പാരാഗ്ലൈഡിങ് നടത്തുന്ന പുടിൻ, കടുവകളുമായി ചങ്ങാത്തം കൂടുന്ന പുടിൻ, മരംകോച്ചുന്ന മഞ്ഞുള്ള തടാകങ്ങളിൽ കൂളായി കുളിക്കുന്ന പുടിൻ... പലവേഷങ്ങളിൽ പലഭാവങ്ങളിൽ വീരനായകനായി പുടിൻ വിലസി.

വ്ളാഡിമർ പുടിനു ശക്തരായ അനുയായികളുണ്ട്. അവർ പുലർത്തുന്ന പരിധികളില്ലാത്ത വ്യക്തി ആരാധനയെ പുടിനിസം എന്ന വാക്കിട്ട് പാശ്ചാത്യ മാധ്യമങ്ങൾ വിളിച്ചു. പുടിനിസം തുടരുകയാണ്. പറയത്തക്ക എതിരാളികൾ ഇന്നു റഷ്യയിൽ പുടിനില്ല, പലപ്പോഴും അദ്ദേഹത്തിനെതിരെ പ്രതിഷേധമുയർത്തുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നാവൽനിയെ പോലുള്ളവർ ഒഴിച്ചാൽ.

putin-trump
പുടിനും ട്രംപും

എന്നാൽ 2015 മുതൽ റഷ്യ അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധി പുടിനു മേൽ ശക്തമായ ഭീഷണി ഉയർത്തുന്നുണ്ട്. എത്രകാലം പുടിനിസം തുടരുമെന്ന് പാശ്ചാത്യ നിരീക്ഷകർ വിശ്രമമില്ലാതെ ഗവേഷണം ചെയ്തുകൊണ്ടേയിരിക്കുന്നു.

English Summary: Russian Emperor from KGB spy... 21 year old ‘Putinism’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA